ഒരു കൈയ്യബദ്ധം: പാക്കിസ്ഥാനിലേക്ക് മിസൈല്‍ വിട്ടത്തില്‍ രാജ്യത്തിന് നഷ്ടം 24 കോടി
പാക്കിസ്ഥാനിലേക്ക് മിസൈല്‍ വിട്ടത്തില്‍ രാജ്യത്തിന് നഷ്ടം 24 കോടി
ന്യൂഡല്‍ഹി: അബദ്ധത്തില്‍ മിസൈല്‍ അയച്ചതിന് നഷ്ടം 24 കോടി. അബദ്ധത്തില്‍ പാകിസ്താനിലേക്ക് മിസൈല്‍ അയച്ച സംഭവത്തിലാണ് രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ സംഭവത്തെ തുടര്‍ന്ന് അയല്‍രാജ്യവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നും കേന്ദ്രം അറിയിച്ചു. ശബ്ദത്തെക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള മിസൈലാണ് അതിര്‍ത്തികടന്ന് പാകിസ്താനിലെ മിയാന്‍ ചുന്നു പട്ടണത്തില്‍ പതിച്ചത്.
സംഭവത്തില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വിങ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ വിഷയവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിരുന്നു. ശര്‍മയുടെ ഹര്‍ജിയില്‍ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചു.
ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മിസൈല്‍ പാളിച്ചയെക്കുറിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹം താത്പര്യം പ്രകിടിപ്പിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. 23 വര്‍ഷത്തിനിടെ ആദ്യമായാണ് വ്യോമസേനയില്‍ ഇത്തരമൊരു നടപടിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
സംഭവം നടക്കുമ്പോള്‍ താന്‍ സേനയിലെ എന്‍ജിനിയറിങ് ഓഫീസറായിരുന്നുവെന്ന് അഭിനവ് ശര്‍മ കോടതിയെ അറിയിച്ചു. കേവലം അറ്റകുറ്റപ്പണികള്‍ക്കുള്ള പരിശീലനം മാത്രമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. മറിച്ച് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ പരിശീലനം തനിക്ക് ലഭിച്ചിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് താന്‍ എല്ലാ ചുമതലകളും നിര്‍വഹിച്ചതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പൊതുതാത്പര്യപ്രകാരമാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം.
കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് ഏഴിന് രാജസ്ഥാനിലെ വ്യോമസേനാതാവളത്തില്‍ നിന്നാണ് ആണവേതര മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്. പാക് അതിര്‍ത്തിയില്‍നിന്ന് 124 കിലോമീറ്റര്‍ ഉള്ളിലായാണ് മിസൈല്‍ പതിച്ചത്. ഒരു വീടുള്‍പ്പെടെയുള്ള വസ്തുവകകള്‍ തകര്‍ന്നു. മിസൈലില്‍ സ്‌ഫോടകവസ്തു ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ഖേദവുമറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."