ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍ സംരംഭകരെ ശാക്തീകരിക്കുന്നു
ഐപിഎ പുതിയ ഓഫീസ് തുറന്നു
ദുബായ്: ദുബായ് കേന്ദ്രമായ മലയാളി ബിസിനസ് നെറ്റ്‌വര്‍ക് ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) പുതിയ ഓഫീസ് തുറന്നു. ഖിസൈസ്-2ല്‍ ബിന്‍ അല്‍ഥാനി ബില്‍ഡിംഗിലാണ് ഓഫീസ് ആരംഭിച്ചത്. എസ്എഫ്‌സി ഗ്രൂപ് ചെയര്‍മാന്‍ മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐപിഎ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക്, ഫൗണ്ടര്‍മാരായ എ.കെ ഫൈസല്‍, ഷാഫി അല്‍ മുര്‍ഷിദി, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, മുന്‍ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് മെംബര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സംരംഭക ഉപയോക്താക്കള്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു
സംരംഭകരെ ശാക്തീകരിക്കുന്നതില്‍ ബിസിനസ് നെറ്റ്‌വര്‍ക്കുകള്‍ക്ക് ഏറെ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് എസ്എഫ്‌സി മുരളീധരന്‍ പറഞ്ഞു. സംരംഭകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങളും സാധ്യതകളും ഈ ശൃംഖലകളിലൂടെ ലഭ്യമാകും. ഐപിഎ പോലുള്ള നെറ്റ്‌വര്‍ക്കുകള്‍ക്ക് ഈ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലായി സംരംഭകരുടെയും പ്രഫഷണലുകളുടെയും തുടര്‍ച്ചയായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികള്‍ ഐപിഎ സംഘടിപ്പിച്ചിട്ടുണ്ട്. എന്റര്‍പ്രൈസ് വെബിനാറുകള്‍, ബിസിനസ് മീറ്റുകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍,പ്രദര്‍ശനങ്ങള്‍, വിജയിച്ച സംരംഭകരുടെ പ്രചോദന സദസ്സുകള്‍, മ്യൂച്വല്‍ നെറ്റ്‌വര്‍കിംഗ്, നിക്ഷേപാവസരങ്ങള്‍ അടക്കം ഈ മേഖലയിലുള്ളവര്‍ക്ക് ഗുണകരമായ സേവനങ്ങള്‍ ഐപിഎ പ്‌ളാറ്റ്‌ഫോം വഴി നടത്തിയിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ ലക്ഷ്യം വെച്ചാണ് ദുബായില്‍ പുതിയ ഓഫീസ് തുറന്നത്. 200ലധികം സംരംഭക ഉപഭോക്താക്കള്‍ ഐപിഎയിലുണ്ട്.
ഐപിഎ ശൃംഖല ശക്തിപ്പെടുത്തുന്നത് തുടരുമ്പോള്‍ അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനും യുഎഇക്ക് പുറത്തുള്ള മലയാളി സംരംഭകരുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടുതല്‍ സംരംഭകര്‍ക്ക് അസോസിയേഷന്റെ വൈദഗ്ധ്യവും പിന്തുണയും പ്രയോജനപ്പെടുത്താന്‍ അനുവദിക്കുന്ന തരത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രധാന ബിസിനസ് ഹബ്ബുകളില്‍ ചാപ്റ്ററുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആലോചനയിലുണ്ടെന്ന് ചെയര്‍മാന്‍ സൈനുദ്ദീന്‍ വ്യക്മാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."