HOME
DETAILS
MAL
തൊണ്ണൂറിലും തൂമ്പയെടുത്ത് രാഘവന്‍ പിള്ള
backup
May 30 2021 | 05:05 AM
ചിലര്‍ക്ക് പ്രായമൊരു നമ്പര്‍ മാത്രമാണ്. രാവിലെ തൂമ്പയുമായിറങ്ങി മണ്ണിനോട് പടവെട്ടുന്ന കര്‍ഷകനു മുന്നില്‍ വിളവിറക്കുന്ന മാസങ്ങളും വിളവെടുപ്പ് കാലവുമേയുള്ളൂ. മേനിയിളകി ജോലിചെയ്യുന്ന പഴയ തലമുറയില്‍ നിന്ന് ഫാസ്റ്റ്ഫുഡ് ജീവിതശൈലിയിലേക്കു മാറിയ പുതുതലമുറയ്ക്ക് പഠിക്കാനേറെയുണ്ട്.
ആലപ്പുഴ നൂറനാട് സ്വദേശിയായ പുതുശ്ശേരില്‍ തെക്കേതില്‍ കെ. രാഘവന്‍ പിള്ളയ്ക്ക് കൃഷി ഒരു തൊഴിലല്ല, ജീവിതമാണ്. പുലര്‍ച്ചെ തൂമ്പയുമായി ഇറങ്ങുന്ന അദ്ദേഹത്തിന് ഈ വരുന്ന തുലാംമാസത്തോടെ 90 വയസായി. എന്നാല്‍ പ്രായത്തെ വകവയ്ക്കാതെ ചുറുചുറുക്കോടെ മണ്ണ് കിളച്ചും കൃഷിചെയ്തും ജീവിതം ആസ്വദിക്കുകയാണ് അദ്ദേഹം.
ചേന, ചേമ്പ്, മരച്ചീനി, കാച്ചില്‍, വാഴ എന്നിവയാണ് വീടിനോട് ചേര്‍ന്ന ഭൂമിയില്‍ കൃഷിചെയ്യുന്നത്. പശുവുണ്ടായിരുന്നെങ്കിലും അതിനെ നോക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ നാലുവര്‍ഷം മുന്‍പ് ഒഴിവാക്കി.
രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിലും അതൊന്നും അവിവാഹിതനായ ഇദ്ദേഹത്തിന് പ്രശ്‌നമായി തോന്നിയിട്ടില്ല. ദിനേന ഒന്‍പതു ഗുളികകളെങ്കിലും കഴിക്കുന്ന ഒരു 90കാരന്‍ ഇപ്പോഴും തൂമ്പയെടുത്ത് പറമ്പില്‍ കിളക്കുകയും കൃഷിചെയ്യുകയും ചെയ്യുന്നത് ആരെയും അത്ഭുതപ്പെടുത്തും.
പതിനാലാം വയസിലാണ് കൃഷി തുടങ്ങിയത്. കര്‍ഷക കുടുംബമായതിനാല്‍ നാലാം ക്ലാസില്‍ പഠനം നിര്‍ത്തി. ആദ്യം നെല്‍കൃഷിയായിരുന്നു. നെല്ല് കൊയ്ത് കറ്റയുമായി ഒന്നര കിലോമീറ്ററോളം ചുമന്നാണ് വീട്ടില്‍ കൊണ്ടുവന്നിരുന്നത്. പിന്നെ പച്ചക്കറിക്കു പുറമെ കിഴങ്ങുവര്‍ഗ കൃഷിയിലേക്കു കടന്നു. ഇപ്പോഴും ഈ കൃഷികളുണ്ട്. പണ്ട് പോത്തും കാളയുമൊക്കെയുണ്ടായിരുന്നു. അവയുമായി കന്നുപൂട്ടിന് പോകുമായിരുന്നു.
രാവിലെ ഒന്‍പതോടെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്‍, വൈകീട്ട് ചായ, രാത്രി ഒന്‍പതിനു മുന്‍പായി ഗോതമ്പുകഞ്ഞി അല്ലെങ്കില്‍ ഗോതമ്പ് ദോശ- ഇതാണ് ഭക്ഷണരീതി. മൊബൈല്‍ ഫോണൊന്നും ഉപയോഗിക്കുന്നില്ല. സുനാമി വന്നശേഷം മല്‍സ്യം ഉപയോഗിക്കുന്നതു നിര്‍ത്തിയതായി കൊച്ചുമകന്‍ സജികുമാര്‍ പറയുന്നു. ഇപ്പോള്‍ പൂര്‍ണ വെജിറ്റേറിയനാണ്. മാംസഭക്ഷണം പണ്ടേ കഴിക്കാറില്ല. ഏഴു മണിക്കൂര്‍ ഉറങ്ങും.
2018ല്‍ കര്‍ഷകദിനത്തില്‍ പാലമേല്‍ കൃഷിഭവന്റെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രായം വകവയ്ക്കാതെ കൃഷിചെയ്യുന്നതിന് കഴിഞ്ഞ ഓണത്തിന് കരയോഗം ഭാരവാഹികള്‍ വന്ന് അഭിനന്ദിച്ചിരുന്നു. ഈ പ്രായത്തിലും രാഘവന്‍ പിള്ള ചേട്ടന്‍ ആരോഗ്യത്തോടെയിരിക്കാന്‍ കാരണം കൃഷിജീവിതമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."