കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ വിമതപക്ഷം
ഷിൻഡെയെ അനുകൂലിച്ച് പത്തിലേറെ ശിവസേന എം.പിമാരും
മുംബൈ
42 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ശിവസേനയിലെ വിമതപക്ഷം. ഇവരെ പ്രദർശിപ്പിച്ച് ഏക്‌നാഥ് ഷിൻഡെ ശക്തിപ്രകടിപ്പിച്ചത് ഉദ്ധവ് താക്കറെയെ അമ്പരപ്പിച്ചിരിക്കുകയാണ്. 42 എം.എൽ.എമാർ ഷിൻഡെയുടെ കൂടെയുണ്ടെങ്കിൽ കൂറുമാറ്റ നിരോധനനിയമപ്രകാരം അവർക്കെതിരേ നടപടിയെടുക്കാനാകില്ല. 37 പേരുണ്ടെങ്കിൽ അവർക്ക് നിയമപരിരക്ഷ ലഭിക്കും. ശിവസേനയെ പിളർത്തി പുതിയ പാർട്ടിയുണ്ടാക്കാനും സാധിക്കും.
അതിനിടെ, ഷിൻഡെയെ അനുകൂലിച്ച് പത്തിലേറെ ശിവസേന എം.പിമാരും രംഗത്തെത്തിയത് ഉദ്ധവിന് തിരിച്ചടിയായി. ഇതിൽ രജൻ വിചാരെ, ശ്രീകാന്ത് ഷിൻഡെ എന്നിവർ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ടു എം.എൽ.എമാർ കൂടി ഗുവാഹത്തിയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ കൈലാഷ് പാട്ടീൽ, നിതിൻ ദേശ്മുഖ് എന്നീ എം.എൽ.എമാർ ഗുവാഹത്തിയിൽ നിന്ന് മടങ്ങിയതായി ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 20ലേറെ എം.എൽ.എമാരുമായി ശിവസേന നിയമസഭാകക്ഷി നേതാവായിരുന്ന ഏക്‌നാഥ് ഷിൻഡെ ഗുജറാത്തിലെ റിസോർട്ടിലേക്ക് പോയത്. തുടർന്ന് ഏതാനും എം.എൽ.എമാർ കൂടി അവിടെയെത്തി. ചൊവ്വാഴ്ച എം.എൽ.എമാരെ ബി.ജെ.പി ഭരണത്തിലുള്ള അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
അവിടെയുള്ള റാഡിസൻ ബ്ലൂ ഹോട്ടലിലാണ് നിലവിൽ എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."