ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി
കൊച്ചി
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി. ഈ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാരിന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജി കോടതി തള്ളി. തുടര്‍ നടപടികള്‍ക്കായി കേസ് ജൂണ്‍ 16ലേക്ക് മാറ്റി.
2011 ല്‍ മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വസതിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. കൃഷ്ണകുമാര്‍, നളിനി എന്നിവരില്‍ നിന്നാണ് മോഹന്‍ലാലിന് ഇത് ലഭിച്ചതെന്നും ഇവര്‍ക്ക് നിയമപരമായി ലഭിച്ച ആനക്കൊമ്പുകളാണ് മോഹന്‍ലാലിന് കൈമാറിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കി.
കേസ് പിന്‍വലിക്കാന്‍ 2020 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അനുമതിയും നല്‍കി. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരേ കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നു വ്യക്തമാക്കിയാണ് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."