സൽമാൻ രാജാവുമായും കിരീടാവകാശിയുമായും ബൈഡൻ കൂടിക്കാഴ്ച്ച നടത്തി
ജിദ്ദ: ദ്വിദിന സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ ജിദ്ദയിൽ എത്തിയ ബൈഡൻ രാത്രിയോടെയാണ് ഇരു രാഷ്ട്ര തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. ജിദ്ദയിലെ അൽ സലാം രാജ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
കൂടിക്കാഴ്ചയിൽ സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നേതാക്കൾ അവലോകനം ചെയ്തു. ബഹിരാകാശം, നിക്ഷേപം, ഊർജം, വാർത്താവിനിമയം, ആരോഗ്യം എന്നിവ ഉൾപ്പെടുന്ന 18 കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചു.
കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽ-ഐബാൻ യോഗത്തിൽ പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും അമേരിക്കയുടെ ഭാഗത്ത് നിന്ന് യോഗത്തിൽ പങ്കെടുത്തു. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച്ചയിൽ, സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു. നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും മേഖലയിലെയും മറ്റും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള വഴികളും അവർ അവലോകനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."