അൽ അഖ്‌സയിലെ പ്രാർഥനാവിലക്ക്; ഇസ്‌റാഈൽ കോടതി ശരിവച്ചു
ടെൽഅവീവ്
മസ്ജിദുൽ അഖ്‌സയിൽ അമുസ്‌ലിംകൾക്കുള്ള പ്രാർഥനാ വിലക്ക് ശരിവച്ച് ഇസ്‌റാഈൽ കോടതി. അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ അഖ്‌സയിൽ അമുസ്‌ലിംകൾക്കുള്ള വിലക്ക് ചോദ്യംചെയ്തുള്ള കീഴ്‌ക്കോടതി നടപടി റദ്ദാക്കിയാണ് ഇസ്‌റാഈൽ അപ്പീൽ കോടതി ജഡ്ജി എയ്‌നത്ത് അവ്മാൻ മുള്ളറുടെ ഉത്തരവ്.
യഹൂദ വിശ്വാസികൾ ഇവിടെ പ്രാർഥന നടത്തുന്നത് പൊതുസുരക്ഷയുൾപ്പെടെയുള്ള മറ്റുതാൽപ്പര്യങ്ങളെ നിരാകരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. കിഴക്കൻ ജറൂസലം എന്ന പൗരാണികനഗരത്തിലാണ് അൽ അഖ്‌സ പള്ളി സ്ഥിതിചെയ്യുന്നത്. പൗരാണികനഗരത്തിലെ ഇസ്‌റാഈൽ അധിനിവേശം മിക്ക രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇസ്‌റാഈൽ പിറവിക്കുശേഷം നിലവിൽവന്ന 1967ലെ കരാർ പ്രകാരം അഖ്‌സയുടെ ഉള്ളിൽ അമുസ്‌ലിംകൾക്ക് സന്ദർശനസമയങ്ങളിൽ പ്രവേശനാനുമതിയുണ്ടെങ്കിലും പ്രാർഥന നിർവഹിക്കാൻ വിലക്കുണ്ട്. അഖ്‌സയ്ക്കുള്ളിലെ വിലക്ക് ചൂണ്ടിക്കാട്ടി മൂന്ന് യഹൂദർ നൽകിയ ഹരജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."