സ്പാം കോളുകളെ ചെറുക്കാന്‍ വാട്‌സ് ആപ്പ് ട്രൂ കോളറുമായി കൈകോര്‍ക്കുന്നു, കൂടുതലറിയാം
സ്പാം കോളുകളെ ചെറുക്കാന്‍ വാട്‌സ് ആപ്പ് ട്രൂ കോളറുമായി കൈകോര്‍ക്കുന്നു
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെല്ലാം ഉപയോഗപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. പ്രതിമാസം ഏതാണ്ട് 500 ദശലക്ഷം പേരാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നുണ്ട്. പലപ്പോഴും പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വരുന്ന മെസേജുകളില്‍ നിന്നും വാട്‌സ്ആപ്പ് കോളുകള്‍ വഴിയുമാണ് തട്ടിപ്പ് നടക്കുന്നത്.
ട്രൂകോളറിന്റെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് പ്രതിമാസം ശരാശരി 17 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സ്പാം കോളുകളും മെസേജുകളും തിരിച്ചറിയാന്‍ കഴിയാത്തതുകാരണം പലരും സൈബര്‍ ക്രിമിനലുകളുടെ വലയില്‍ പെട്ടുപോകുന്നു.
എന്നാല്‍ ഇതിന് പരിഹാരമെന്ന് നിലയില്‍ ട്രൂകോളര്‍ വാട്‌സ് ആപ്പുമായി കൈകോര്‍ക്കുന്നു. പ്രതിസന്ധി പരിഹരിക്കാനും വാട്‌സ്ആപ്പ് ഉടമകളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സ്പാം കോളുകളില്‍നിന്നും മെസേജുകളില്‍നിന്നും അവരെ സംരക്ഷിക്കാന്‍ തയാറെടുക്കുകയാണ് ട്രൂകോളര്‍.
വാട്‌സ്ആപ്പിനായുള്ള കോളര്‍ ഐഡന്റിഫിക്കേഷന്‍ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ ബീറ്റാ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഈ മാസം ആഗോളതലത്തില്‍ പുറത്തിറക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് അലന്‍ മമേദി വ്യക്തമാക്കി.
സ്പാം സന്ദേശങ്ങള്‍ തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഇന്ത്യയില്‍ ടെലിമാര്‍ക്കറ്റിംഗും സ്‌കാമിംഗ് കോളുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് 2021 ല്‍ തന്നെ ട്രൂക്കോളര്‍ കണ്ടെത്തിയിരുന്നു.
'കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വാട്‌സ്ആപ്പിലൂടെയുള്ള സ്പാം കോളുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉണ്ടായ വര്‍ധന ഞങ്ങള്‍ ശ്രദ്ധിച്ചു''. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഈ സ്പാം കോള്‍ അപകടത്തിന്റെ ഭീഷണി നേരിടുന്നുണ്ട്.
ട്രൂകോളര്‍ സ്പാം ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരം കോളര്‍മാരെ തിരിച്ചറിയാനും അത് റിപ്പോര്‍ട്ട് ചെയ്യാനും അവസരമൊരുക്കും എന്നാണ് മമേദി പറയുന്നത്. ട്രൂകോളറിന്റെ പുതിയ സ്പാം ഐഡി കണ്ടെത്തല്‍ ഫീച്ചര്‍ ബീറ്റ പതിപ്പില്‍ ലഭ്യമാണ്, ഭാവിയിലെ ആപ്പ് അപ്ഡേറ്റുകളില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാകും.
രാജ്യാന്തര മൊബൈല്‍ നമ്പരുകളില്‍നിന്നുള്ള വാട്‌സ്ആപ്പ് കോളുകളെ ഏറെ സൂക്ഷ്മതയോടെ ഒഴിവാക്കുക എന്നതാണ് നിലവില്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി.
എന്നാല്‍ ഈ സ്പാം കോളുകള്‍ എത്തുന്ന നമ്പരുകള്‍ വിവിധ രാജ്യങ്ങളിലെ കോഡുകളില്‍ ഉള്ളതാണ് എങ്കിലും അവ യഥാര്‍ഥത്തില്‍ ആ രാജ്യത്തുനിന്നുതന്നെ എത്തുന്നത് ആയിരിക്കണമെന്നില്ല. വാട്ട്സ്ആപ്പ് കോളുകള്‍ ഇന്റര്‍നെറ്റ് വഴിയാണ് എത്തുന്നത്. നമ്മുടെ പല നഗരങ്ങളിലും വാട്സ്ആപ്പ് കോളുകള്‍ക്കായി രാജ്യാന്തര നമ്പറുകള്‍ വില്‍ക്കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാര്‍ഗം പ്രയോജനപ്പെടുത്തിയും സൈബര്‍ ക്രിമിനലുകള്‍ സ്പാം കോളുകള്‍ വിളിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."