ബഫർ സോൺ: കേരളം തിരുത്തൽ ഹരജി നൽകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം•സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫർ സോൺ ആക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ കേരളം തിരുത്തൽ ഹരജി നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്നലെ നിയമസഭയിൽ വാദപ്രതിവാദം ഉണ്ടാവുകയും പ്രതിപക്ഷം സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു യോഗം.
വിശദ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മാണ സാധ്യത പരിശോധിക്കാൻ യോഗത്തിൽ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ജനവാസ മേഖല ഒഴിവാക്കി ബഫർസോൺ പുനര്‍നിർണയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്രത്തിന് കേരളം സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദേശം ഒരാഴ്ചയ്ക്കകം കേന്ദ്ര എംപവേഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു. നിലവിൽ ബഫർ സോൺ പരിധിയിൽ വരുന്ന കെട്ടിടങ്ങളെയും നിർമാണ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇതിന് പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.
കേരളത്തിൻ്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തെയും എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. സുപ്രീംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്രവുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്. ഉന്നതതല യോഗത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."