HOME
DETAILS
MAL
ലോകത്തെ നേരറിയിച്ച ഒറ്റയാള്‍
backup
May 30 2021 | 05:05 AM
വാഗ്ദത്ത ഭൂമിയെന്ന സ്വപ്‌നത്തിലേക്കുള്ള സഞ്ചാരമായിരുന്നു മൊര്‍ദെഖായ് വെനൂനുവിന്റെ കുടുംബത്തിന് ഇസ്‌റാഈലിലേക്കുള്ള പറിച്ചുനടല്‍. അറബ് രാജ്യമായ മൊറോക്കോയിലെ മരാകേഷിലാണ് അറബ് ജൂതനായി വെനൂനു ജനിച്ചത്. തീര്‍ത്തും യാഥാസ്ഥികരായിരുന്നു ആ കുടുംബം. 11 കുട്ടികളില്‍ രണ്ടാമനായിരുന്നു വെനൂനു. പിതാവ് ഷ്‌ലോമോക്ക് ഒരു പലചരക്ക് കടയുണ്ട്. അമ്മ മസല്‍ ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടി. സന്തുഷ്ട കുടുംബം. ലോകമെങ്ങുമുള്ള ജൂതര്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയെന്ന് അവകാശപ്പെട്ട് പലസ്തീന്‍ മണ്ണിലേക്ക് കുടിയേറുമ്പോള്‍ ഒരു ചാക്ക് സ്വപ്‌നവും തല ചുമടായി അവരും നീങ്ങി. 1963ല്‍ മൊറോക്കോയില്‍ വെനൂനുവിന്റെ പിതാവ് തന്റെ കട വിറ്റാണ് ഇസ്‌റാഈലിലേക്ക് കുടിയേറുന്നത്. അന്ന് വെനൂനുവിന് പത്ത് വയസായിരുന്നു. കുടുംബം ഫ്രാന്‍സിലൂടെ സഞ്ചരിച്ച് കടല്‍ വഴി ഇസ്‌റാഈലിലേക്ക് എത്തി.
മനംമടുപ്പിച്ച നേര്‍ക്കാഴ്ചകള്‍
സമാധാനവും സന്തോഷവും കൊതിച്ച് ഇസ്‌റാഈലിലെത്തിയ ഇവരെ പാര്‍പ്പിച്ചത് ബീര്‍ഷെബയില്‍ എന്ന മരുഭൂമിയിലായിരുന്നു. കുടിയേറ്റക്കാരായ യൂറോപ്പുകാര്‍ക്ക് മാത്രം മികച്ച സൗകര്യങ്ങള്‍ ലഭിച്ചപ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വന്ന ജൂതരെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കിയിരുന്നത്. അക്കാലത്ത് ദരിദ്രമായ മരുഭൂമി നഗരമായിരുന്നു അത്. ഇസ്‌റാഈലിലെ അവരുടെ ആദ്യ വര്‍ഷത്തില്‍, കുടുംബം വൈദ്യുതിയില്ലാതെ ഒരു ചെറിയ തടിക്കുടിലിലായിരുന്നു താമസിച്ചിരുന്നത്.
വെനൂനുവിന്റെ പിതാവ് പട്ടണത്തിലെ മാര്‍ക്കറ്റില്‍ ഒരു ചെറിയ പലചരക്ക് കട വാങ്ങി. ജീവിതം പതുക്കെ മെച്ചപ്പെടാന്‍ തുടങ്ങി. അങ്ങനെയാണ് കുടുംബം മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയത്. വെനൂനുവിന്റെ പിതാവ് തന്റെ ഒഴിവുസമയം മതപഠനത്തിനായി നീക്കിവച്ചു. മാര്‍ക്കറ്റില്‍ ബഹുമാനം നേടിക്കൊണ്ട് അദ്ദേഹം ഒരു റബ്ബിയായി മാറി.
മതപരവും പരമ്പരാഗതവുമായ പഠനങ്ങളെ സമന്വയിപ്പിച്ച പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു മത പ്രാഥമിക വിദ്യാലയമായ യെശിവ ടിചോണിറ്റിലേക്ക് വെനൂനുവിനെ അയച്ചു. മകനും തന്നെപ്പോലെ ഒരു റബ്ബിയായി മാറണമെന്ന് പിതാവ് ആഗ്രഹിച്ചു.
എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കള്‍ അവനെ ഒരു യെശിവയില്‍ (മതപാഠശാല) ചേര്‍ത്തു. പക്ഷേ, വെനൂനുവിന് അതില്‍ താല്‍പര്യം തോന്നിയില്ല. അവന്റെ ഉള്ളില്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തോട് യോജിപ്പുണ്ടായിരുന്നില്ല. പോരാത്തതിന് കുടിയേറിയ ജൂതന്മാരോട് യൂറോപ്പില്‍ നിന്നുള്ള ജൂതന്മാര്‍ കാണിക്കുന്ന വിവേചനവും ഒരു മുറിവായി ആഴത്തില്‍ പതിഞ്ഞിരുന്നു. ഇസ്‌റാഈല്‍ കൂടുതല്‍ യുദ്ധങ്ങള്‍ നടത്തി ചുറ്റുമുള്ള രാജ്യങ്ങളായ സിറിയയില്‍ നിന്നും ജോര്‍ദാനില്‍ നിന്നും ഈജിപ്തില്‍ നിന്നും സ്ഥലങ്ങള്‍ കൈയ്യേറുകയും ചെയ്തിരുന്നു. തദ്ദേശീയരായ ഫലസ്തീന്‍കാര്‍ രാവിലെ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്പോഴാവും പോകുമ്പോള്‍ ഇല്ലാത്ത ഇസ്‌റാഈലിന്റെ പുതിയൊരു ചെക്‌പോസ്റ്റ് കാണുക. അതോടെ രേഖകള്‍ കൈയില്‍ ഇല്ലെന്നും പറഞ്ഞ് അവരെ ആട്ടിയോടിക്കും. അവരുടെ വീടും സ്ഥലവും കുടിയേറിയ ജൂതനും നല്‍കും. ഇതെല്ലാം കണ്ടും അറിഞ്ഞും വെനൂനുവിന്റെ ഹൃദയം എന്നോ തകര്‍ന്നിരുന്നു.
വഴിത്തിരിവാകുന്നു
1971 ഒക്ടോബറില്‍ വെനൂനു ഇസ്‌റാഈലി സേനയില്‍ പൈലറ്റായി. 1973ലും 74ലും സിറിയക്കെതിരെ നടന്ന സൈനിക ആക്രമണങ്ങളില്‍ വെനൂനുവും പങ്കെടുത്തിരുന്നു. യുദ്ധം അയാളെ ഏറെ തളര്‍ത്തി. ഒടുവില്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച് വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്തു. 1977ല്‍ വെനൂനു ന്യൂഗോവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ സാങ്കേതിക വിദഗ്ധനായി ജോലിയില്‍ കയറിയതോടെയാണ് ലോകം തന്നെ ഞെട്ടിയ പല സംഭവങ്ങള്‍ക്കും സാക്ഷിയായത്. വെനൂനുവിന്റെ മാത്രമല്ല പല രാജ്യങ്ങളുടെയും തലവര മാറുകയായിരുന്നു അവിടം മുതല്‍.
ഭൂമിക്കടിയില്‍ ആറു നിലകളുള്ള വലിയ ഗവേഷണ കേന്ദ്രത്തിലാണ് വെനൂനു ജോലിചെയ്തിരുന്നത്. മുകളിലെ നിലയിലേക്ക് മാത്രമായിരുന്നു പ്രവേശനം. അതും കര്‍ശനമായ സുരക്ഷാ പരിരോധനകള്‍ക്ക് ശേഷം. എന്തൊക്കെയോ വന്‍ രഹസ്യങ്ങള്‍ അതിനുള്ളിലുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഒരിക്കല്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഭൂമിക്കടിയിലെ നിലകളിലെത്തി. അവിടുത്തെ കാഴ്ചകള്‍ കണ്ട് വെനൂനു ഞെട്ടി! ശ്വാസം വിടാനാവാതെ തളര്‍ന്നുപോയി. അണുബോംബുകളുടെ വന്‍ ശേഖരമായിരുന്നു അവിടെ. ചുറ്റുമുള്ള അറബ് രാജ്യങ്ങളെ നൂറ്റാണ്ടുകളോളം ക്രൂരമായി കൊലപ്പെടുത്താന്‍ പാകത്തിലുള്ള അണുബോംബുകളുടെ ശേഖരം. ഇസ്‌റാഈല്‍ അണുബോംബുകള്‍ വികസിപ്പിച്ചത് ലോകത്തില്‍ ആര്‍ക്കും അറിയാത്ത രഹസ്യമായിരുന്നു.
രഹസ്യം വെളിച്ചത്താകുന്നു
അടുത്തദിവസം വെനൂനു രഹസ്യമായി ഒരു ക്യാമറയും ഒളിപ്പിച്ചാണ് എത്തിയത്. ഇത്തവണ എല്ലാം ക്യാമറയില്‍ ഒപ്പിയെടുത്തു. അടുത്തദിവസം തന്നെ ജോലി രാജിവച്ച് ഈ രഹസ്യം ലോകത്തോട് വിളിച്ചുപറയാന്‍ വെനൂനു തീരുമാനിച്ചു. 1960കളില്‍ തന്നെ ഇസ്‌റാഈല്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചതായി ലോകമെമ്പാടുമുള്ള മിക്ക രഹസ്യാന്വേഷണ ഏജന്‍സികളും ആരോപിച്ചിരുന്നുവെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ ലോകരാജ്യങ്ങള്‍ അത് തള്ളിക്കളഞ്ഞിരുന്നു.
ലോകത്തെ രക്ഷിക്കാനും ഇസ്‌റാഈലിന്റെ ക്രൂരതയും വഞ്ചനയും ലോകത്തോട് വിളിച്ചുപറയാനുമായി വെനൂനു നേരേ നേപ്പാളിലേക്ക് പോയി. കാണ്ഡ്മണ്ഡുവിലെ റഷ്യന്‍ എംബസിയായിരുന്നു ലക്ഷ്യം. കൈയില്‍ ക്യാമറയിലെ തെളിവുകളും. എംബസിയുടെ സഹായത്തോടെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയെങ്കിലും റഷ്യന്‍ രഹസ്യാനേഷണ ഏജന്‍സിയായ കെ.ജി.ബിയുമായുള്ള ആശയ വിനിമയം പരാജയപ്പെട്ടു. റഷ്യയിലെ പത്രങ്ങളില്‍ ഈ തെളിവുകള്‍ അച്ചടിച്ചുവരാനാണ് വെനൂനു ആഗ്രഹിച്ചത്. തുടര്‍ന്ന് തെളിവുകളുമായി ഓസ്‌ട്രേലിയയില്‍ എത്തി. അവിടുത്തെ പ്രമുഖ പത്രത്തില്‍ അണുവായുധങ്ങളുടെ രഹസ്യ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാമെന്ന് ഏറ്റു. എന്നാല്‍ വിവരം ഇസ്‌റാഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് അറിഞ്ഞു. അതോടെ തെളിവുകള്‍ വെളിച്ചം കണ്ടില്ല. വെനൂനുവിനെ പിടികൂടാന്‍ മൊസാദ് ശ്രമം തുടങ്ങി. ഏത് രാജ്യങ്ങളിലും വ്യാജ പാസ്‌പോര്‍ട്ടുമായി ചെന്ന് ആ രാജ്യംപോലും അറിയാതെ ശത്രുക്കളെ കൊല്ലാനും തട്ടിക്കൊണ്ടുപോകാനും മൊസാദിന് കഴിയുമായിരുന്നു.
അപകടം മണത്ത വെനൂനു നേരെ ഇംഗ്ലണ്ടില്‍ പോയി. അവിടെയും തെളിവുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൊസാദിന്റെ ചാരക്കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറ്റലിയില്‍ എത്തിയ വെനൂനു മതം മാറി ക്രിസ്ത്യാനിയായി. മൊസാദ് അവിടെയും എത്തി. ഹണി ട്രാപ്പില്‍ പെടുത്തി വെനൂനുവിനെ മയക്കുമരുന്ന് കുത്തിവച്ച് കപ്പലില്‍ ഇസ്‌റാഈലിലേക്ക് തട്ടിക്കൊണ്ടു പോയി. മാനസികവും ശാരീരികവുമായി ഏറെ പീഡിപ്പിച്ച വെനൂനുവിനെ 18 വര്‍ഷത്തെ ഏകാന്ത തടവിന് ഇസ്‌റാഈല്‍ ശിക്ഷിച്ചു. ഒരു ജൂതന് മറ്റൊരു ജൂതനെ വധിക്കാന്‍ പാടില്ല എന്ന നിയമമുള്ളതിനാല്‍ മാത്രമാണ് വെനൂനു ഇന്നും ജീവനോടെ ശേഷിക്കുന്നത്.
കൊല്ലാതെ വിടുന്നത്?
നീണ്ട വര്‍ഷത്തെ ഏകാന്ത തടവിന് ശേഷം അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2004ല്‍ വെനൂനുവിനെ മോചിപ്പിച്ചെങ്കിലും കര്‍ശനമായ നിബന്ധനകളാണ് അടിച്ചേല്‍പ്പിച്ചത്. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, മാധ്യമങ്ങളോട് സംസാരിക്കരുത്, അതിര്‍ത്തിയുടെ നിശ്ചിത അകലത്തേക്ക് വരരുത്, സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്. നാടുവിടരുത്, പാസ്‌പോര്‍ട്ടിന് അപേക്ഷിക്കരുത് എന്നൊക്കെയാണ് നിബന്ധനകള്‍. പോരാത്തതിന് എപ്പോഴും ഇദ്ദേഹത്തെ നിരീക്ഷിക്കാന്‍ രഹസ്യ പൊലിസിനെയും ചുമതലപ്പെടുത്തി. ഇതിനിടയില്‍ 1987ല്‍ ബ്രിട്ടീഷ് പത്രത്തിലൂടെ ലോകം ആ സത്യം അറിഞ്ഞിരുന്നു. ഇസ്‌റാഈലിലെ അണുവായുധങ്ങളെക്കുറിച്ച് വെനൂനു പകര്‍ത്തിയ ചിത്രങ്ങള്‍ നിഷേധിക്കാനാവാത്ത തെളിവായി ലോകത്തിന്റെ മുന്നില്‍ നിലകൊണ്ടു.
പല തവണ നൊബേല്‍ പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. 1994ല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസിന് നൊബേല്‍ സമ്മാനം ലഭിച്ചതില്‍ വിയോജിച്ച് ഇനി തന്റെ പേര് നൊബേലിന് പരിഗണിക്കരുതെന്ന് ധീരനായ ആ ജൂതന്‍ അധികാരികളെ രേഖാമൂലം അറിയിച്ചു. കാരണം അത്രമേല്‍ വെറുക്കപ്പെട്ടതായിരുന്നു ഇസ്‌റാഈല്‍ എന്ന് അയാള്‍ ഉറച്ച് വിശ്വസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."