പ്രവാസിയുടെ കൊല: കുരുക്കു മുറുക്കി അന്വേഷണസംഘം, മരണകാരണം തലയ്ക്കേറ്റ ക്ഷതവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും
കാസര്‍കോട്: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രവാസിയുടെ കേസ് പതിനാറ് അംഗ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. അബൂബക്കര്‍ സിദ്ദിഖിന്റെ മരണത്തെക്കുറിച്ച് കാസര്‍കോട് ഡി.വൈ.എസ്.പി. പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. വിദേശത്തുനിന്നുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സിദ്ദിഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിച്ചെന്നും പൊലിസ് പറഞ്ഞു.
അതേ സമയം തലയ്ക്കേറ്റ ക്ഷതവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും മൂലമാണ് അബൂബക്കര്‍ സിദ്ദിഖിന്റെ മരണ കാരണമെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കാലിന്റെ ഉപ്പൂറ്റിയില്‍ അടികൊണ്ട പാടുകളും ഉണ്ട്.
സിദ്ദിഖിന്റെ സഹോദരന് അന്‍സാരിയെയും ബന്ധുവിനെയും കഴിഞ്ഞ ദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സിദ്ദിഖിന്റെ സഹോദരന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."