അകലങ്ങള്‍ അകലാന്‍ പണിയെടുക്കുന്നവര്‍
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
രാത്രി 8 മണിക്ക് ഒരു മരണം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച്. കൊവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന റിസല്‍ട്ട് കിട്ടുമ്പോള്‍ സമയം രാത്രി 1: 10. നേരത്തേ സൂചന നല്‍കിയതനുസരിച്ച് വിഖായ സന്നദ്ധ പ്രവര്‍ത്തകരെ വിളിച്ചു. അന്നേരം അവര്‍ കൊവിഡ് പോസിറ്റീവായി മരണമടഞ്ഞ മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്ന തിരക്കിലാണ്. ഇതു കഴിഞ്ഞാല്‍ ഉടനെ വരാമെന്ന മറുപടി. അവര്‍ക്കുറക്കമില്ല. ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണുമായി ഭീതിപിടിച്ച് ജനം രാവും പകലും പുറത്തിറങ്ങാതിരിക്കുമ്പോള്‍ വിശ്രമം പോലുമറിയാതെ, ഭൗതികമായ ലാഭേച്ഛയില്ലാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് അവര്‍ ഓടുകയാണ്. മഹാമാരിയുടെ പിടിയിലമര്‍ന്ന് മൃത്യുവരിച്ചവരെ വൃത്തിയോടെ, മാന്യതയോടെ യാത്രയയക്കാന്‍ രാവും പകലുമില്ലാതെ അവര്‍ പണിയെടുക്കുകയാണ്. വിഖായ, ആമില തുടങ്ങിയുള്ള സന്നദ്ധ സംഘങ്ങള്‍ അവര്‍ക്കോ പ്രസ്ഥാനത്തിനോ മേല്‍വിലാസമുണ്ടാക്കാന്‍പോലും സമയം പാഴാക്കാതെ മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകകള്‍ തീര്‍ക്കുകയാണ്.
കൊവിഡ് കാല ദുരിതങ്ങളില്‍ ആശ്വാസമായി ഓടിയെത്തിയവരെക്കുറിച്ച് അനുഭവസ്ഥര്‍ ഹൃദയസ്പര്‍ശിയായി എഴുതിയ നൂറുകൂട്ടം വാട്‌സ്ആപ്പ് മെസേജുകള്‍ ഇതുപോലെ നാം കണ്ടുമറന്നു. ഓരോ ദുരന്തങ്ങളും കടന്നുപോകുന്നത് മനുഷ്യന്‍ എത്രമാത്രം ഉല്‍കൃഷ്ടനാണെന്ന സത്യം വിളിച്ചോതിക്കൊണ്ടാണ്. കാലമേറെക്കഴിഞ്ഞാലും മായ്ക്കപ്പെടാതെ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട സാമൂഹികപരിസരങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിയാണ്. ദുരന്ത മുഖങ്ങളെങ്കിലും ചേര്‍ത്തുപിടിക്കലിന്റെ സുന്ദരനിമിഷങ്ങളെ വരച്ചിടുന്ന മാനവികതയുടെ ബലം. ഒറ്റപ്പെടാന്‍ അനുവദിക്കില്ലെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന സഹജീവി സ്‌നേഹത്തിന്റെ സാന്ത്വനം. പേരറിയാത്തവര്‍, നാടറിയാത്തവര്‍, മനസിലും വേഷത്തിലും വിശുദ്ധിയുടെ മാലാഖമാരായി വന്നിറങ്ങി കൃത്യം നിര്‍വഹിച്ച് മടങ്ങുന്നവര്‍. ഫോട്ടോക്ക് പോസ് ചെയ്യലുകളില്ല. മുഖം കാണിക്കലുകളില്ല. ഭൗതിക താല്‍പര്യങ്ങളില്ല. അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറയുന്നുമില്ല.
അതോടൊപ്പം കാണാനാവുന്നുണ്ട്, രോഗികളെ ഒറ്റപ്പെടുത്തുന്ന ബന്ധുക്കളെയും ഭൗതിക ശരീരംപോലും ആശുപത്രികളില്‍നിന്ന് ഏറ്റുവാങ്ങാന്‍ വിസമ്മതിക്കുന്നവരെയും. പ്രാണനുവേണ്ടി പിടയുന്ന മനുഷ്യ ജീവനുകള്‍വച്ച് കളിക്കുന്ന നാണക്കേടുകളെയും നാം വായിക്കുന്നു. ആര് മരിക്കുമെന്നറിയാന്‍ അത്യാസന്ന നിലയിലുള്ള നൂറോളം രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ത്തി 22 രോഗികളെ കൊലപ്പെടുത്തിയ ആശുപത്രി മുതലാളിമാര്‍ ഒരു ഭാഗത്തും ഒരു നയാ പൈസ പോലും ഈടാക്കാതെ കൊവിഡ് സൗജന്യ ചികിത്സ ഏര്‍പ്പാടാക്കാന്‍ ജാഗ്രത കാണിക്കുന്ന ആശുപത്രി മുതലാളിമാര്‍ മറുഭാഗത്തും. എല്ലാ രംഗത്തുമുണ്ട് സ്വാര്‍ഥമോഹികളും നിസ്വാര്‍ഥ സേവകരും.
മനുഷ്യന്‍ മനുഷ്യനെ അഭിമുഖീകരിക്കാന്‍ ഭയക്കുന്ന, അടുത്തിരിക്കാന്‍ അറയ്ക്കുന്ന, അയല്‍ക്കാരനാണെങ്കില്‍ പോലും ചെവിയോര്‍ക്കാന്‍ മടിക്കുന്ന പുതിയൊരു സാമൂഹിക ചുറ്റുപാടിനെയാണ് കൊവിഡ് കാലം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കാനുള്ള ആഹ്വാനങ്ങള്‍ നിരന്തരമായി കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ കൂടുതലായി അവനവനിലേക്ക് ചുരുങ്ങുകയാണ്. അകലം പാലിക്കല്‍ വലിയൊരു സൗകര്യമായി കാണുന്നവര്‍ സമൂഹം മുഴുവനും തങ്ങളെ കൈയൊഴിയുന്ന സന്ദര്‍ഭത്തിലേ പാരസ്പര്യത്തിന്റെ മഹിമയറിയൂ. സാമൂഹിക അകലം ഒരിക്കലും മാനസിക അകലത്തിലേക്ക് ചെന്നെത്തിക്കരുത്.
പരോപകാരത്തിനായി നീക്കിവയ്ക്കുന്ന നിമിഷങ്ങള്‍ ഒരര്‍ഥത്തിലും നഷ്ടത്തിന്റേതല്ല. പ്രവാചകര്‍ (സ്വ) പറഞ്ഞു: 'ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറെ പ്രിയങ്കരന്‍ ഏറ്റവും നല്ല പരോപകാരിയാണ്' (ത്വബ്‌റാനി). 'ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു' എന്ന പ്രവാചകന്‍ ഈസാ (അ)ന്റെ വചനം ഖുര്‍ആന്‍ (മര്‍യം-31) ഉദ്ധരിക്കുന്നത് രോഗികളെ ശുശ്രൂഷിച്ചും അഗതികള്‍ക്കും അശരണര്‍ക്കും തണല്‍ നല്‍കിയും നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങളെ ഓര്‍മപ്പെടുത്തിയാണ്. പ്രവാചകന്‍ മൂസാ (അ) പീഡിത ജനതയുടെ വിമോചനത്തിന് നടത്തിയ സമരങ്ങള്‍ സുവിദിതമാണ്. മദ്‌യനിലെ ജലാശയത്തില്‍ അകറ്റി നിര്‍ത്തപ്പെട്ടിരുന്ന രണ്ട് സഹോദരിമാര്‍ക്ക് വിശ്വസ്ത സഹോദരനായി മൂസ (അ) സഹായം ചെയ്തു നല്‍കിയതും അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നല്ലൊരു വഴിത്തിരിവായതുമായ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍(അല്‍ ഖസ്വസ്വ്).
ഇലാഹീ പ്രീതിയെന്ന പരമമായ ലക്ഷ്യത്തിനായി തന്നിഷ്ടങ്ങള്‍ ബലി കഴിക്കാന്‍ വിശ്വാസിയെ പ്രാപ്തനമാക്കുകയാണ് മതം. വൈയക്തിക താല്‍പര്യങ്ങള്‍ക്കപ്പുറം അന്യന്റെ ആവശ്യത്തിന് പ്രാമുഖ്യം നല്‍കാനുള്ള മനസിന്റെ വിശാലതയെ ഇസ്‌ലാം സാധ്യമാക്കുന്നു. അത്തരം ജീവിത മാതൃകകളുടെ ഉത്തമ ഉദാഹരണങ്ങളായിരുന്നു പ്രവാചക തിരുമേനി(സ്വ)യും അവിടത്തെ കുടുംബവും അനുചരന്‍മാരും. ആയിശ (റ) പറഞ്ഞു: 'ഞങ്ങള്‍ക്ക് വേണമെങ്കില്‍ വയര്‍ നിറയെ ഭക്ഷിക്കാമായിരുന്നു. പക്ഷേ മുഹമ്മദ് (സ്വ) സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്കായിരുന്നു പരിഗണന നല്‍കിയിരുന്നത്'. ഈ സ്വഭാവം സ്വായത്തമാക്കേണ്ടത് എങ്ങനെയെന്നതിന് നബി തങ്ങള്‍ (സ്വ) തന്നെയാണ് നല്ല മാതൃക. തന്റെയും കുടുംബത്തിന്റെയും ശക്തമായ ആവശ്യം പാവപ്പെട്ട മുസ്‌ലിംകള്‍ക്കുവേണ്ടി തൃണവത്ഗണിക്കാന്‍ അവിടുന്ന് മടി കാണിച്ചില്ല. തങ്ങള്‍ കുടുംബത്തോട് പറയാറുണ്ടായിരുന്നു: 'സ്വുഫ്ഫതുകാര്‍ വിശന്നു വയറൊട്ടി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നതല്ല' (അഹ്മദ്).
എല്ലാവിധ സാഹചര്യങ്ങളിലും സഹോദരന്റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കാന്‍ നബി തങ്ങള്‍ സ്വഹാബത്തിന് പ്രേരണ നല്‍കി. സ്വാര്‍ഥതക്കുവേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍നിന്ന് അപരന്റെ ആവശ്യത്തിനുവേണ്ടി സമയം ചെലവഴിക്കുന്നതിലേക്ക് സമുദായത്തെ വഴിതിരിച്ചു. തങ്ങള്‍ പഠിപ്പിച്ചു: 'ആരുടെയെങ്കിലും വാഹനത്തില്‍ ഇരിപ്പിടം ബാക്കിയുണ്ടെങ്കില്‍ വാഹനമില്ലാത്തവന് നല്‍കുക. ആരുടെയെങ്കിലും പക്കല്‍ ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ ഭക്ഷണമില്ലാത്തവന് നല്‍കുക' (മുസ്‌ലിം).
ഈ സ്വഭാവഗുണത്തിന്റെ നയന മനോഹരമായ സാക്ഷ്യമായി ഹിജ്‌റയുടെ ചരിത്രം. വീടും സമ്പത്തും ജന്മനാടും ഉപേക്ഷിച്ച് മദീനയില്‍ പലായനം ചെയ്‌തെത്തിയ മുഹാജിറുകളെ അന്‍സ്വാറുകള്‍ ഹൃദയപൂര്‍വം വരവേറ്റു. വീട്ടിലും ധനത്തിലും കുടുംബത്തിലുംവരെ അവര്‍ക്ക് പ്രാതിനിധ്യം നല്‍കി. അവരുടെ മഹാമനസ്‌കതയെ ഖുര്‍ആന്‍ വാഴ്ത്തി. 'അവരുടെ വരവിന് മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവച്ചവര്‍. തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് നല്‍കപ്പെട്ട ധനം സംബന്ധിച്ച് തങ്ങളുടെ മനസുകളില്‍ ഒരാവശ്യവും എത്തിക്കുന്നില്ലതാനും. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍' (അല്‍ ഹശ്ര്‍-9).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."