വിലയറിയുന്നവരേ വിലകൽപ്പിക്കൂ
മുഹമ്മദ്
പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ സ്റ്റീഫന്‍ കിങ് തന്റെ ആദ്യനോവല്‍ എഴുതിപ്പൂര്‍ത്തിയാക്കിയ സന്ദര്‍ഭം. പ്രസിദ്ധീകരണത്തിനായി അദ്ദേഹം പല പ്രസാധാലയങ്ങളെയും സമീപിച്ചു. നിരാശ മാത്രമായിരുന്നു ഫലം. പ്രസിദ്ധീകരിക്കാന്‍ ആരും സന്നദ്ധത കാണിച്ചില്ല. മനംമടുത്തിട്ടാവണം അവസാനം ആ നോവല്‍ അദ്ദേഹം ചവറ്റുകുട്ടയില്‍ തള്ളി. തള്ളിയത് ഭാര്യ കണ്ടിട്ടുണ്ടായിരുന്നു. അവള്‍ അതെടുത്ത് പുതിയൊരു പ്രസാധാലയത്തിന് അയച്ചുകൊടുത്തു. നോവല്‍ വായിച്ചപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് വല്ലാത്ത മതിപ്പ്. അവരതു സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. പിന്നെയും പിന്നെയും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ അതിന്റെ കോപ്പികള്‍ മുന്നൂറ്റി അമ്പത് മില്യണ്‍ കടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തകര്‍ന്നുപോയൊരാളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാനൊരു മാര്‍ഗമുണ്ട്: അയാളെ അറിയുന്നൊരാള്‍ക്ക് അയാളെ ഏല്‍പ്പിച്ചുകൊടുക്കുക. ആരും പാഴ്ജന്മമല്ല. ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ അനന്തസാധ്യതകള്‍ സംവഹിക്കുന്ന അത്ഭുതപ്രതിഭാസമാണ് ഓരോ മനുഷ്യനും.
ഖുറാസാന്‍ സ്വദേശിയായ സഹോദരന്റെ കഥകൂടി പറയാം. കല്ലുകളെക്കുറിച്ച് അഗാധപരിജ്ഞാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അയാള്‍ ഈജിപ്തിലൂടെ സഞ്ചരിക്കുകയാണ്. ഈച്ചകളെ ആട്ടിവിടുന്ന അപൂര്‍വയിനം കല്ലിനെ കുറിച്ചുള്ള അന്വേഷണത്തില്‍. അന്വേഷിച്ചന്വേഷിച്ച് കല്ലുകള്‍ വില്‍ക്കുന്ന വ്യാപാരിയുടെ അടുക്കല്‍ അതു കണ്ടെത്തി. വ്യാപാരിയോട് അദ്ദേഹം ചോദിച്ചു: 'കല്ലിനെത്ര വില വരും..'
'അഞ്ചു ദിര്‍ഹം' വ്യാപാരി പ്രതികരിച്ചു.
വിലകേട്ട ഖുറാസാനി പിന്നെ വേറൊന്നും ആലോചിച്ചില്ല. അഞ്ചു ദിര്‍ഹം കൊടുത്ത് വേഗം കല്ലുവാങ്ങി. അപ്പോള്‍ പുച്ഛഭാവത്തോടെ വ്യാപാരി പറഞ്ഞു: 'ഈ കല്ല് ഞാന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു കുട്ടിയുടെ കൈയില്‍നിന്നു വാങ്ങിയതാണ്. അല്‍പം ഈത്തപ്പഴമാണ് പകരമായി നല്‍കിയത്. താങ്കള്‍ താങ്കളുടെ പോഴത്തംകൊണ്ട് ഇത് അഞ്ചു ദിര്‍ഹമിന് എന്റെ കൈയില്‍നിന്ന് വാങ്ങിയിരിക്കുകയാണ്'.
ഖുറാസാനിയും വിട്ടുകൊടുത്തില്ല. അദ്ദേഹം പറഞ്ഞു: 'വരൂ ആരാണ് പോഴന്‍ എന്നു കാണിച്ചുതരാം'.
വ്യാപാരിയെയും കൂട്ടി അദ്ദേഹം ഈത്തപ്പഴക്കടയില്‍ ചെന്നു. ഈത്തപ്പഴങ്ങളില്‍ ഈച്ചകള്‍ നിറഞ്ഞിരിക്കുന്നു. അദ്ദേഹം കല്ലെടുത്ത് അതില്‍ വച്ചപ്പോഴേക്കും ഈച്ചകള്‍ പാറിയകന്നു. കല്ലുയര്‍ത്തി. അപ്പോള്‍ വീണ്ടും ഈച്ചകളെത്തി. വീണ്ടും അതാവര്‍ത്തിച്ചപ്പോള്‍ സമാനസ്ഥിതി.
അദ്ദേഹം പറഞ്ഞു: 'രാജാക്കന്മാര്‍ തങ്ങളുടെ ഭക്ഷണത്തളികകള്‍ക്കുവേണ്ടി ആവശ്യപ്പെടാറുള്ള കല്ലാണിത്. താങ്കള്‍ ഇതിന് അഞ്ഞൂറു ദിര്‍ഹം എന്നോട് ആവശ്യപ്പെട്ടാലും ഞാനതു നല്‍കാന്‍ സന്നദ്ധമായിരുന്നു'.
വിലകിട്ടാന്‍ വിലയറിയുന്നവരുടെ കൈയിലെത്തണം. പരുപരുത്തൊരു പാറക്കല്ല് കെട്ടുവേല ചെയ്യുന്നവന്റെ കൈയിലെത്തിയാല്‍ അയാളത് പൊട്ടിച്ച് തറപണിയും. ക്രഷര്‍ ജോലിക്കാരന്റെ കൈയിലെത്തിയാല്‍ അയാളത് പൊടിയോ ചരലോ ആക്കിമാറ്റും. വിദഗ്ധനായൊരു ശില്‍പിയുടെ കൈയിലെത്തിയാല്‍ അയാളത് അതിശയിപ്പിക്കുന്ന ശില്‍പമാക്കി മാറ്റും. എന്നാല്‍ പാറയെ കുറിച്ച് ഒന്നുമറിയാത്തവന്റെ കൈയിലെത്തിയാല്‍ അയാളത് പാഴാക്കിക്കളയും.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ഒരു നാണയം വിവരമില്ലാത്തവന് ഒരു 'വെയ്സ്റ്റ്' മാത്രമാണ്. അയാളത് വലിച്ചെറിയുകയാണു ചെയ്യുക. എന്നാല്‍ പുരാവസ്തുഗവേഷകനെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത നിധിയാണത്. അയാളത് പൊന്നുപോലെ സൂക്ഷിച്ചുവയ്ക്കും. പൗരാണികകാലത്തെ അവ്യക്തമായൊരു ലിഖിതം ഏതോ ഒരു പാറപ്പുറത്തു കണ്ടാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതൊന്നുമല്ല. ലിഖിതം പാറയ്ക്ക് ഒരു മികവും നല്‍കില്ലെന്ന് അവര്‍ തീര്‍ത്തുപറയും. എന്നാല്‍ ഒരു ചരിത്രകാരനെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ വിപ്ലവമാണ്. പുതിയ കണ്ടെത്തലാണ്. പുതിയ ചരിത്രമാണ്.
വിലയുണ്ടാകാന്‍ വില കാണുന്നവര്‍ക്കിടയില്‍ ജീവിക്കണം. തളര്‍ത്തുന്നവരും വളര്‍ത്തുന്നവരുമുണ്ടാകും. തളര്‍ത്തുന്നവര്‍ക്കിടയില്‍ പെട്ടാല്‍ വളരാന്‍ പ്രയാസമായിരിക്കും. വളര്‍ത്തുന്നവര്‍ക്കിടയില്‍ ജീവിച്ചാല്‍ വേഗത്തിലുയരുകയും ചെയ്യാം. ഒരാള്‍ ആരാണെന്നതു മാത്രമല്ല, ആരുടെ കൂടെയാണെന്നതും പ്രധാനമാണ്. ഗാനവിരോധികള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്ന ഗായകന്റെ സ്ഥിതിയാണു നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളുടെ കഴിവുകള്‍ മുരടിക്കാനാണു സാധ്യത.
നിങ്ങളെ വെറുതെയിരിക്കാന്‍ അനുവദിക്കാത്ത, നിങ്ങളെ നിരന്തരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ എത്തിപ്പെടണം. അകിടില്‍ നിറയെ പാലുണ്ടായിട്ടു കാര്യമില്ല. അതു കറന്നെടുക്കാന്‍ ആളുകള്‍ വേണം. നിങ്ങളുടെ കഴിവുകള്‍ പരമാവധി കറന്നെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ജീവിച്ചാല്‍ കുറഞ്ഞകാലം കൊണ്ടുതന്നെ പുരോഗതി കൈവരും.
നിങ്ങളെ വേണ്ടാത്തവര്‍ക്കു നിങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സമയം തുലയ്ക്കരുത്. നിങ്ങളെ വേണ്ടവര്‍ക്കു നിങ്ങള്‍ സമയം നിഷേധിക്കുകയും ചെയ്യരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."