ഗസ്സയില്‍ ഇനി പുനര്‍നിര്‍മാണം: ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങാനൊരുങ്ങുന്നു, ആയിരക്കണക്കിന് വീടുകള്‍ നിലംപരിശായി
ഗസ്സ സിറ്റി: ഇസ്‌റാഈല്‍ സൈന്യവും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതോടെ ക്യാംപുകളിലേക്ക് മാറിയ ഗസ്സ നിവാസികള്‍ തിരിച്ചെത്തി തുടങ്ങി. പല വീടുകളും റോക്കറ്റാക്രമണത്തില്‍ തകര്‍ന്നതിനാല്‍ നാശനഷ്ടങ്ങള്‍ കണക്കാക്കാനും നന്നാക്കിയെടുക്കാനുമുള്ള ശ്രമത്തിലാണ് ഇവര്‍. 11 ദിവസത്തെ തുടര്‍ച്ചയായ ആക്രമണം വന്‍ നാശനഷ്ടങ്ങളാണ് ഗസ്സയ്ക്ക് വരുത്തിവച്ചിരിക്കുന്നത്.
വ്യവസായ, വൈദ്യുതി, കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മാണത്തിനായി 100 മില്യണ്‍ ഡോളര്‍ ആവശ്യമുണ്ടെന്ന് ഫലസ്തീനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ 14 വര്‍ഷങ്ങളായി ഗസ്സയ്ക്കു മേല്‍ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പുറമെയാണ് പുതിയ നാശനഷ്ടങ്ങള്‍. ആക്രമണത്തിനു മുന്‍പ് 12 മണിക്കൂര്‍ വരെ ഉണ്ടായിരുന്ന വൈദ്യുതി ഇപ്പോള്‍ നാലു മണിക്കൂറിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.
ഇന്ധന വിതരണത്തിലും പ്രതിസന്ധിയുണ്ട്. പരുക്കേറ്റവരുടെ ബാഹുല്യവും കൊറോണ വ്യാപനവും മാത്രമല്ല, ഇന്ധന പ്രതിസന്ധിയും ഗസ്സയിലെ 13 ആശുപത്രികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അതേസമയം, ഇസ്‌റാഈല്‍ കഴിഞ്ഞദിവസം അടച്ചിട്ട കരീം അബൂ സലീം അതിര്‍ത്തി വീണ്ടും തുറന്നിട്ടുണ്ട്. ഇതിലൂടെ ഗസ്സയിലേക്ക് വൈദ്യ, ഭക്ഷ്യ, ഇന്ധനങ്ങള്‍ വീണ്ടും എത്തിച്ചുതുടങ്ങി. ഗസ്സയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി യു.എന്‍ സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട് 18.5 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്.
ഇസ്‌റാഈല്‍ റോക്കറ്റാക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ക്കാണ് യു.എന്‍ ഏര്‍പ്പെടുത്തിയ ക്യാംപുകളിലേക്ക് മാറേണ്ടിവന്നത്. 1000 ഒറ്റ വീടുകള്‍ പൂര്‍ണമായും 700 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 14,000 ഹൗസിങ് യൂനിറ്റുകളും തകര്‍ന്നിട്ടുണ്ട്. 80,000 പേര്‍ ഇതിനകം കുടിയിറക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."