കുവൈത്തിൽ ജോലി നേടൽ ഇനി അത്ര എളുപ്പമാകില്ല; തൊഴിൽ വൈദഗ്ധ്യം പരിശോധിച്ച ശേഷം രാജ്യത്തേക്ക് പ്രവേശനം
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള പ്രവാസികളുടെ വരവ് ഇനി അത്ര എളുപ്പമാകില്ലെന്ന് സൂചിപ്പിക്കുന്ന നടപടിയുമായി കുവൈത്ത് ഭരണകൂടം. കുവൈത്തിലേക്ക് വരുന്ന തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം പരിശോധിച്ച ശേഷമാകും ഇനി വിസ അനുവദിക്കുക. ഇതിനായുള്ള സംവിധാനങ്ങൾ ഉടൻ അവതരിപ്പിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റിന്റെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.
വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ ഇവർ നിർദ്ദിഷ്ട ജോലികൾക്ക് യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഡോ. ഖാലിദ് മഹ്ദി പറഞ്ഞു. ഇതോടെ കൃത്യമായ യോഗ്യതകൾ ഉള്ളവർക്ക് മാത്രമാകും അതാത് ജോലികൾ ലഭിക്കുക.
“സ്വന്തം രാജ്യത്ത് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവാസി കുവൈത്തിലെത്തുമ്പോൾ എഞ്ചിനീയറായി ജോലി ചെയ്യുന്നത് അംഗീകരിക്കാനാകില്ല” - ഡോ. ഖാലിദ് മഹ്ദി പറയുന്നു.
ഇതോടെ എന്തെങ്കിലും ഒരു ജോലി ഗൾഫിൽ പോയി നോക്കാം എന്ന രീതി മാറും. കൃത്യമായ യോഗ്യതയും കഴിവും ഉള്ളവർക്ക് മാത്രമാകും ജോലി ലഭിക്കുക. വിദേശ പൗരന്മാർക്ക് ഉയർന്ന ഡിമാൻഡുള്ള മേഖലകൾ കണ്ടെത്തുന്നതിനും സ്വകാര്യമേഖലയിലെ യുവ കുവൈത്ത് പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾക്ക് മുൻഗണന നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
കുവൈത്തിലെത്തുന്നതിന് മുമ്പ് തന്നെ തൊഴിലാളികളുടെ വൈദഗ്ധ്യം ഓൺലൈൻ വഴി പരിശോധന നടത്താനാണ് പദ്ധതി. ഇതിന് ശേഷമാകും വിസ പ്രോസസിംഗ് നടപടികൾ ഉണ്ടാവുക. ഇതോടെ കുവൈത്തിൽ എത്തി ജോലി നോക്കുന്ന രീതിയും ശുപാർശകൾ വഴിയുള്ള ജോലി നേടലും ബുദ്ധിമുട്ടാകും.
കുവൈത്ത് പൗരന്മാർക്ക് കൂടുതൽ അവസരങ്ങളും പരിഗണനയും നൽകുന്നതിന്റെ ഭാഗമായാണ് നടപടി. ദേശീയ മനുഷ്യാവകാശ ദിവാൻ അംഗം ഡോ. അബ്ദുൾറെധ അസിരി, കുവൈത്തിലെ ലോകബാങ്കിന്റെ റസിഡന്റ് പ്രതിനിധി ഗസ്സാൻ അൽഖോജെ തുടങ്ങിയവർ ഈ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."