ആഭ്യന്തര വിപണിയിലെ വിലക്കയറ്റം: ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തല്‍ക്കാലത്തേക്കുള്ള കയറ്റുമതി നിരോധനം.
വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് 13 മുതല്‍ എല്ലാതരം ഗോതമ്പുകളുടേയും കയറ്റുമതി നിരോധിച്ചതായാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം.
രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍പ്പക്കത്തെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ഡി.ജി.എഫ്.ടി വിജ്ഞാപനത്തില്‍ പറയുന്നു.
എന്നാല്‍, വിജ്ഞാപനം പുറത്തുവരുന്നതിന് മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് പുറപ്പെടുവിച്ച ഇടപാടുകള്‍, മറ്റ് രാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമുള്ളത് എന്നിവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകര്‍. ഒന്നാമത് ചൈനയും. മാര്‍ച്ചില്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തില്‍ വലിയ കുറവുണ്ടായിരുന്നു. മാത്രമല്ല, ഏപ്രില്‍മാസത്തില്‍ 7.79 ശതമാനമായി ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താനുള്ള സമ്മര്‍ദവും സര്‍ക്കാര്‍ നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."