വിനയാന്വിതനായ സൂഫി പണ്ഡിതന്‍
പ്രസിദ്ധ പണ്ഡിതനും സൂഫിവര്യനുമായ യു.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന മാത്തൂര്‍ ഉസ്താദിന്റെ വിയോഗം മൂലം കേരളത്തിലെ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളിലെ ആയിരങ്ങളുടെ ആശ്വാസ കേന്ദ്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങളുടെ പരിഹാരത്തിനും മതകാര്യങ്ങളിലെ തീരുമാനങ്ങള്‍ക്കു വേണ്ടിയും ദിനേന സമീപിക്കുന്ന ആബാലവൃദ്ധം ജനങ്ങളുടെ അത്താണിയായിരുന്നു അദ്ദേഹം.
ജന്മനാട്ടിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം കൈത്തക്കര കാരത്തൂര്, പൊന്നാനി എന്നിവിടങ്ങളില്‍നിന്നാണ് യു.പി മുഹമ്മദ് മുസ്‌ലിയാര്‍ ദര്‍സ് പഠനം നടത്തിയത്. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് 1967 ഫൈസി ബിരുദം നേടി. പിതാവിനു പുറമേ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, പി.എം അഹമ്മദുണ്ണി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരാണ്. ബിരുദാനന്തരം ആദ്യമായി ജോലി ചെയ്തത് പട്ടിക്കാട് പഴയ ജുമാമസ്ജിദ് പാറമ്മല്‍ പള്ളിയിലായിരുന്നു. ഈയുള്ളവന്‍ ഈ ദര്‍സില്‍ ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം ആരംഭിക്കുന്നത്. ദര്‍സ് കിതാബുകളിലെ മികവുറ്റ കഴിവുകള്‍ക്ക് പുറമേ അറബിഭാഷയില്‍ അതീവ പ്രാവീണ്യം നേടിയ അദ്ദേഹത്തിന്റെ ദര്‍സില്‍ പലയിടങ്ങളിലും ഇല്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. അറബി ഭാഷയിലുള്ള സെമിനാറുകളും പാര്‍ലമെന്റും വിദ്യാര്‍ഥികളില്‍ ആവേശമുണ്ടാക്കിയ കാര്യങ്ങളായിരുന്നു. തികഞ്ഞ സൂഫി ജീവിതം നയിക്കുമ്പോഴും അധ്യാപന മേഖലയില്‍ ആധുനിക രീതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. വാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകള്‍ നടത്തി വിജയികളെ മഹല്ലിലെ ജനങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിച്ച് സമ്മാനങ്ങളും അഭിനന്ദനങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുമായിരുന്നു. പട്ടിക്കാട് നിന്ന് പിന്നീട് മംഗലം ജുമാമസ്ജിദ് ദര്‍സിലേക്കാണ് യു.പി മുഹമ്മദ് മുസ്‌ലിയാര്‍ മാറിയിരുന്നത്.
അനാരോഗ്യം കാരണം ദര്‍സില്‍ നിന്ന് വിരമിച്ചശേഷവും സ്വന്തം വീട്ടില്‍വച്ച് ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നും വിവിധ മഹല്ലുകളില്‍ സലാത്തു മജ്‌ലിസുകള്‍ സംഘടിപ്പിച്ചും സേവനമേഖല മരണംവരെ തുടര്‍ന്നുപോന്നു. എല്ലാ വര്‍ഷവും റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്റെ വീടിനടുത്തുള്ള വിശാലമായ മൈതാനിയില്‍ പണ്ഡിതന്മാരെയും സാദാത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരിപാടികളും ദുആ മജ്‌ലിസുകളും നടത്തുക പതിവായിരുന്നു. വിദ്യാഭ്യാസ, ആത്മീയ മേഖലകളില്‍ യു.പി മുഹമ്മദ് മുസ്‌ലിയാര്‍ അര്‍പ്പിച്ച സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."