80:20 നിയമപരിശോധനയും വിദഗ്ധപഠനവും നടത്തും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സര്‍വകക്ഷിയോഗം. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ മേഖലകളുടെയും നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി.
ഏതു തരത്തില്‍ മുന്നോട്ടുപോകണമെന്നതിനെ കുറിച്ച് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദേശങ്ങളും പരിഗണിക്കും. ഇത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു അന്തരീക്ഷത്തിന് കോട്ടം തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു. നിലവില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം കിട്ടുന്നവര്‍ക്ക് അതു നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആവശ്യപ്പെട്ടു. തീരുമാനം വൈകരുത്.
സാമുദായിക ഐക്യം ദുര്‍ബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു കരടു നിര്‍ദേശവും സര്‍ക്കാര്‍ യോഗത്തില്‍ വച്ചില്ല.
അതേസമയം, പുതിയ പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ നിലവിലെ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു കുറവും വരരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അര്‍ഹരായ സമുദായങ്ങള്‍ക്ക് സംവരണാനുകൂല്യം ലഭിക്കണം. സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സി.പി.എം), ശൂരനാട് രാജശേഖരന്‍ (കോണ്‍ഗ്രസ്),പി.കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), കാനം രാജേന്ദ്രന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി ചാക്കോ (എന്‍.സി.പി), ഡോ. കെ.സി ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജെ), വര്‍ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ അസീസ് (ആര്‍.എസ്.പി), പി.ജെ ജോസഫ് (കേരള കോണ്‍ഗ്രസ്) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."