രാമനാട്ടുകര അപകടത്തിന് ഒരാഴ്ച; സ്വര്‍ണക്കടത്തില്‍ വലയിലാകാന്‍ ഇനി വമ്പന്മാര്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി (മലപ്പുറം): രാമനാട്ടുകയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവും തുടര്‍ന്നാരംഭിച്ച സ്വര്‍ണക്കടത്ത് അന്വേഷണവും ഒരാഴ്ച പിന്നിടുമ്പോള്‍ കേസില്‍ വരുതിയാലാവാനുള്ളത് ഇനി വമ്പന്മാര്‍.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ചുപേര്‍ രാമനാട്ടുകര പുളിഞ്ചോട്ടില്‍ വാഹനാപകടത്തില്‍ മരിച്ചത്. അപകടം നടന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്വര്‍ണക്കടത്ത് കുടിപ്പകയുടെ ഇരകളാണ് മരിച്ചവരെന്ന് കണ്ടെത്തിയ പൊലിസ് 10 പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയുടേയും ഒറ്റിക്കൊടുക്കലിന്റെയും ഞെട്ടിക്കുന്ന കഥകളാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.11 കോടിയുടെ സ്വര്‍ണവുമായെത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി ഷഫീഖില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനും അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായികളായി എത്തിയവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് അഞ്ചുപേരുടെ മരണത്തിന് അടക്കം കാരണമായത്.
ദുബൈയില്‍ നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കരിപ്പൂരില്‍ വച്ച് തട്ടിയെടുക്കാന്‍ എത്തിയ കണ്ണൂര്‍ സംഘം, സ്വര്‍ണം വാങ്ങാനുള്ള കൊടുവള്ളി സംഘം, ഇവരെ സഹായിക്കാനായി എത്തിയ ചെര്‍പ്പുളശ്ശേരി സംഘവുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലും ദേശീയപാതയിലുമായി ഏറ്റുമുട്ടിയത്.ചെര്‍പ്പുളശ്ശേരി സംഘത്തിലെ 15 പേരില്‍ അഞ്ചുപേര്‍ അപടകത്തില്‍ മരിച്ചു. എട്ടുപേര്‍ കേസില്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഒളിവിലാണ്. കൊടുവള്ളി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയതായി സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി, കൊടുവള്ളി സ്വദേശി സുഫിയാന്‍ തുടങ്ങിയവരിലേക്കാണ് കേസ് നിലവില്‍ എത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അടുത്തദിവസം പിടിയിലാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."