ഹോങ്കോങ്ങില്‍ മാധ്യമസ്ഥാപനത്തില്‍ റെയ്ഡ്
ഹോങ്കോങ്: ജനാധിപത്യ അനുകൂല ദിനപത്രമായ ആപ്പിള്‍ ഡെയ്‌ലിയില്‍ ഹോങ്കോങ് പൊലിസ് റെയ്ഡ് നടത്തി എഡിറ്റര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആപ്പിള്‍ ഡെയ്‌ലിയുമായി ബന്ധമുള്ള മൂന്ന് കമ്പനികളുടെ 23 ലക്ഷം ഡോളറിന്റെ സ്വത്തുക്കളും മരവിപ്പിച്ചു.
പത്രത്തിന്റെ ഉടമ ജിമ്മി ലായ് നേരത്തെ ജയിലിലാണ്. എഡിറ്റര്‍ ഇന്‍ ചീഫ് റയാന്‍ ലോ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ച്യൂംങ് കിം ഹങ്, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ചൗ ടാറ്റ് ക്വാന്‍, ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ചാന്‍ പ്യൂമാന്‍, ചീഫ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ച്യൂങ് ചി വായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആപ്പിള്‍ ഡെയ്‌ലി അറിയിച്ചു. ഇവര്‍ വിദേശശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടെന്നാണ് പൊലിസ് ഭാഷ്യം.
ചൈനയ്‌ക്കെതിരേ നിലപാട് സ്വീകരിച്ച പത്രമാണ് ആപ്പിള്‍ ഡെയ്‌ലി. 500 ലേറെ പൊലിസുകാരാണ് റെയ്ഡിനെത്തിയത്. എഡിറ്റര്‍ ഇന്‍ ചീഫിനെ ഓഫിസില്‍വച്ചും മറ്റുള്ളവരെ വീടുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രേഖകളും മറ്റും പൊലിസ് പിടിച്ചെടുത്തു.2019 മുതല്‍ ആപ്പിള്‍ ഡെയ്‌ലി ചൈനീസ് സര്‍ക്കാരിനും ഹോങ്കോങ്ങിനും ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് 30 ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന് പൊലിസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആപ്പിള്‍ ഡെയ്‌ലി ലിമിറ്റഡ്, ആപ്പിള്‍ ഡെയ്‌ലി പ്രിന്റിങ് ലിമിറ്റഡ്, എ.ഡി ഇന്റര്‍നെറ്റ് ലിമിറ്റഡ് എന്നിവയുടെ ആസ്തികളാണ് മരവിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി നിരവധി ജനാധിപത്യ പ്രക്ഷോഭകരെ ഹോങ്കോങ് അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിന്റെ തല്‍സമയ ദൃശ്യം പത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ കംപ്യൂട്ടറുകളും പരിശോധിക്കുന്ന ദൃശ്യം പത്രം പുറത്തുവിട്ടു. മാധ്യമ ഉപകരണങ്ങള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും വാറന്റ് ഉണ്ടായിരുന്നുവെന്ന് പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."