ജെ.ഡി.ടി.ഐയും ഉര്‍ദു ഭാഷയും
ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്
ഒരുനൂറ്റാണ്ട് മുമ്പുള്ള മലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക അവസ്ഥയെ കുറിച്ചുള്ള പഠനവും അന്വേഷണവും ഇനിയും അനാവരണംചെയ്യേണ്ട ധാരാളം അറിവുകളിലേക്ക് എത്തിച്ചേരുമെന്നതില്‍ സംശയമില്ല. മലബാറിലെ മാപ്പിള സമുദായത്തിന്റെ മതഭൗതിക വിദ്യാഭ്യാസം, ബ്രിട്ടിഷ് വിരുദ്ധ മനോഭാവം, മലബാര്‍ സമരാനന്തര അതിജീവനശ്രമങ്ങള്‍ തുടങ്ങി നമ്മുടെ ചരിത്രപഠനത്തെ അത് സമ്പന്നമാക്കും. അവിഭക്ത ഭാരതത്തില്‍ മതജാതിഭേദമന്യേ സാധാരണ ജനങ്ങള്‍ സംസാരിച്ചിരുന്ന ഉര്‍ദു ഭാഷയ്ക്ക് കേരളമുള്‍പ്പെടുന്ന ഭൂപ്രദേശത്ത് വേരോട്ടം നന്നേ കുറവായിരുന്നു. എന്നാല്‍ കേരളത്തിന് പുറത്തു പോയി മതപഠനം കഴിഞ്ഞ് തിരിച്ചുവന്ന പണ്ഡിതന്മാര്‍ നടത്തിവന്നിരുന്ന ദര്‍സുകളിലും മറ്റു മതപഠന കേന്ദ്രങ്ങളിലും ഉര്‍ദുഭാഷ പഠിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ ഉര്‍ദു പഠനത്തിനും ഉര്‍ദുഭാഷാ പ്രചാരണത്തിനും വലിയ പ്രാധാന്യം നല്‍കിയ സ്ഥാപനമായിരുന്നു കോഴിക്കോട്ട് സ്ഥാപിതമായ ജംഇയ്യത്ത് ദഅ്‌വത്ത് ഒ തബ്‌ലീഗെ ഇസ്‌ലാം (ജെ.ഡി.ടി.ഐ). 1921ലെ ധീരമായ പോരാട്ടത്തെ തുടര്‍ന്ന് അങ്ങേയറ്റത്തെ ദുരിതം പേറി ജീവിക്കേണ്ടിവന്ന മലബാര്‍ മാപ്പിളമാരെ സഹായിക്കാനെത്തിയ സംഘടനയായിരുന്നു ജെ.ഡി.ടി.ഐ. മഹാരാഷ്ട്ര പൂനെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനയുടെ സ്ഥാപകന്‍ പണ്ഡിതനും ധനാഢ്യനുമായിരുന്ന മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ്. അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നതും ജെ.ഡി.ടി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നതും പഞ്ചാബിലെ ഖസൂരില്‍ (ഇന്നത്തെ പാകിസ്താനിലെ ലാഹോറിനടുത്ത പ്രദേശം) ആയിരുന്നു.
മലബാര്‍ സമരം സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുനിഷ്ഠമായും സത്യസന്ധമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പൊതുസമൂഹം അറിയുന്നത് ഉര്‍ദു പത്രങ്ങളിലൂടെയായിരുന്നു. ഇംഗ്ലിഷ് പത്രങ്ങള്‍ പൊതുവിലും ചില പത്രങ്ങള്‍ വിശേഷിച്ചും ബ്രിട്ടിഷ് പക്ഷ വാര്‍ത്തകള്‍ നല്‍കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. മലബാര്‍ സമരത്തെ ഹിന്ദു-മുസ്‌ലിം വര്‍ഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും മാപ്പിളകലാപം പോലുള്ള പ്രയോഗങ്ങളും ഇവരുടെ സൃഷ്ടിയായിരുന്നു.
ഉര്‍ദു സംസാരഭാഷ അല്ലാതിരുന്ന കേരളത്തില്‍ നിന്നുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാര്‍ത്താശേഖരണത്തിന് ഉര്‍ദു പത്രങ്ങള്‍ക്ക് അക്കാലത്ത് മികച്ച സംവിധാനമുണ്ടായിരുന്നു. മലബാറിലെ ദുരിതാവസ്ഥയെ കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകളും ലേഖനങ്ങളും വന്നിരുന്ന പത്രങ്ങളായിരുന്നു സമീന്ദാര്‍ (ലാഹോര്‍), വകീല്‍ (അമൃതസര്‍), ഹംദം (ലഖ്‌നൗ), ഖിലാഫത്ത് (ബോംബെ), മദീന (ബിജ്‌നോര്‍), ആസാദ് ഹിന്ദ് (മദ്രാസ്), അസറെ ജദീദ് (കല്‍ക്കത്ത) തുടങ്ങിയവ. ഇക്കൂട്ടത്തില്‍ ലാഹോറില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സമീന്ദാര്‍ പത്രത്തിലായിരുന്നു മലബാര്‍ മാപ്പിളമാരുടെ ദുരവസ്ഥകളെ കുറിച്ച് സമഗ്രമായ ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നത്. അക്കാലത്ത് ഇന്ത്യയിലാകെ കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടായിരുന്ന പത്രവും 'സമീന്ദാര്‍' തന്നെയായിരുന്നു. പണ്ഡിതനും വാഗ്മിയും ചിന്തകനും രാഷ്ട്രീയക്കാരനുമായിരുന്ന മൗലാനാ സഫര്‍ അലിഖാന്‍ ആയിരുന്നു ഇതിന്റെ പത്രാധിപര്‍.
ഉര്‍ദുഭാഷയില്‍ ആദ്യമായി ലേഖനമെഴുതിയ മലയാളി എന്ന ഖ്യാതി വക്കം മൗലവിയുടെ സഹോദരീ ഭര്‍ത്താവ് എ.എം അബ്ദുല്‍ ഖാദിറി(ആഫന്തി)നാണ്. ഈ ലേഖനങ്ങളും വാര്‍ത്തകളുമാണ് മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയെ തന്റെ മക്കളായ മൊഹിയുദ്ദീനെയും മുഹമ്മദലിയെയും മലബാറിലേക്ക് പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ചത്. ജെ.ഡി.ടി.ഐ സെക്രട്ടറിയായ മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി തന്റെ സഹപ്രവര്‍ത്തകരായ ഖാസി അബ്ദുല്‍ വഹീദ്, മാസ്റ്റര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ക്കൊപ്പം റിലീഫ് പ്രവര്‍ത്തനത്തിനായി 1922 ഫെബ്രുവരി 25ന് കോഴിക്കോട്ടെത്തി. ഇവിടെ സാധാരണക്കാര്‍ക്ക് ഉര്‍ദു സംസാരിക്കാന്‍ കഴിയാത്തതിലുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹം രചിച്ച ഉര്‍ദു പുസ്തകമായ റുദാദെ അമല്‍ (മലബാര്‍ റിലീഫ് വര്‍ക്) എടുത്തുപറയുന്നുണ്ട്. അദ്ദേഹത്തെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോഴിക്കോട്ടെ മൊഹ്‌യുദ്ദീന്‍ കോയയും മുഹമ്മദ് ഉസ്മാന്‍ വക്കീലും ഉണ്ടായിരുന്നു.
മലബാറിലെ ദുരിതങ്ങളും അവിടെ ചെയ്യേണ്ടിവരുന്ന ആശ്വാസപ്രവര്‍ത്തനങ്ങളുമെല്ലാം വിശദമാക്കിക്കൊണ്ട് സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റിന് അദ്ദേഹം കത്തയക്കുകയുണ്ടായി. മലബാറിലെ അവസ്ഥ അതിദയനീയമാണെന്നും ഇവിടെ അരിയും വസ്ത്രവും മാത്രം വിതരണം ചെയ്താല്‍ പോരെന്നും മാപ്പിളമാരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ വിശദമാക്കി. പക്ഷേ ഖിലാഫത്ത് കമ്മിറ്റിയില്‍ നിന്നുണ്ടായ പ്രതികരണം നിരാശാജനകമായിരുന്നു. വ്യക്തമായ മറുപടി പോലും ലഭിച്ചില്ല.
ജെ.ഡി.ടി.ഐ പ്രവര്‍ത്തകര്‍ പിന്നെ ആരെയും കാത്തുനിന്നില്ല. കൈവശമുള്ള ഫണ്ട് ഉപയോഗിച്ച് അനാഥക്കുട്ടികളെ സംരക്ഷിക്കാനായി 1922 മേയില്‍ ദൈവനാമത്തില്‍ ജംഇയ്യത്ത് ദഅ്‌വത്ത് ഒ തബ്‌ലീഗെ ഇസ്‌ലാം യതീംഖാന കോഴിക്കോട്ട് ആരംഭിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു അതില്‍. പ്രാരംഭകാലത്ത് ഈ സംരംഭത്തില്‍ ചിലര്‍ക്ക് സന്ദേഹങ്ങള്‍ ഉണ്ടായിരുന്നു. കാരണം യതീംഖാന എന്ന ആശയം തന്നെ മലയാളികളെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു. എന്നാല്‍ ക്രമേണ അത്തരം സംശയങ്ങളെല്ലാം ദൂരീകരിക്കപ്പെട്ടു.
മൊഹ്‌യുദ്ദീന്‍ ഖസൂരിക്കും കൂട്ടര്‍ക്കും മാപ്പിളമാരില്‍ നിന്ന് വിഷയങ്ങള്‍ ഗ്രഹിക്കാന്‍ വളരെയേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. കാരണം മാപ്പിളമാര്‍ക്ക് ഉര്‍ദുഭാഷ വശമില്ലായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരു മുസ്‌ലിം വിഭാഗത്തെ കുറിച്ച് മൊഹ്‌യുദ്ദീന്‍ ഖസൂരി പറയുന്നതിങ്ങനെയാണ്. ''ഹൈദരാബാദില്‍ നിന്ന് പൂര്‍വികരായി ഇവിടെ വന്ന് താമസമാക്കിയ മുസ്‌ലിം വിഭാഗമാണ് ദക്ക്‌നികള്‍. അവരിലെ പുതുതലമുറയ്ക്ക് ഉര്‍ദു ഭാഷ കേട്ട് പരിചയമുണ്ടായിരുന്നെങ്കിലും ആശയവിനിമയം നടത്താന്‍ ഫലപ്രദമായി കഴിയാതെ വന്നിരുന്നു. ഒരു ദുരന്തസംഭവം വിശദമാക്കാന്‍ അവര്‍ പ്രയാസപ്പെട്ടിരുന്നു. ഞങ്ങളെ സംബന്ധിച്ച് സാധാരണക്കാരായ ആളുകളുമായി സംവദിക്കാന്‍ ഉര്‍ദുഭാഷയിലെ അവരുടെ അറിവില്ലായ്മ വലിയ പ്രയാസമായി.'' ഇത് മനസിലാക്കിയ ജെ.ഡി.ടി.ഐ പ്രവര്‍ത്തകര്‍ അതോടെ മാപ്പിളമാര്‍ക്ക് ഉര്‍ദുഭാഷ പരിചയപ്പെടുത്തി പഠിപ്പിക്കാന്‍ തീരുമാനമെടുത്തു.
യതീംഖാന ഉര്‍ദുഭാഷാ പരിപോഷണത്തിനു കൂടി സഹായകമാകുമെന്ന് അവര്‍ ആശ്വസിച്ചു. രണ്ടുമാസത്തിനകം യതീംഖാനയില്‍ നൂറ് ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളും ചേര്‍ന്നു. അതേ മാസം തന്നെ ഈ കുട്ടികള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്‍കാനായി സ്‌കൂളും പ്രവര്‍ത്തനമാരംഭിച്ചു. സഹൂറുല്ല ചൗപ് എന്ന വ്യവസായി ആയിരുന്നു ഇതിനായി സഹായിച്ചത്. നാല് അധ്യാപകരാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. പ്രധാനാധ്യാപകനെ കൂടാതെ മലയാളം, ഉര്‍ദു, ഇംഗ്ലിഷ് എന്നിവയ്ക്കായി ഓരോ അധ്യാപകര്‍. ഉര്‍ദു പഠിപ്പിക്കാനായി പഞ്ചാബിലെ ലാഹോറില്‍ നിന്നെത്തിയ അധ്യാപകനാണുണ്ടായിരുന്നത്. അന്നത്തെ ഒരു പ്രശസ്ത ഉര്‍ദു അധ്യാപകനായിരുന്നു ഖാവര്‍ സാഹിബ്. ഇതോടൊപ്പം തന്നെ ഖുര്‍ആന്‍ പഠനവും ഉണ്ടായിരുന്നു. ഉര്‍ദു പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ ലാഹോറില്‍ നിന്നുള്ളവയും ഡല്‍ഹിയിലെ അന്‍ജുമന്‍ തറഖി ഉര്‍ദു പ്രസിദ്ധീകരിച്ചിരുന്നവയുമായിരുന്നു. ആദ്യമായി ഉര്‍ദു അച്ചടിയന്ത്രമെത്തിതയും ജെ.ഡി.ടി.ഐയിലാണ്.
1922 സെപ്തംബര്‍ മുപ്പതോടെ ജെ.ഡി.ടി.ഐ മലബാറില്‍ നടത്തിവന്നിരുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. പണമില്ലാത്തതായിരുന്നു കാരണം. സാമ്പത്തിക പ്രയാസമുണ്ടായിരുന്നെങ്കില്‍ പോലും ജെ.ഡി.ടി.ഐ നല്ല നിലയില്‍ മുന്നോട്ടുപോയിരുന്നു. ഇതിന് ഏറ്റവും കൂടുതല്‍ സഹായിച്ചത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും മദിരാശിയിലെ മാപ്പിള അമീലിയോറേഷന്‍ കമ്മിറ്റിയുമായിരുന്നു. 1922 ഒക്‌ടോബര്‍ 18ന് ആറായിരം രൂപയാണ് കമ്മറ്റി നല്‍കി സഹായിച്ചത്. അകമഴിഞ്ഞ സഹായം ലഭ്യമായത് ലാഹോറിലെ അന്‍ജുമന്‍ ഹിമായത്തുല്‍ ഇസ്‌ലാമില്‍ നിന്നായിരുന്നു. യതീംഖാന നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഖസൂരി നിരന്തരം ഉര്‍ദു പത്രങ്ങളില്‍ എഴുതിയിരുന്നു. കൂടുതല്‍ പ്രയാസത്തിലേക്ക് നീങ്ങുന്നപക്ഷം ഇവിടെയുള്ള കുട്ടികളെ ലാഹോറിലെ അന്‍ജുമന്‍ ഹിമായത്തെ ഇസ്‌ലാമിലേക്ക് മാറ്റുന്നതിനെ കുറിച്ചാലോചിച്ചപ്പോള്‍ മൊഹ്‌യുദ്ദീന്‍ ഖസൂരി പറഞ്ഞത് ''ഉര്‍ദു അറിയാത്ത ചെറിയ കുട്ടികളാണ്. 500 കുട്ടികളെ അങ്ങോട്ട് ട്രെയിനില്‍ എത്തിക്കാന്‍ 15,000 രൂപ വരും. കൂടാതെ മലയാളികളായ കുറച്ച് പേരെ കുട്ടികളെ നോക്കാന്‍ അങ്ങോട്ട് കൊണ്ടുപോകേണ്ടി വരും'' എന്നായിരുന്നു. അവസാനം കുട്ടികളെ കൊണ്ടുപോകേണ്ടതില്ല എന്ന തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നത്. ഈ സന്ദര്‍ഭത്തിലും മൊഹിയുദ്ദീന്‍ കോയ, സുഹൂറുല്ല ചൗപ്, മുഹമ്മദ് ഉസ്മാന്‍ വക്കീല്‍ തുടങ്ങിയവര്‍ തന്നെയായിരുന്നു പിന്തുണയും സഹായവുമായി നിലക്കൊണ്ടത്. പല വഴികളിലൂടെ സഹായം വന്നുചേര്‍ന്നതോടെ യതീംഖാന പ്രവര്‍ത്തനം പുനരാരംഭിച്ചു.
ജെ.ഡി.ടി.ഐ മലബാറില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മാപ്പിള സമൂഹത്തിന്റെ പുനരുദ്ധാരണത്തിനായി നടത്തിയ പരിശ്രമങ്ങളും അവലോകനം ചെയ്തുകൊണ്ട് 1927 മാര്‍ച്ച് 17ന് സമീന്ദാര്‍ പത്രത്തില്‍ 'ജംഇയ്യത്ത് ദഅ്‌വത്ത് ഒ തബ്‌ലീഗ് കി ഇല്‍മി വ അദബി ഖിദ്മാത്ത്, മാപ്പിള ഖൗം മേ സബാനെ ഉര്‍ദു കീ തര്‍വീജ്' (ജംഇയ്യത്ത് ദഅ്‌വത്ത് ഒ തബ്‌ലീഗ് നിര്‍വഹിച്ച വൈജ്ഞാനിക സേവനവും മാപ്പിള സമുദായത്തിലെ ഉര്‍ദുഭാഷാ പരിപോഷണവും) എന്ന ശീര്‍ഷകത്തില്‍ സുദീര്‍ഘമായൊരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതില്‍ ഒരിടത്ത് പറയുന്നത് ഇങ്ങനെയാണ്.
''ആദ്യമായി 1922ല്‍ ജംഇയ്യത്തിന്റെ പ്രവര്‍ത്തനം മലബാറിലെത്തിയപ്പോള്‍ ഒരു അപരിചിത സമുദായത്തെ അഭിമുഖീകരിക്കുന്ന അനുഭവമായിരുന്നു. ഉര്‍ദു അറിയാത്തതിനാല്‍ ആംഗ്യഭാഷയായിരുന്നു ആശ്വാസം. അതോടെ ഉര്‍ദു പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുക എന്ന തീരുമാനം കൈക്കൊണ്ടു. ജെ.ഡി.ടി.ഐ യതീഖാന സ്ഥാപിച്ച് വളരെ പ്രയാസപ്പെട്ടാണ് മാപ്പിള കുട്ടികളെ ഉര്‍ദു പഠിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ന് ഈ സ്ഥാപനത്തില്‍ പഠിക്കുന്ന 861 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളും ഭംഗിയായി ഉര്‍ദു സംസാരിക്കുന്നു.''
ഇതിന്റെ അവസാന ഭാഗത്തായി കോഴിക്കോട്ടെ മുസ്‌ലിം യതീം കുട്ടികളുടെ വൈജ്ഞാനിക സാഹിത്യ സംഘടനയുടെ പ്രഥമ റിപ്പോര്‍ട്ടിന്റെ ചുരുക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊത്തത്തില്‍ ഇതിന്റെ ലക്ഷ്യം ഉര്‍ദുഭാഷാ പരിപോഷണവും അതിനാവശ്യമായ ഊര്‍ജവും നല്‍കലുമാണ്. ഇതില്‍ കോഴിക്കോട് ചേവായൂരിലുള്ള ജംഇയ്യത്ത് ദഅ്‌വത്ത് ഒ തബ്‌ലീഗിന്റെ ദാറുല്‍ യത്താമയിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും മീറ്റിംഗുകളുടെ ഒരു ഇനം ഉര്‍ദുഭാഷാ സംബന്ധമായത് ആവുകയും ചെയ്തിരുന്നു. ദാറുല്‍ യത്താമയുടെ പ്രഥമ സമ്മാനദാന ചടങ്ങ് മലബാര്‍ കലക്ടറുടെയും മഹനീയ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാണ് നടന്നത്.
മലബാറില്‍ ഉര്‍ദുഭാഷയ്ക്കായി ജെ.ഡി.ടി.ഐ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പലതും വിസ്മരിക്കപ്പെടുകയോ അറിയാതെപോവുകയോ ചെയ്തിട്ടുണ്ട്. മൗലാനാ മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി 1943ല്‍ തിരൂരങ്ങാടി യതീംഖാനയുടെ ഉദ്ഘാടനത്തിന് വന്നപ്പോള്‍ അന്നത്തെ ജെ.ഡി.ടി.ഐ പ്രസിഡന്റ് മഖ്ബൂല്‍ അഹമ്മദ് സാഹിബ് ഉര്‍ദുവില്‍ കവിത രചിച്ച് അത് ആലപിച്ചുകൊണ്ടാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
ജെ.ഡി.ടി.ഐ യതീംഖാന കോഴിക്കോട്ട് സ്ഥാപിതമായതിനെ സംബന്ധിച്ച് മലയാളത്തില്‍ എഴുതപ്പെട്ട പല ലേഖനങ്ങളിലും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാറുണ്ട്. അദ്ദേഹം പഞ്ചാബിലെ ലാഹോറില്‍ പോയി മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയെ കണ്ട് സഹായമഭ്യര്‍ഥിച്ചതായി കാണാന്‍ സാധിക്കും. എന്നാല്‍ ഇതെല്ലാം 1923 ആഗസ്റ്റ് 9നു ശേഷമാണ്. 1921 ഒക്‌ടോബര്‍ 21ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പട്ടാളക്കോടതി രണ്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. 1923 ഓഗസ്റ്റ് 9നാണ് അദ്ദേഹം ജയില്‍മോചിതനായത്. 1921 ഒക്‌ടോബര്‍ 21നും മുമ്പ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം ജയിലിലുള്ള സമയത്തായിരുന്നു ജെ.ഡി.ടി.ഐ സ്ഥാപിതമായത്.
1923 ഡിസംബര്‍ 27ന് കാക്കിനാഡയില്‍ മൗലാനാ ശൗഖത്തലിയുടെ അധ്യക്ഷതയില്‍ നടന്ന അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഉര്‍ദുവില്‍ ചെയ്ത വികാരനിര്‍ഭരമായ പ്രസംഗത്തെ തുടര്‍ന്ന് മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകൃതമായി. ഇതിന്റെ ചെയര്‍മാന്‍ മൗലാനാ ശൗഖത്തലി ആയിരുന്നു. സമ്മേളനത്തിനിടയില്‍ തന്നെ ഉത്തരേന്ത്യയിലെ പല ധനികരും സഹായം വാഗ്ദാനം ചെയ്തു. ഇതിലേറ്റവും കൂടുതല്‍ സഹായം ജെ.ഡി.ടി.ഐ സ്ഥാപകന്‍ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയില്‍ നിന്നായിരുന്നു എന്ന് സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന എം. റഷീദ് രചിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന ഗ്രന്ഥത്തില്‍ കാണാം. മലബാര്‍ ലഹളബാധിത പ്രദേശങ്ങളിലെ യഥാര്‍ഥ സ്ഥിതിഗതികളെ പറ്റി അബ്ദുറഹിമാന്‍ സാഹിബ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ക്ക് ലേഖനം അയച്ചുകൊടുത്തു. ഹിന്ദു (മദ്രാസ്), ബോംബെ ക്രോണിക്കിള്‍ (ബോംബെ) എന്നീ പത്രങ്ങളില്‍ ഇത് പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഫലമായി ബോംബെയില്‍ ചൗപ്പാട്ടി കാടപ്പുറത്ത് ഒരു വമ്പിച്ച പൊതുയോഗം നടക്കുകയും ചെയ്തു. തുടര്‍ന്ന് വടക്കേ ഇന്ത്യയില്‍ നിന്ന് സഹായങ്ങള്‍ എത്തിത്തുടങ്ങി. പൂനയിലെ ജംഇയ്യത്ത് ദഅ്‌വത്ത് ഒ തബ്‌ലീഗെ ഇസ്‌ലാം ആണ് സഹായമെത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്.
മലബാറിന്റെ അതിജീവനത്തിനായി ഖസൂരി കുടുംബം ചെയ്ത മഹത് ത്യാഗം ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ്. അവര്‍ ഇന്നത്തെ പാകിസ്താനിലായതുകൊണ്ടുകൂടിയാവാം അവരുടെ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്നത്. കലാപാനന്തര നാളുകളില്‍ മലബാറിലേക്ക് ഏറ്റവും കൂടുതല്‍ സഹായമൊഴുകിയത് ഇതേ ലാഹോറില്‍ നിന്ന് തന്നെയായിരുന്നു. സംഭാവനയായി സ്വരൂപിച്ച പണത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ മൊഹ്‌യുദ്ദീന്‍ അഹമ്മദ് ഖസൂരി രചിച്ച പുസ്തകത്തിലുണ്ട്. ലാഹോറില്‍ ഉര്‍ദു പഠിച്ചിരുന്ന മലയാളിയായ എം.എന്‍ സത്യാര്‍ഥി ബിരുദപഠന സമയത്ത് സമീന്ദാര്‍ പത്രത്തില്‍ ബ്രിട്ടിഷ് ഭരണകൂടത്തിനെതിരേ കവിത എഴുതിയതിന്റെ പേരില്‍ ജയിലിലടക്കപ്പെടുകയുണ്ടായി. പിന്നീട് കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ അദ്ദേഹം അസ്‌ലം സാഹിബിന്റെ ക്ഷണപ്രകാരം 1959-60 കാലഘട്ടത്തില്‍ ജെ.ഡി.ടി.ഐയില്‍ ഉര്‍ദു പഠിപ്പിച്ചിരുന്നു. ദക്ക്‌നി മുസ്‌ലിം കുടുംബത്തില്‍പെട്ട സമീനയാണ് ഇപ്പോഴത്തെ ഉര്‍ദു അധ്യാപിക.ഉര്‍ദു അധ്യാപിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."