അഗ്‌നിപഥിനെതിരെ പ്രക്ഷോഭം രാജ്യവ്യാപകം; റദ്ദാക്കിയത് മുപ്പതിലധികം ട്രെയിനുകള്‍, പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. ബീഹാറില്‍ ഇന്നലെ തുടങ്ങിയ പ്രതിഷേധം ഇന്നും തുടര്‍ന്നു. രാജസ്ഥാന്‍, ജമ്മു, ഹരിയാന തുടങ്ങിയ ഇടങ്ങളിലക്കും പ്രതിഷേധം വ്യാപിച്ചു. ബിഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീ വച്ചു. ചാപ്‌റയില്‍ ബസിന് തീവച്ചു. ഹരിയാനയില്‍ പ്രതിഷേധക്കാരും പൊലിസും പലയിടങ്ങളില്‍ ഏറ്റുമുട്ടി. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു. ബി.ജെ.പി എം.എല്‍.എയുടെ വാഹനം തകര്‍ത്തു. ബി.ജെ.പി ഓഫീസ് കത്തിച്ചു. റദ്ദാക്കിയത് മുപ്പതിലധികം ട്രെയിനുകള്‍. 72 ട്രെയിനുകള്‍ വൈകിയാണോടുന്നത്.
കേരളത്തില്‍ നിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസിനുനേരെ കല്ലേറുണ്ടായി. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സേനയിലെ തൊഴില്‍ അവസരങ്ങള്‍ മൂന്ന് മടങ്ങാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
അതേ സമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
എന്നാല്‍ പദ്ധതിയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം സൂചന നല്‍കി. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ അവസരങ്ങള്‍ കുറയുമെന്നത് അടിസ്ഥാന രഹിതമാണെന്നും അവസരങ്ങള്‍ കൂടുകയാണ് ചെയ്യുകയെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.
ഉത്തരേന്ത്യയില്‍ പലയിടത്തും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശില്‍ അക്രമണമുണ്ടായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട നിസാമുദീന്‍ എക്‌സ്പ്രസിന് നേരെയാണ് ഗ്വാളിയോര്‍ സ്റ്റേഷനില്‍ അക്രമമുണ്ടായത്. കൂട്ടത്തോടെയെത്തിയ പ്രതിഷേധക്കാര്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. സെക്കന്‍ഡ് എസി, തേര്‍ഡ് എസി കമ്പാര്‍ട്ടുമെന്റുകളിലെ മിക്ക ഗ്ലാസുകളും തകര്‍ന്നു. സ്റ്റേഷനില്‍ പൂര്‍ണമായും തകര്‍ന്ന ഗ്ലാസില്‍ താല്‍ക്കാലികമായി കാര്‍ഡ്‌ബോര്‍ഡ് വെച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
പദ്ധതിക്കെതിരെ ബിഹാറിന്റെ വിവിധ ഇടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം രണ്ടാം ദിവസത്തേയ്ക്ക് കടന്നപ്പോള്‍ അതിശക്തമായി. രാജസ്ഥാന്‍, ഹരിയാന, ജമ്മു,ഡല്‍ഹി എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവിലിറങ്ങി. റോഡുകളും റെയില്‍വേപ്പാളങ്ങളും ഉപരോധിച്ചു.
പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. പ്രതിഷേധം മൂലം 22 ട്രെയിനുകള്‍ റദ്ദാക്കി. 5 ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ബിഹാര്‍ നവാഡയില്‍ ബിജെപി എംഎല്‍എ അരുണ ദേവിയുടെ വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."