തോക്കുചൂണ്ടി വ്യാപാരിയുടെ പണം കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജിതം
കാസര്‍കോട്: ചെര്‍ക്കളയില്‍ തോക്കുചൂണ്ടി സ്വര്‍ണ വ്യാപാരിയുടെ കോടികള്‍ തട്ടിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ഏഴിന് വൈകിട്ട് അഞ്ചിനു നടന്ന സംഭവം സംബന്ധിച്ച് അന്വേഷണ സംഘം വിശദമായ അന്വേഷണത്തിലാണ്. സംഭവം നടന്ന് 13 ദിവസത്തിനു ശേഷമാണ് പരാതി ലഭിക്കുന്നത്. ഇതുകൊണ്ടുതന്നെ സംഭവം സംബന്ധിച്ച ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ഇതും പൊലിസ് അന്വേഷിക്കുന്നുണ്ട്.
പൂനെയിലെ സ്വര്‍ണവ്യാപാരിയായ വികാസിന്റെതാണ് നഷ്ടപ്പെട്ട പണമെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. പൂനയിലെയും തലശ്ശേരിയിലേയും വികാസിന്റെ ജ്വല്ലറികളിലെ ജീവനക്കാരനായ ഗണേഷിന്റെ (22) പരാതിയിലാണ് വിദ്യാനഗര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. ഗണേഷും ഡ്രൈവറായ തലശ്ശേരി സ്വദേശി പ്രജീഷും ചേര്‍ന്നാണ് പണം തലശ്ശേരിയിലേക്ക് എര്‍ട്ടിഗ കാറില്‍ കൊണ്ടുപോയിരുന്നത്. മംഗളുരിവില്‍ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ കാസര്‍കോട് ചെര്‍ക്കള വളവ് കഴിഞ്ഞുള്ള ഇറക്കത്തില്‍ വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇവരുടെ കാറിലിടിക്കുകയായിരുന്നു. ഉടന്‍തന്നെ സംഘം വാഹനത്തിനകത്തുകയറി തോക്കുചൂണ്ടി ഗണേഷിനെ ബോധംകെടുത്തിയശേഷം കാറുമായി മയിലാട്ടിയിലെ ഒരു കാര്‍ ഷോറൂമിന് സമീപം കൊണ്ടുപോയി രഹസ്യ അറകളില്‍വച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. കാറില്‍ നിന്നും ഒന്നരകോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഹവാല ഇടപാടും പൊലിസ് തള്ളിക്കളയുന്നില്ല.
അതിനിടെ ദേശീയപാതയോരം കേന്ദ്രീകരിച്ചു നേരത്തെ കവര്‍ച്ച നടത്തി ജയിലിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത കവര്‍ച്ചക്കാരില്‍ ചിലരെ കേസന്വേഷിക്കുന്ന പൊലിസ് സംഘം ചോദ്യം ചെയ്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."