അഫ്ഗാൻ: കൂനിൻമേൽ കുരു പോലെ ഭൂചലനം
കാബൂൾ
യു.എസ് അധിനിവേശ സൈന്യം പിൻമാറിയതിനെത്തുടർന്നുള്ള പ്രത്യേക സാഹചര്യം മുതലെടുത്ത് താലിബാൻ അധികാരത്തിലേറിയതോടെ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്നതിനിടെയാണ് കൂനിൻമേൽ കുരു പോലെ തെക്കുകിഴക്കൻ അഫ്ഗാനിസ്താനെ ഭൂചലനം തകർത്തത്. ഉപരോധംമൂലം സാമ്പത്തികം ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധിയാണ് അഫ്ഗാൻ അഭിമുഖീകരിക്കുന്നത്. അധിനിവേശം തകർത്ത അഫ്ഗാന് താലിബാന്റെ വരവോടെ വിദേശസഹായങ്ങളും നിലച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഭൂചലനം തകർത്ത പ്രദേശങ്ങളിൽ പുനഃനിർമാണം വലിയ വെല്ലുവിളിയാവും.
താരതമ്യേന കനത്ത തീവ്രതയുള്ള ചലനമല്ല രേഖപ്പെടുത്തിയത് എങ്കിലും പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അശാസ്ത്രീയമായ കെട്ടിടനിർമാണങ്ങളുമാണ് കനത്ത ദുരന്തത്തിൽ കലാശിച്ചതും മരണസംഖ്യ ആയിരത്തിനടുത്തെത്തിച്ചതും. മണ്ണിടിച്ചിൽ പതിവുള്ള മേഖലയുമാണിത്.
ഹിന്ദുകുഷ് പർവതനിരകളോട് ചേർന്നുള്ള ദക്ഷിണേഷ്യയിലെ പ്രദേശങ്ങൾ ഭൂകമ്പസാധ്യതയുള്ളതും അതീവ ദുർബലപ്രദേശങ്ങളുമാണ്. 2015ൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ 200 ഓളം പേർ മരിച്ചിരുന്നു. വടക്കുകിഴക്കൻ അഫ്ഗാനിൽ 1998ലുണ്ടായ ഭൂചലനത്തിൽ 4,500 ഓളം പേരും മരിച്ചു. രാജ്യത്ത് ഭൂചലനങ്ങൾ പതിവാണ്. പ്രതിവർഷം 560 മരണങ്ങൾ ഭൂചലനംമൂലം ഉണ്ടാവുന്നതായാണ് ഔദ്യോഗിക ണക്ക്.
ഇന്നലെ രാവിലെ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദിന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ചചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതിയെയും യോഗം ചുമതലപ്പെടുത്തി. അഫ്ഗാനിലെ സ്ഥിതിഗതികൾ അതീവ ദാരുണമാണെന്ന് കുട്ടികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി യൂനിസെഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."