ഈ കൂച്ചുവിലങ്ങ് കേരളത്തെ അമ്പരപ്പിക്കുന്നു
സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ സംഘടന കേരള പത്രപ്രവർത്തക യൂനിയൻ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ അസാധാരണ മാർച്ചിൽ മുഖ്യമായും ആറു ആവശ്യങ്ങളാണ് ഉയർത്തിപ്പിടിച്ചിരുന്നത്. അതിൽ ആദ്യത്തെ മൂന്നെണ്ണം മാധ്യമപ്രവർത്തകരുടെ ക്ഷേമമോ ആനുകൂല്യമോ തൊഴിൽ സാഹചര്യമോ മെച്ചപ്പെടുത്തണം എന്നായിരുന്നില്ല എന്നത് ചെറിയകാര്യമല്ല.
മാധ്യമ പ്രവർത്തകർക്കെതിരേ എടുത്ത കള്ളക്കേസ് പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തര വേള ചിത്രീകരിക്കാൻ ദൃശ്യ-പത്ര മാധ്യമങ്ങൾക്കുണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കുക എന്നീ ജനകീയ മുദ്രാവാക്യങ്ങളായിരുന്നു അത്. കേരളം പോലെ മാധ്യമപ്രബുദ്ധതയുള്ള ഒരു സംസ്ഥാനത്ത് ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തി മാധ്യമപ്രവർത്തകർക്ക് തെരുവിലിറങ്ങേണ്ടി വരുന്ന അവസ്ഥ തീർത്തും നിർഭാഗ്യകരവും ലജ്ജാവഹഹുമാണ്.
മാധ്യമസ്വാതന്ത്ര്യം എന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശം തന്നെയാണെന്ന് പ്രസംഗിച്ചാലോ, മാധ്യമ നിയന്ത്രണ നിയമങ്ങൾ ഒന്നൊന്നായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിലെ മോദി സർക്കാരിന്റേതു പോലെയല്ല കേരളത്തിലെന്നു സമർഥിക്കാൻ ശ്രമിച്ചതുകൊണ്ടോ ഇവിടെ മാധ്യമ സ്വാതന്ത്ര്യം പുലരില്ല. അതിനെ തുറന്നമനസോടെ ഉൾക്കൊള്ളാൻ ശ്രമിച്ചാലേ മാധ്യമ പ്രവർത്തകരുടെ തൊഴിലിടം സൗഹൃദപരമാകൂ. അപ്പോഴേ ജനാധിപത്യം ശക്തിപ്പെടൂ. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചാനൽ ലേഖികയ്ക്ക് എതിരേ എടുത്ത കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
കേസെടുത്തതിനെതിരേയുള്ള പ്രതിഷേധം ആഗോളതലത്തിൽ പോലും ഉയർന്നിട്ടും ഇടതു സർക്കാർ നിലപാടിൽ മാറ്റംവരുത്തിയിട്ടില്ലെന്നു മാത്രമല്ല, ഉത്തരവാദപ്പെട്ടവർ അതിനെ വീണ്ടും ന്യായീകരിച്ചു കൊണ്ടിരിക്കുകയുമാണ്.
വിവരങ്ങൾ നൽകുക മാത്രമല്ല, കുറവുകളും പാളിച്ചകളും പിഴവുകളും ചൂണ്ടിക്കാണിക്കുക കൂടി സംഭവിക്കുമ്പോഴേ മാധ്യമപ്രവർത്തനം പൂർണമാകുന്നുള്ളൂ. തങ്ങൾ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയെന്നും മാധ്യമങ്ങളും പ്രവർത്തകരും തങ്ങളുടെ വരുതിയിൽ നിൽക്കണമെന്നും ആര് കരുതിയാലും അത് അത്യധികം അപകടകരം തന്നെയാണ്.
നിർഭാഗ്യവശാൽ കേരളത്തിൽ ഭരണത്തിലുള്ള സി.പി.എം തന്നെ ഇത്തരം നിലപാടുകൾക്ക് കുടപിടിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. ഇടതുസർക്കാർ ഏറ്റവും ഭയപ്പെടുന്നത് മാധ്യമങ്ങളെയാണെന്ന് തോന്നിപ്പിക്കും വിധമാണ് സർക്കാരിന്റെയും പൊലിസിന്റെയും ഭാഗത്തു നിന്നുള്ള ഇടപെടലുകൾ എന്ന് പറയാതെ വയ്യ.
എസ്.എഫ്.ഐ നേതാവ് ജയിലിൽ കഴിയുമ്പോൾ പുറത്തു നടന്ന പരീക്ഷയിൽ നേതാവ് ജയിച്ചുവെന്ന് കെ.എസ്.യു നേതാവിന്റെ വെളിപ്പെടുത്തൽ തത്സമയം റിപ്പോർട്ടിങ്ങിനിടെ പുറത്തുപറഞ്ഞതിനാണ് ചാനൽ ലേഖികയ്ക്ക് എതിരേ കേസെടുത്തത്. ഒരു വാർത്ത വായിച്ചതിന് വാർത്ത അവതാരകനോട് പൊലിസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. വാർത്തകളുടെ സോഴ്‌സ് നൽകണമെന്ന് ലേഖകരോട് പൊലിസ് ആവശ്യപ്പെടുകയും ചെയ്തു. ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായ ഇത്തരം നടപടികൾ ഇവിടെ നിരന്തരം അരങ്ങേറികൊണ്ടിരിക്കുകയാണ്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇത്തരം മാധ്യമ കൈകടത്തൽ ആദ്യത്തേതല്ല. കൊവിഡ് കാലത്ത് വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഉദ്യോഗസ്ഥരെ ഇരുമ്പുമറയ്ക്കുള്ളിലാക്കിയത് മുൻ മാധ്യമ പ്രവർത്തക കൂടിയായ മന്ത്രിയുടെ ആശിർവാദത്തോടെയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായപ്പോൾ മാധ്യമ നിയന്ത്രണ ബിൽ കൊണ്ടുവരാൻ ശ്രമം നടത്തി. ശക്തിയായ പ്രതിഷേധം ഉയർന്നപ്പോഴാണ് തൽക്കാലത്തേക്ക് അവർ പിൻവാങ്ങിയത്. മുമ്പും ഇതേ പരീക്ഷണത്തിന് സർക്കാർ ശ്രമിച്ചിരുന്നുവെന്നതാണ് ഒരു വാൾ മാധ്യമങ്ങൾക്ക് നേരെ ഓങ്ങി വച്ചിരിക്കുന്നുവെന്നതിനെ അടിവരയിടുന്നത്.
പൊലിസ് നിയമത്തിലെ 118 എ ഭേദഗതി ചെയ്തായിരുന്നു ഈ നീക്കം. സൈബർ ആക്രമങ്ങൾ തടയാനെന്ന പേരിലെ ഭേദഗതി മാധ്യമങ്ങൾക്കെതിരേയും പ്രയോഗിക്കാവുന്ന രീതിയിലായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. കടുത്ത വിമർശനമുണ്ടായതോടെ ഓർഡിനൻസായി കൊണ്ടുവന്ന നിയമം മറ്റൊരു ഓർഡിനൻസിലൂടെ അഞ്ചു ദിവസം കഴിഞ്ഞപ്പോൾ സർക്കാരിന് പിൻവലിക്കേണ്ടിവരികയും ചെയ്തു. സർക്കാരിനും ഭരണാധികാരികൾക്കും എതിരേ നിലപാടെടുക്കുന്ന പത്രങ്ങൾക്കും ടി.വി ചാനലുകൾക്കുമെതിരേ എല്ലാ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും കൂച്ചുവിലങ്ങിടാൻ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഈ നിയമം. ഈ നിയമം
നിലനിൽക്കുന്നുണ്ടായിരുന്നുവെങ്കിൽ എത്ര മാധ്യമ പ്രവർത്തകർ വ്യവഹാരങ്ങളിൽപെട്ട് പൊലിസ് സ്‌റ്റേഷനും കോടതിയും കയറി ഇറങ്ങി നടക്കുമായിരുന്നുവെന്ന് ഓർത്തുനോക്കാവുന്നതാണ്. കൊവിഡിന്റെ പേരിൽ കൊണ്ടുവന്ന രണ്ട് മാധ്യമ വിലക്കുകൾ ഇപ്പോഴും തുടരുകയാണ്. എന്തിനാണ് മാധ്യമ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് പ്രവേശനത്തിനും നിയമസഭാ ചോദ്യോത്തര വേള ചിത്രീകരിക്കാൻ ദൃശ്യ-പത്ര മാധ്യമങ്ങൾക്കുള്ള വിലക്കും തുടരുന്നത്. ജനങ്ങൾ അറിയാൻ പാടില്ലാത്ത എന്തുകാര്യങ്ങളാണ് ഇവിടെയൊക്കെ നടക്കുന്നത്.
പരിഷ്‌കൃത സമൂഹത്തിൽ ആശയവിനിമയ ഉറവിടങ്ങൾ എന്ന നിലയ്ക്കും വിവരങ്ങൾ പൗരന്മാരെ യഥാസമയം കൃത്യമായി അറിയിക്കാനുള്ള സംവിധാനം എന്ന നിലയ്ക്കും പത്രസ്വാതന്ത്ര്യത്തിനും അവയുടെ നിലനിൽപ്പിനും വേണ്ടി നിലകൊള്ളേണ്ടത് പൗരന്മാരുടെ കൂടി ബാധ്യതയാണ്. പൊതുസമൂഹത്തിനാകമാനം ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്കു വേണ്ടിയും ഭരണകൂടങ്ങളുടെ ജനദ്രോഹ പദ്ധതികൾക്കെതിരേ പൊതുജന അഭിപ്രായ രൂപീകരണത്തിനും മാധ്യമങ്ങൾക്കേ കഴിയൂ. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിനാലാണ് ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി അവ മാറുന്നത്.
പൊതു താൽപര്യ വിഷയങ്ങളിൽ സംവാദങ്ങൾക്കും ശരിയായ പരിശോധനകൾക്കും വേദിയൊരുക്കാൻ പലപ്പോഴും മാധ്യമങ്ങൾ മുമ്പിലേക്ക് വരാറുണ്ട്. ഇതും ഭരണകൂടങ്ങൾക്ക് രുചിച്ചെന്നുവരില്ല. മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകൾ സത്യസന്ധമായി ഭരണം നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരികൾക്ക് വഴിവിളക്കുകളാകുന്നു എന്നതാണ് യാഥാർഥ്യം. ഭരണത്തിലെ പാളിച്ചകൾ കണ്ടെത്താനും പൗരന്മാരുടെ ആശങ്കകൾ മനസിലാക്കാനും അത് തിരുത്താനും ഭരണാധികാരികൾക്ക് ഇതുവഴി കഴിയും.
സർക്കാരിന്റെ നിയന്ത്രണങ്ങളിൽ നിന്നു മുക്തമായ മാധ്യമപ്രവർത്തനമാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയല്ല. എത്ര മൂടിക്കെട്ടിയാലും സത്യം പുറത്തുവരുക തന്നെ ചെയ്യും. യഥാർഥ മാധ്യമമൂല്യ സംരക്ഷണത്തിനായി നിലയുറപ്പിക്കുന്ന ഭരണകൂടങ്ങൾക്ക് ജനപിന്തുണ കൂടുകയേയുള്ളൂ. ജനവിരുദ്ധ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഭരണാധികാരികളെ അതു തടയുകയും ചെയ്യും.
Content Highlights:Editorial About Media Freedom
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."