കൂടുതല്‍ വീടുകള്‍ പൊളിച്ചുനീക്കാന്‍ നോട്ടിസ് ലക്ഷദ്വീപില്‍ ഓലമടല്‍ സമരം ഇന്ന്
സ്വന്തം ലേഖകന്‍
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജന വിരുദ്ധ ഉത്തരവുകള്‍ക്കെതിരേ ഓല മടല്‍ സമരം ഇന്ന്.
ലക്ഷദ്വീപ് ഖരമാലിന്യ സംസ്‌കരണ നിയമം 2018ന്റെ ചുവടുപിടിച്ച് ഓലയും മടലും ചിരട്ടയും ഉള്‍പ്പെടെയുള്ളവ മാലിന്യമായി പ്രഖ്യാപിച്ചു പിഴ ഈടാക്കുമെന്ന ഉത്തരവിനെതിരേയാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തുന്നത്. വീടിന് മുന്നിലും പറമ്പിലും ഓലയും മടലും കൂട്ടിയിട്ടു അതിന് മുകളില്‍ പ്ലക്കാര്‍ഡ് പിടിച്ചു കിടക്കുന്ന വ്യത്യസ്ത സമര പരിപാടിയാണ് രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെ നടക്കുന്നത്. ഇന്നലെ നടത്താന്‍ ആസൂത്രണം ചെയ്ത സമരം ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്.
തെങ്ങുകൃഷി പ്രധാന ഉപജീവനമായ ദ്വീപില്‍ ഓലയും മടലും സര്‍വസാധാരണമാണ്. ഇത് പൊതുസ്ഥലത്തും പറമ്പിലും റോഡിന് സമീപവും കൂട്ടിയിടുന്നത് ശിക്ഷാര്‍ഹമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓലയും മടലും കത്തിക്കുന്നത് പരിസര മലിനീകരണം സൃഷ്ടിക്കുമെന്നതിനാല്‍ അതും പാടില്ലെന്നാണ് നിര്‍ദേശം. മാലിന്യ സംസ്‌കരണത്തിനു സംവിധാനം ഒരുക്കാതെ ഉത്തരവുകള്‍ മാത്രം ഇറക്കുന്നതിനെയാണ് ദ്വീപ് ജനത എതിര്‍ക്കുന്നത്.
ഇതിനിടെ കൂടുതല്‍ വീടുകളും നിര്‍മാണങ്ങളും പൊളിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ഒമാര്‍ വിവിധ ദ്വീപുകളില്‍ ജനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. തീരദേശത്ത് 20 മീറ്ററിനുള്ളിലുള്ള നിര്‍മാണങ്ങള്‍ സംബന്ധിച്ച് ജൂണ്‍ 30 നകം വിശദീകരണം നല്‍കണമെന്നും, അല്ലാത്തപക്ഷം ഉടമകളുടെ ചെലവില്‍ പൊളിച്ചു മാറ്റുമെന്നുമാണ് നോട്ടിസ്. കവരത്തിയില്‍ മാത്രം 102 പേര്‍ക്ക് നോട്ടിസ് നല്‍കി. ഇതില്‍ 20 വീടുകള്‍ പൊളിച്ചു മാറ്റണമെന്നാണ് നിര്‍ദേശം.
ചിലരുടെ കക്കൂസുകളും ജലസംഭരണികളും പൊളിച്ചു നീക്കണമെന്നും നിര്‍ദേശമുണ്ട്. നിയമപരമായി പരിരക്ഷ ലഭിക്കേണ്ട ഭൂമിയിലെ നിര്‍മാണങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടവയിലുണ്ട്. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഹസന്‍ ബൊഡുമുക്ക ഗോത്തിയും കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ ഖാദറും പറഞ്ഞു.
ചിലരുടെ ഭൂമി വലിയ തോതില്‍ കടലെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിന് നഷ്ടപരിഹാരമോ പകരം ഭൂമിയോ ലഭിച്ചിട്ടില്ല. ഇത്തരത്തിലുള്ളവരുടെ വീടുകള്‍ സ്വഭാവികമായും തീരത്തോട് ചേര്‍ന്നായിരിക്കും. പുനരധിവാസ പാക്കേജ് നടപ്പാക്കാതെയുള്ള ഒഴിപ്പിക്കല്‍ അംഗീകരിക്കാനാവില്ലെന്നാണ് ജനപ്രതിനിധികളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."