കണ്‍മുന്നില്‍ അമ്മയെ കടിച്ചുകീറി; കണ്ണീരൊഴിയാതെ സെല്‍വരാജ്
കോവളം: കണ്‍മുന്നില്‍ പെറ്റമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടിട്ടും രക്ഷിക്കാന്‍ കഴിയാത്തതിന്റെ വേദനയടക്കാന്‍ പാടുപെടുകയാണ് മകന്‍ സെല്‍വരാജ്. പുല്ലുവിള ചെമ്പകരാമന്‍ പുരയിടത്തിലെ തന്റെ വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമിക കര്‍മം നിര്‍വഹിക്കുന്നതിനായി രാത്രി കടപ്പുറത്തേക്ക് പോയതായിരരുന്നു മാതാവ് ശില്‍വമ്മ. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയ സെല്‍വരാജ് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
മാലിന്യങ്ങള്‍ നിറഞ്ഞ കടപ്പുറത്തെ നായ്ക്കൂട്ടത്തിനടുത്ത് സെല്‍വരാജ് കണ്ടത് തിരിച്ചറിയാന്‍ പോലുമാകാത്തവിധത്തില്‍ വലിച്ചുകീറിയ അനക്കമില്ലാതെ കിടക്കുന്ന തന്റെ അമ്മയെയായിരുന്നു. രക്തത്തില്‍ കുളിച്ച് അംഗഭംഗം വന്ന് അബോധാവസ്ഥയിലായ അമ്മയെ രക്ഷിക്കാന്‍ നായ്ക്കളെ അകറ്റാന്‍ ശ്രമിച്ച സെല്‍വരാജിന് നേരെ അമ്പതോളം വരുന്ന തെരുവുനായ്ക്കള്‍ തിരിയുകയായിരുന്നു. കടിയേറ്റതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ നായ്ക്കള്‍ക്കു മുന്നില്‍നിന്ന് പെറ്റമ്മയെയും വിട്ട് കടലില്‍ ചാടിയാണ് ആക്രമണത്തില്‍ നിന്ന് സെല്‍വരാജ് രക്ഷപ്പെട്ടത്.
സെല്‍വരാജിന്റെ നിലവിളിയും കടലിലേക്ക് ചാടുന്നതും കണ്ട് ഓടിയെത്തിയ ചിലരാണ് നായ്ക്കളെ ഓടിച്ച് സെല്‍വരാജിനെ കരയ്‌ക്കെത്തിച്ചത്. അവരുടെ സഹായത്തോടെ അമ്മയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുന്‍പ് രണ്ടു പ്രാവശ്യം തെരുവുനായ്ക്കളുട ആക്രമണത്തില്‍ കടിയേറ്റ ശില്‍വമ്മയ്ക്ക് കഴിഞ്ഞ ദിവസം നേരിട്ട തെരുവുനായ്ക്കളുടെ മൂന്നാമത്തെ ആക്രമണത്തില്‍ പ്രാണന്‍ നഷ്ടപ്പെട്ടു. അമ്മയെ രക്ഷിക്കാന്‍ കഴിയാതെ പോയ കുറ്റബോധത്താടെ കണ്ണീര്‍ വാര്‍ത്ത സെല്‍വരാജ് കൂടെ നില്‍ക്കുന്നവരുടെ കരളലിയിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."