ന്യൂനപക്ഷ വകുപ്പും ചില ദുര്‍വാദങ്ങളും
കേരളത്തില്‍ സര്‍ക്കാര്‍ തൊഴില്‍മേഖലയിലും വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയമേഖലയിലും ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മതസമൂഹം ക്രൈസ്തവരാണെന്ന് കാണാനാകും. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 18 ശതമാനമാണ് ക്രൈസ്തവര്‍. മുസ്‌ലിംകള്‍ 26 ശതമാനം വരും. കേരളത്തിലെ മൊത്തം എയ്ഡഡ് കോളജുകളില്‍ 60 ശതമാനത്തോളം എയ്ഡഡ് കോളജുകളും 18 ശതമാനം മാത്രം ജനസംഖ്യയുള്ള വിവിധ ക്രൈസ്തവ സഭകള്‍ക്ക് കീഴിലാണ്. എയ്ഡഡ് സ്‌കൂളുകള്‍ എടുത്താലും സമാനമാണ് കാര്യങ്ങള്‍. 82 ശതമാനത്തോളം വരുന്ന ക്രൈസ്തവേതര മത സമുദായ വിഭാഗങ്ങള്‍ക്ക് 40 ശതമാനം സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളേ നടത്തുന്നുള്ളൂ എന്നര്‍ഥം. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതി ഇതിലും എത്രയോ അധികമാണ്. പൊതുഖജനാവിന് നഷ്ടമില്ലാത്തത് കൊണ്ടുതന്നെ അതിവിടെ ചര്‍ച്ചയാക്കേണ്ടതില്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് മുഴുവന്‍ ജനങ്ങളുടെയും നികുതിപ്പണത്തില്‍ നിന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ എയ്ഡഡ് കോളജുകളിലും സ്‌കൂളുകളിലും ക്രൈസ്തവരല്ലാത്ത എത്ര അധ്യാപക, അനധ്യാപക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് എന്ന് നോക്കിയാല്‍ വിവിധ സഭകളുടെ വിശാലമായ അതിസങ്കുചിതത്വം ആര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടും. ഇത് പൊക്കിപ്പിടിച്ച് നാട്ടില്‍ ഒരു വര്‍ഗീയ ധ്രുവീകരണത്തിന് സഹോദര സമുദായങ്ങളൊന്നും ഇതുവരെയും മുതിര്‍ന്നിട്ടില്ല. ഇപ്പോഴിത് ഓര്‍മപ്പെടുത്തിയത് മുസ്‌ലിം ന്യൂനപക്ഷം അനര്‍ഹമായത് നേടുന്നുവെന്ന് ചില ക്രിസ്ത്യന്‍ സംഘടനകള്‍ പരാതിപ്പെട്ടതിന്റെ വെളിച്ചത്തിലാണ്.
കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം മുഴുവനായും പിന്നോക്കക്കാരും സംവരണത്തിന് അര്‍ഹരുമാണ്. എന്നാല്‍, ക്രൈസ്തവ സമുദായത്തിലെ 80 ശതമാനത്തിലധികവും മുന്നോക്ക വിഭാഗക്കാരായാണ് ഗണിക്കപ്പെടുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അതുകൊണ്ടുതന്നെ, ക്രൈസ്തവ സമുദായത്തിലെ കേവലം 20 ശതമാനത്തിനേ അര്‍ഹതപ്പെട്ടതായിട്ടുള്ളൂ. മുഴുവന്‍ മുസ്‌ലിംകളും അതിന് അര്‍ഹരാണ് താനും. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഹൈന്ദവ സമുദായത്തിലെ മുന്നോക്ക ജാതിക്കാര്‍ മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സമുദായത്തിലെ മുന്നോക്കക്കാരായ 80 ശതമാനത്തോളം ക്രൈസ്തവരായ അര്‍ഹരായവരും ഉള്‍പ്പെടും. എന്നാല്‍, കേരളത്തിലെ ഒരൊറ്റ മുസ്‌ലിമിനും മേല്‍ ആനുകൂല്യം ലഭിക്കുകയുമില്ല. ഒരേസമയം മുന്നോക്കക്കാര്‍ എന്ന നിലയിലെ ആനുകൂല്യവും പിന്നോക്കക്കാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യവും എങ്ങനെയാണ് ഒരു കൂട്ടര്‍ക്ക് തന്നെ അനുഭവിക്കാനാവുക.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ന്യൂനപക്ഷ വകുപ്പ് മുഖേനയല്ല നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയാണ് അവയെല്ലാം നടപ്പിലാക്കപ്പെടുന്നത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് നേരിട്ടാണ് ഇതിനുള്ള അപേക്ഷ ക്ഷണിക്കുന്നതും അര്‍ഹരെ തെരഞ്ഞെടുത്ത് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതും. അല്ലാതെ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ല. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ മുഖേന നല്‍കുന്ന വായ്പകളും സ്വയം തൊഴില്‍ പദ്ധതികളും അപേക്ഷകരുടെ യോഗ്യതക്കും അര്‍ഹതയ്ക്കും അനുസരിച്ചാണ് നല്‍കിവരുന്നത്. 80:20 എന്ന അനുപാതം മേല്‍ ധനസഹായങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ പാലിക്കുന്നേ ഇല്ല.
ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിയമിതമായ സച്ചാര്‍ കമ്മിറ്റി പ്രസ്തുത ഭരണത്തിന്റെ അവസാന കാലത്ത് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. രണ്ടാം യു.പി.എ സര്‍ക്കാര്‍ അതിന്മേലുള്ള തുടര്‍നടപടികള്‍ക്ക് തുടക്കമിട്ടു. അതനുസരിച്ചാണ് മുസ്‌ലിം സാന്ദ്രീകൃത മേഖല എന്ന നിലയില്‍ മലപ്പുറത്ത് അലീഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാംപസ് ആരംഭിച്ചത്. ഇതിനുള്ള സ്ഥലം അന്നത്തെ വി.എസ് സര്‍ക്കാരാണ് വാങ്ങി നല്‍കിയത്. ന്യൂനപക്ഷ വകുപ്പ് എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുന്നതിന് കേന്ദ്രം നിര്‍ദേശിക്കുന്നതും ഇതേ കാലയളവിലാണ്. അതേത്തുടര്‍ന്നാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യമായി അതേ ഭരണകാലയളവിന്റെ അവസാന സമയത്ത് നിലവില്‍ വന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി എട്ടംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. ആ സമിതി നല്‍കിയ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരനാവശ്യ വിവാദത്തിന് തുടക്കമിട്ടത് എന്തിനാണെന്ന് മനസിലാവുന്നില്ല. പാലോളി കമ്മിറ്റി മുസ്‌ലിംകള്‍ക്കു മാത്രമായാണ് പദ്ധതി നിര്‍ദേശിച്ചതെങ്കിലും ചെയര്‍മാന്‍ എന്ന നിലയില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നിര്‍ദേശ പ്രകാരം ഇതര ന്യൂനപക്ഷങ്ങളിലെ അര്‍ഹരായവര്‍ക്ക് 20 ശതമാനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ അനുപാതമാണ് ചില സംഘടനകള്‍ അനാവശ്യ വിവാദത്തിന് ഇപ്പോള്‍ കാരണമാക്കിയിരിക്കുന്നത്.
മുസ്‌ലിംകളെപ്പോലെ തന്നെ ക്രൈസ്തവരിലും പിന്നോക്കം നില്‍ക്കുന്നവരുണ്ടെന്നും അവര്‍ക്കും സമാന ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമുള്ള ഏതാനും ക്രൈസ്തവ സംഘടനകളുടെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് കോശി ചെയര്‍മാനായി ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാര്‍ 2021 ല്‍ നിയമിച്ചത്. പ്രസ്തുത കമ്മിഷന്‍ പാലോളി കമ്മിറ്റി ചെയ്തപോലെ ബന്ധപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പഠിച്ച് സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതില്‍ നിര്‍ദേശിക്കുന്ന ശുപാര്‍ശകളില്‍ അനുയോജ്യമായത് കേരള സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്യും. കോശി കമ്മിഷന്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും അതിന്റെ ഗുണഭോക്താക്കളില്‍ 80 ശതമാനം ക്രൈസ്തവരും 20 ശതമാനം മറ്റിതര ന്യൂനപക്ഷങ്ങളുമാകും. അതും പൊക്കിപ്പിടിച്ച് മറ്റാരെങ്കിലും തെറ്റിദ്ധാരണയും വര്‍ഗീയ ധ്രുവീകരണവും നടത്താന്‍ മുതിര്‍ന്നാല്‍ എന്താകും സ്ഥിതി? ഭൂരിപക്ഷ - ന്യൂനപക്ഷ ധ്രുവീകരണം പോലെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും ധ്രുവീകരണം ലക്ഷ്യമിടുന്ന വര്‍ഗീയ ശക്തികളാണ് ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."