പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി വിപ്ലവസ്മരണയില്‍ പുന്നപ്ര-വയലാര്‍
ആലപ്പുഴ: സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി ആലപ്പുഴ ജില്ലയിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിലെത്തി പുഷ്പാര്‍ച്ചന നടത്തുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ഇന്നലെ രാവിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിപ്ലവസ്മരണ ഇരമ്പുന്ന ചരിത്ര സ്മാരകമായ വയലാറിലെയും ആലപ്പുഴയിലെയും സ്മൃതിമണ്ഡപങ്ങളില്‍ ഒരുമിച്ചെത്തി. വി.അബ്ദുറഹിമാനും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഒഴികെ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും എല്ലാ നിയുക്ത മന്ത്രിമാരും സ്പീക്കര്‍ എം.ബി രാജേഷും രാവിലെ ഒന്‍പതിന് മുന്‍പായി വയലാറില്‍ എത്തി.
മുഖ്യമന്ത്രി ആദ്യം പുഷ്പചക്രം സമര്‍പ്പിച്ചു രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് എം.വി ഗോവിന്ദനും നിയുക്ത സ്പീക്കറും സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനും ഉള്‍പ്പെടെ ഓരോരുത്തരും പുഷ്പചക്രം സമര്‍പ്പിച്ചു. പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴ വലിയ ചുടുകാട്ടിലെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പചക്രം സമര്‍പ്പിച്ച് അഭിവാദ്യം ചെയ്തു. രാവിലെ പത്ത് മണിയോടെ എല്ലാവരും തലസ്ഥാനത്തേക്ക് തിരിച്ചു.
ഇരു സ്ഥലത്തും കൊവിഡ് മാനദണ്ഡപ്രകാരം മണ്ഡപത്തിനുള്ളിലേക്ക് പ്രവേശനം മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും മാത്രമായി നിയന്ത്രിച്ചിരുന്നെങ്കിലും മണ്ഡപത്തിന് പുറത്ത് നിരവധി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിച്ചാണ് നേതാക്കളെ സ്വീകരിച്ചത്. പലരും മന്ത്രിമാര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞതവണ സത്യപ്രതിജ്ഞയുടെ തലേ ദിവസമായിരുന്നു പുഷ്പാര്‍ച്ചന ചടങ്ങ്. ആയിരങ്ങളെ അണിനിരത്തിയുള്ള ചടങ്ങായിട്ടായിരുന്നു അന്ന് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."