കോഴപൊട്ടിത്തെറിച്ചു ബി.ജെ.പിയില്‍ കൂട്ടരാജി, പുറത്താക്കല്‍
നേതൃത്വത്തിനെതിരേ പ്രതികരിച്ച യുവമോര്‍ച്ചാ പ്രസിഡന്റുമാരെ നീക്കി
നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയില്‍ കൂട്ടരാജി
കല്‍പ്പറ്റ: കോഴ, കുഴല്‍പണ വിവാദങ്ങള്‍ക്കുപിന്നാലെ വയനാട്ടില്‍ ബി.ജെ.പിക്കുള്ളില്‍ പൊട്ടിത്തെറി. ജെ.ആര്‍.പി അധ്യക്ഷ സി.കെ ജാനുവിനെ മുന്നണിയുടെ ഭാഗമാക്കാന്‍ കോഴ നല്‍കിയെന്ന വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് ലിനില്‍ കുമാര്‍ എന്നിവരെ പദവികളില്‍നിന്നു നീക്കി.
പിന്നാലെ നടപടിയില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റികളിലേയും ഒമ്പത് പഞ്ചായത്ത് കമ്മിറ്റികളിലേയും ഭാരവാഹികള്‍ രാജിവച്ചു.
കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി രാജിവച്ചവര്‍ പറഞ്ഞു.സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കാണിച്ചാണ് ഭാരവാഹികളെ പാര്‍ട്ടി പുറത്താക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കുള്ളിലുണ്ടായ ഭിന്നതയുടെ തുടര്‍ച്ചയാണ് യുവജനസംഘടനാ നേതാക്കള്‍ക്കെതിരായ നടപടി.
തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ചാ നേതാക്കളും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായ വീഴ്ചകളും സാമ്പത്തിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചതാണ് കൈയാങ്കളിക്ക് ഇടയാക്കിയത്. മീനങ്ങാടിയില്‍ അമിത്ഷാ പങ്കെടുത്ത പരിപാടിയില്‍നിന്നു ദീപു പുത്തന്‍പുരയിലിനെ ബി.ജെ.പി നേതൃത്വം മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
പ്രവര്‍ത്തകരുടെ എതിര്‍പ്പുവകവയ്ക്കാതെ സി.കെ ജാനുവിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന അധ്യക്ഷന്റെ നീക്കങ്ങളും പ്രചാരണരംഗത്തെ ഗ്രൂപ്പിസവും സാമ്പത്തിക തിരിമറികളുമാണ് ഭാരവാഹികള്‍ ഉള്‍പെടെയുള്ളവരെ ചൊടിപ്പിച്ചത്. കോഴ വിവാദത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കി.
അഴിമതി നടത്തിയവര്‍ അകത്തും തെറ്റു ചൂണ്ടിക്കാട്ടിയവര്‍ പുറത്തും എന്ന നിലപാടാണ് പാര്‍ട്ടിക്കെന്ന് ദീപു പുത്തന്‍പുരയില്‍ സാമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
ലിനില്‍ കുമാറാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, കെ സദാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു.സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തുവച്ച് സി.കെ ജാനുവിന് പത്തു ലക്ഷം കൊടുത്തതിനു ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍വച്ച് 25 ലക്ഷം കൂടി കൊടുത്തുവെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു.
പ്രശാന്ത് മലവയലാണ് ഈ തുക പൂജാദ്രവ്യങ്ങളെന്ന പേരില്‍ ജാനുവിന് എത്തിച്ചു കൊടുത്തതെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."