ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
1977ലായിരുന്നു ഇരുവരും തമ്മിലെ വിവാഹം.
'മികച്ച, സുന്ദരിയായ, ആശ്ചര്യപ്പെടുത്തിയ സ്ത്രീയായിരുന്നു ഇവാന. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവളുടെ അഭിമാനവും സന്തോഷവും മൂന്ന് മക്കളായിരുന്നു ഡൊണാള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക്. ഞങ്ങള്‍ എല്ലാവരും അവളെക്കുറിച്ച് അഭിമാനിക്കുന്നതുപോലെ അവള് അവരെക്കുറിച്ച് അഭിമാനിച്ചു' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മുന്‍ ചെക്കോസ്ലോവാക്യയില്‍ വളര്‍ന്ന ഇവാന മോഡലായിരുന്നു. കുട്ടിക്കാലത്ത് സ്കീയിങ് ചെയ്യുമായിരുന്ന അമ്മയെ കുറിച്ച് എറിക് ട്രംപ് കുറിച്ചതിങ്ങനെ 'ഞങ്ങളുടെ അമ്മ അസാധ്യ സ്ത്രീയായിരുന്നു ബിസിനസ്സില്‍ ശക്ത, ലോകോത്തര അത്ലറ്റ്, തിളങ്ങുന്ന സൗന്ദര്യം, കരുതലുള്ള അമ്മയും സുഹൃത്തും. മൂന്ന് മക്കളും 10 പേരക്കുട്ടികളും മിസ് ചെയ്യും' .
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ബിസിനസിലൂടെയും നിരവധി പുസ്തകങ്ങള്‍ എഴുതിയും സജീവമായിരുന്നു ഇവാന.
നടി മാര്‍ല മാപ്പിള്‍സുമായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധമാണ് ഇവാന അകലാന്‍ കാരണമെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. 90കളുടെ തുടക്കത്തിലാണ് ട്രംപും ഇവാനയും വിവാഹമോചനം നേടിയത്. 1993ല്‍ ട്രംപ് മാപ്പിള്‍സിനെ വിവാഹം കഴിച്ചു.1999ല്‍ ട്രംപും മാപ്പിള്‍സും പിരിഞ്ഞു. 2005ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."