പച്ചവെള്ളം നല്‍കാതെ ഇന്ത്യന്‍ ടീം അധികൃതര്‍; ഓടിത്തളര്‍ന്നിട്ടും ജയ്ഷ മത്സരം പൂര്‍ത്തിയാക്കി
റിയോ ഡി ജനീറോ: വനിതകളുടെ മാരത്തണില്‍ ഇന്ത്യന്‍താരം ജയ്ഷയെ തളര്‍ത്തിയത് ഇന്ത്യന്‍ ടീം അധികൃതരുടെ ക്രൂരമായ നിസ്സംഗത. 42 കിലോമീറ്റര്‍ മാരത്തണില്‍ ഇന്ത്യക്കായി ഇറങ്ങിയ ജയ്ഷക്ക് പച്ചവെള്ളം നല്കാന് പോലും ഇന്ത്യക്കാരാരും ഉണ്ടായില്ല. മറ്റെല്ലാ രാജ്യങ്ങളും രണ്ട് കിലോമീറ്റര്‍ ഇടവേളകളില്‍ താരങ്ങള്‍ക്കായി കുടിവെള്ളവും ഗ്ലൂക്കോസും ജെല്ലുകളുമടങ്ങിയ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറില്‍ നിന്ന് പാനിയങ്ങളെടുക്കുന്നത് ചട്ടവിരുദ്ധമായതിനാല്‍ ഈ കൗണ്ടറുകളെ നോക്കി കുടിനീരിറക്കാനായിരുന്നു ജയ്ഷയുടെ വിധി. ഇന്ത്യയ്ക്കും ഒളിംപിക്സ് അധികൃതര്‍ കൗണ്ടര്‍ അനുവദിച്ചിരുന്നെങ്കിലും കൗണ്ടറില്‍ ഉണ്ടായിരുന്നത് ദേശീയപതാക മാത്രമായിരുന്നു. എട്ടു കിലോമീറ്റര്‍ ഇടവിട്ടുള്ള ഒളിംപിക്സ് അധികൃതരുടെ കൗണ്ടറുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആശ്രയം.
ഇവിടുത്തെ സമയം രാവിലെ ഒന്‍പതിന് ഓടിത്തുടങ്ങിയ ജയ്ഷ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും വെയിലേറ്റ് തളര്‍ന്നിരുന്നു. എന്നാല്‍ താരത്തിന് പ്രോത്സാഹനം നല്‍കാനോ മറ്റോ ഒരു ഇന്ത്യന്‍ പ്രതിനിധിയും ഉണ്ടായില്ല. മത്സരത്തിനിടെ കടുത്ത തളര്‍ച്ച അനുഭവപ്പെട്ടിട്ടും താരം മത്സരത്തില്‍ നിന്നു പിന്മാറാന് തയാറായില്ല. രണ്ടു മണിക്കൂര്‍ 47 മിനുട്ട് 19 സെക്കന്‍ഡ് സമയത്തില്‍ താരം മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു. നേരത്തെ മാരത്തണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതിനേക്കാള്‍ 15 മിനുട്ട് മുന്‍പെ ഫിനിഷ് ചെയ്ത താരമായിരുന്നു ജയ്ഷ.
മത്സരം പൂര്‍ത്തിയായ ഉടനെ ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നുവീണ ജയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷമാണ് ബോധമുണര്‍ന്നത്. ജയ്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഇന്ത്യന്‍സംഘത്തിലെ ആരും ഉണ്ടായില്ല. താന്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നാണ് ജയ്ഷ ആശുപത്രിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."