പുണ്യറസൂലിൻ്റെ പ്രിയപ്പെട്ട സിദ്ദീഖ്
സി. മുഹമ്മദ് ഹുദവി ഓമശ്ശേരി
നിഴലില്ലാത്ത പുണ്യപ്രവാചകന് നിഴലായ് നിന്ന സാന്നിധ്യം. ഇസ്‌ലാമിനു മുന്‍പേ ഇസ്‌ലാമിക സംസ്‌കാരം ജീവിതമുദ്രയാക്കി കൊണ്ടുനടന്ന അത്ഭുതവ്യക്തിത്വം. പുരുഷന്മാരില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച മഹാന്‍. ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചതും ക്രോഡീകരിച്ച ഖുര്‍ആനിന് മുസ്വ്ഹഫ് എന്ന നാമകരണം നല്‍കിയതുമായ പണ്ഡിതന്‍. പുണ്യപ്രവാചകരുടെ ഭാര്യാപിതാവാകന്‍ സൗഭാഗ്യം ലഭിച്ച ഭാഗ്യവാന്‍. ആദ്യമായി ഖിലാഫത്ത് ഏറ്റെടുത്ത ഭരണാധികാരി. മുസ്‌ലിം ലോകത്ത് ആദ്യമായി ബൈതുല്‍ മാല്‍ എന്ന സമ്പ്രദായം കൊണ്ടുവന്ന പരിഷ്‌കാരി. സിദ്ദീഖുല്‍ അക്ബര്‍(റ)നെ കുറിച്ചുള്ള വിശേഷണങ്ങള്‍ക്ക് ഒരിക്കലും അതിരു കാണാതെ ഇങ്ങനെ നീണ്ടു പോകും.
മക്കയില്‍ പ്രവാചകതിരുമേനിയുടെ ഉദയം സംഭവിച്ച് രണ്ടു വര്‍ഷവും ഏതാനും മാസവും കഴിഞ്ഞപ്പോഴാണ് സിദ്ദീഖുല്‍ അക്ബര്‍(റ)ന്റെ പിറവി നടക്കുന്നത്. അതും ഖുറൈശീ കുടുംബത്തില്‍. പിതാവ് ഖുറൈശീ പ്രമുഖനായ അബൂ ഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മ ബിന്‍ത് സഖര്‍. നബി(സ്വ)യുടെ പിതൃപരമ്പരയിലെ മുര്‍റതുബ്‌നു കഅ്ബില്‍ സിദ്ദീഖ്(റ)വിന്റെ പിതൃപരമ്പര സന്ധിക്കുന്നു.
അബ്ദുല്ലാഹിബ്‌നു അബീ ഖുഹാഫ എന്നാണ് യഥാര്‍ഥ നാമം. കച്ചവടമായിരുന്നു ആദ്യകാല തൊഴില്‍. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലായിരുന്നു. അതോടൊപ്പം സാധുജനസഹായത്തിലും മറ്റു സാമൂഹികപ്രവര്‍ത്തനത്തിലും വലിയ തല്‍പരനായിരുന്നു. തിന്മയുടെ വിളയാട്ടം സാര്‍വത്രികമായ ഒരു സാമൂഹികപശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനവും ജീവിതവുമെങ്കിലും ആ തിന്മകളൊന്നും അദ്ദേഹത്തെ തൊട്ടുതീണ്ടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യം നുണയുകയോ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുകയോ ചെയ്ത ചരിത്രം ആ ജീവിതത്തില്‍ കാണാന്‍ കഴിയാത്തതാണ്.
പ്രവാചകതിരുമേനി (സ്വ) ഇസ്‌ലാമിക സന്ദേശവുമായി രംഗത്തെത്തിയപ്പോള്‍ യാതൊരു ശങ്കയും കൂടാതെ പോയി വിശ്വസിച്ചു. പിന്നീട് ജീവിതം മുഴുവന്‍ അവിടത്തോടൊപ്പംതന്നെ. അവിടത്തെ ഏതു നിര്‍ണായക ഘട്ടത്തിലും സിദ്ദീഖ്(റ) കൂടെകൂടി. പ്രവാചകജീവിതത്തില്‍ സംഭവിച്ച അത്യത്ഭുതസംഭവങ്ങളിലൊന്നാണല്ലോ ഇസ്‌റാഉം മിഅ്‌റാജും. മക്കക്കാര്‍ക്കു മുന്‍പാകെ അവിടന്ന് ഈ അനുഭവം വിവരിച്ചപ്പോള്‍ ബഹുഭൂരിപക്ഷമാളുകളും കളവാക്കുകയും തള്ളിക്കളയുകയുമാണുണ്ടായത്. എന്നാല്‍, അതിന്റെ യുക്തിയും സംഭാവ്യതയും പരിശോധിക്കാതെ വിശ്വസിക്കാന്‍ സിദ്ദീഖുല്‍ അക്ബര്‍(റ) മുന്നോട്ടു വന്നു. കാരണം, തിരുമേനി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊരിക്കലും കളവാകില്ലെന്ന ഉറപ്പായിരുന്നു ഈ വിശ്വാസത്തിന്റെ പ്രചോദകം.
മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ട സന്ദര്‍ഭം വന്നപ്പോള്‍ തന്റെ സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് തിരുനബിയോടൊപ്പം മദീനയിലേക്ക് കെട്ടുകെട്ടാനും സിദ്ദീഖുല്‍ അക്ബര്‍(റ) സന്നദ്ധനായി. വഴിയിലുടനീളം അദ്ദേഹം തിരുനബിക്ക് ഒരു കാവല്‍ക്കാരനും അംഗരക്ഷകനുമായി നിലകൊണ്ടു. അവിടത്തേക്ക് ഭീഷണിയായേക്കാവുന്ന ഒന്നിനെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. തന്റെ ജീവന്‍ നഷ്ടപ്പെട്ടാലും അവിടത്തേക്ക് ഒന്നും സംഭവിക്കരുതെന്ന നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്.
തിരുനബി(സ്വ) വിടപറഞ്ഞ ശോകസാന്ദ്രമായ സന്ദര്‍ഭത്തില്‍ ഉമര്‍(റ)വിനടക്കം പലര്‍ക്കും താങ്ങാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അചഞ്ചലനായി നില്‍ക്കുവാനും അവരെ ശാന്തരാക്കുവാനും രംഗത്തുണ്ടായിരുന്നത് സിദ്ദീഖ് തങ്ങളാണ്. മയം വേണ്ടിടത്ത് മയം കാണിച്ചു. ഗൗരവം വേണ്ടിടത്ത് ഗൗരവം കാണിച്ചു. സകാത്ത് നിഷേധികളായ ഒരു പറ്റം ആളുകള്‍ രംഗത്തെത്തിയപ്പോള്‍ അവര്‍ക്കെതിരേ സന്ധിയില്ലാ സമരത്തിന് സിദ്ദീഖ് (റ) ആണ് ആഹ്വാനം ചെയ്തത്.
വ്യാജപ്രവാചകന്മാര്‍ക്കെതിരേയും വാളെടുക്കാന്‍ അദ്ദേഹം പ്രഖ്യാപനം നടത്തി.
വിശുദ്ധ ഇസ്‌ലാമിന് ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത് സിദ്ദീഖ് (റ)ന്റെ സമ്പത്തായിരുന്നു.
നബി(സ്വ) പറഞ്ഞു: അബൂബക്കര്‍(റ)ന്റെ സ്വത്ത് ഉപകാരപ്പെട്ടത്ര എനിക്ക് മറ്റൊരാളുടെയും സമ്പത്ത് ഉകാരപ്പെട്ടിട്ടില്ല.” സിദ്ദീഖ്(റ)നെ ബഹുമാനിക്കാനും ആദരിക്കാനും വരെ നബി(സ്വ)തന്റെ ശിഷ്യന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ അബുദ്ദര്‍ദാഅ്(റ) സിദ്ദീഖ് തങ്ങളുടെ മുന്നില്‍ നടക്കുന്നതു കാണാനിട വന്നപ്പോള്‍ നബി(സ്വ) ചോദിച്ചു: ഈലോകത്തും പരലോകത്തും നിന്നെക്കാളുത്തമനായ ഒരാളുടെ മുന്നിലൂടെ നടക്കുകയാണോ അബുദ്ദര്‍ദാഅ്?” തുടര്‍ന്ന് അവടന്ന് പറഞ്ഞു: ”അമ്പിയാമുര്‍സലുകള്‍ക്കു ശേഷം അബൂബകര്‍(റ) തങ്ങളോളം ഉത്തമനായ ഒരാളുടെ മേല്‍ സൂര്യനുദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല.”
തന്റെ ശിഷ്യര്‍ക്കിടയില്‍ നബിതങ്ങള്‍ക്കേറ്റം പ്രിയങ്കരന്‍ സിദ്ദീഖുല്‍ അക്ബറായിരുന്നു. പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ പിന്നെ അടുത്ത സ്ഥാനം സിദ്ദീഖീങ്ങള്‍(സത്യവാന്മാര്‍)ക്കാണ്.
അവരുടെ നേതാവാണ് അബൂബകര്‍ സിദ്ദീഖ്(റ). അദ്ദേഹത്തോടു പ്രിയംവയ്ക്കുന്നത് സ്വര്‍ഗപ്രവേശത്തിനു നിമിത്തമാകുമെന്നാണ് മതാധ്യാപനം. അല്ലാഹു അത്തരക്കാരില്‍ നമ്മെ ഉള്‍പെടുത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു. ഹിജ്‌റ 13 ല്‍ ജുമാദല്‍ ഉഖ്‌റ 23 ന് തന്റെ 63ാം വയസില്‍ സിദ്ദീഖ്(റ) ഈ ലോകത്തോട് വിട ചൊല്ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."