ഉള്ളലിവുള്ളവരുടെ ഉള്‍ക്കടല്‍ തീരം
മൊയ്തു അഴിയൂര്‍
ഉള്‍ക്കടല്‍ തീരത്തണഞ്ഞ പ്രവാസികളുടെ നന്മയുടെയും കരുണയുടെയും ഉദാരതയുടെയും നറുമണമുയരുന്ന ഒരായിരം മധുരസ്മൃതികളുണ്ടാകും നമുക്ക് നന്ദിയോടെ ഓര്‍ത്തെടുക്കാന്‍. ധനം തന്നെയേല്‍പ്പിച്ച ദൈവത്തിന്റെ 'അനാമത്താ'ണെന്നും അത് അന്യര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നുമുള്ള വിശുദ്ധ ഖുര്‍ആന്റെ പൊരുള്‍ ഉള്‍ക്കൊണ്ടവരായിരുന്നു ഗള്‍ഫ് പ്രവാസികളിലേറെപേരും.
കരുണ, ദയ, സഹജീവിസ്‌നേഹം, അലിവ്, കയ്യയച്ചുള്ള സഹായം തുടങ്ങിയ സദ്പദങ്ങളെല്ലാം കേരളത്തിന്റെ സാമൂഹിക ജീവിത പരിസരങ്ങളില്‍ ചിറക് വെച്ച് പറന്നുയര്‍ന്ന് തുടങ്ങിയത് അപ്പോഴാണ്.
ഇല്ലാത്തവന്റെ ഉള്ളിലെ വല്ലാത്തൊരു ആത്മധൈര്യമാണ് ഗള്‍ഫ് പ്രവാസി. അവര്‍ അനേകര്‍ക്ക് ആശ്രയവും ആലംബവും പ്രതീക്ഷയുമായിരുന്നു. നിര്‍ധനരുടെ വിവാഹ കാര്യമാകട്ടെ, ലക്ഷങ്ങളാവശ്യമുള്ള ചികിത്സയാവട്ടെ, സാമ്പത്തികസഹായത്തിനുള്ള അത്യുദാരമായ മടിശ്ശീലയുമായി അനേകം സന്നദ്ധ സേവന സംഘടനകളുണ്ട് ഗള്‍ഫിന്റെ എല്ലാ പ്രവിശ്യകളിലും.
രാഷ്ടീയ പാര്‍ട്ടികള്‍ക്കെല്ലാം ഇവിടെ പോഷക ഘടകങ്ങളുണ്ട്. സി.പി.എമ്മിന് പ്രതിഭ, കോണ്‍ഗ്രസിന് പ്രിയദര്‍ശിനി, ബി.ജെ.പിക്ക് തപസ്യ. മുസ്്‌ലിം ലീഗിന്റെ കെ.എം.സി.സിക്കാണ് കൂടുതല്‍ വേരോട്ടമുള്ളത്. സാമൂഹിക സേവന മികവിലും അവര്‍ തന്നെ മുമ്പില്‍. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്്‌ലാമി തുടങ്ങിയ സംഘടനകള്‍ക്കുമുണ്ട് പോഷക ഘടകങ്ങള്‍. അശരണര്‍ക്കും ആലംബമില്ലാത്തവര്‍ക്കും പ്രതീക്ഷകളേയുള്ളൂ. വേവലാതികളില്ല. എങ്ങും പ്രത്യാശയുടെ കിരണങ്ങള്‍ മാത്രം. ഗള്‍ഫ് കണ്ടെത്തുന്നതിന് മുമ്പുള്ള നമ്മുടെ നാടിന്റെ സാമൂഹിക അവസ്ഥയെക്കുറിച്ച് അറിയുന്നവര്‍ക്കേ അത് നാട്ടിലുണ്ടാക്കിയ പുരോഗതിയുടെ മഹത്വമറിയാനാവൂ.
ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും പിന്നൊര് തട്ടാനുമെന്നതായിരുന്നു ആദ്യനൂറ്റാണ്ടിലെ പ്രവാസികളുടെ അവസ്ഥ. പരിമിതമായ വരുമാനവും അതിന്റെ ഒരു പ്രതികൂല കാരണമായിരിക്കാം. ഇന്ന് പ്രവാസികളില്‍ നിന്ന് കോടികളാണ് ഓരോ മാസവും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തിഗതമായും സംഘടനാതലത്തിലും നാട്ടിലേക്ക് ഒഴുകിയെത്തുന്നത്.
ഗള്‍ഫില്‍ വച്ച് മരിക്കുന്നവരുടെ നിര്‍ധന കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനമായി എത്തിച്ചുകൊടുക്കുന്ന ഒരു സാമ്പത്തിക സഹായ പദ്ധതിയുണ്ട് കെ.എം.സി.സിക്ക്. എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പാറക്കല്‍ അബ്ദുല്ലയുമായുള്ള അഭിമുഖം ഒരു മലയാളം ചാനലില്‍ വന്നതോര്‍ക്കുന്നു.
ഖത്തറില്‍ നിന്ന് മരിച്ച ഒരാളുടെ വിധവയ്ക്കുള്ള സഹായധനവുമായി പോയതായിരുന്നു അബ്ദുല്ല. സ്ഥലം താമരശ്ശേരിയോ കൊടുവള്ളിയോ ആവാം. ഓല മേഞ്ഞൊരു കുടില്‍. വരുന്ന വിവരമൊന്നും അവരെ അറിയിച്ചിരുന്നില്ല. ഡി.ഡി കൊടുത്തു. അഞ്ച് ലക്ഷം രൂപ എന്ന് കേട്ടപ്പോള്‍ ആസ്ത്രീ സംഖ്യയുടെ വലുപ്പം ഉള്‍ക്കൊള്ളാനാവാതെ ബോധരഹിതയായി.
പുതിയ കാലത്തിന്റെ രീതികള്‍ക്കൊത്ത് നവീകരിക്കപ്പെട്ട എല്ലാ മതവിഭാഗക്കാരുടെയും പ്രാര്‍ഥനാലയങ്ങളിലും മറ്റു പൊതുസ്ഥാപനങ്ങളിലും ഗള്‍ഫ് പ്രവാസി മറുനാട്ടിലുറ്റിച്ച വിയര്‍പ്പിന്റെ ഉപ്പും കൈയൊപ്പുമുണ്ട്. രാഷ്ടീയ പാര്‍ട്ടികള്‍ക്കും മതസംഘടനകള്‍ക്കുമെല്ലാം ചാകരയാണെന്നും ഈ ഉള്‍ക്കടല്‍ തീരദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."