രാജ്യതലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു, വ്യോമ ഗതാഗതം തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങില്‍ ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസിനെയും ബാധിച്ചു.
പല എയര്‍ലൈന്‍സും യാത്രക്കാരോട് വിമാനം സര്‍വീസ് റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രം യാത്രക്ക് പുറപ്പെടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ തല്‍സ്ഥിതി അറിയാനാണ് വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയിലും തലസ്ഥാന മേഖലയിലും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ശക്തമായ കാറ്റും മഴയും മൂലം ഡല്‍ഹിയില്‍ പലയിടത്തും മരങ്ങള്‍ വീഴുകയും ഇത് റോഡ് ഗതാഗതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ശക്തമായ മഴ കാഴ്ച മറക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുമെന്നതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത വാഹനയാത്ര ഒഴിവാക്കണമെന്നും എല്ലാവരും കഴിയുന്നതും വീടിനകത്തു തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."