ആദിവാസി ആചാരങ്ങളും സിഖുകാരുടെ വിവാഹ നിയമവും
കെ.എ.സലിം
വിവാഹസമയത്ത് വധു, തുണിയിൽ കുറച്ച് നെല്ലിട്ട് കുലുക്കിക്കളയുന്ന രീതിയുണ്ട് ജാർഖണ്ഡിലെ ആദിവാസി വിഭാഗമായ സന്താൽ ഗോത്രങ്ങൾക്കിടയിൽ. അവൾ ഇനിമുതൽ പിതാവിന്റെ ധാന്യം പൂർണമായി ഉപേക്ഷിക്കുകയും മറ്റൊരു ഗ്രാമത്തിലെ ധാന്യം മാത്രം ഭക്ഷിച്ചു ജീവിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ അർഥം. വിവാഹത്തോടെ പിതാവിന്റെ വീട്ടിലും സ്വത്തിലുമുള്ള അവകാശം ഇല്ലാതാവുന്നു. മാതാപിതാക്കൾ മരിച്ചു കഴിഞ്ഞാൽ വിവാഹിതയായ സഹോദരിക്ക് സഹോദരൻ ഒരു സാരി സമ്മാനിക്കും. ഇനി മുതൽ കുടുംബത്തിലെ സ്വത്തിലും ഒന്നിലും അവകാശമില്ലെന്നാണ് ഇതിന്റെ അർഥം. അതായത് ബന്ധം പറഞ്ഞ് ഇനിയിങ്ങോട്ട് വരേണ്ടെന്ന്.
സ്ത്രീകൾക്ക് സ്വത്തവകാശമെന്ന സങ്കൽപം ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾക്കിടയിലില്ല. ഏക സിവിൽകോഡിനെ ശക്തമായി എതിർക്കുന്ന 32 ആദിവാസി വിഭാഗങ്ങളുണ്ട് ജാർഖണ്ഡിൽ. ഇത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 26.3 ശതമാനമാണ്. വേട്ടയാടിയും വനത്തിലെ വസ്തുക്കൾ ശേഖരിച്ചും ജീവിക്കുന്ന ബിർഹോർ, കോർവ, ഹിൽ ഖരിയ വിഭാഗങ്ങൾ, കൃഷിക്കാരായ സൗരിയ പഹാരിയ വിഭാഗങ്ങൾ, കരകൗശലത്തൊഴിലാളികളായ മഹ്ലി, ലോഹ്‌റ, കർമാലി, ചിക് ബറൈക് വിഭാഗങ്ങൾ, സ്ഥിര താമസമാക്കി കൃഷി ചെയ്യുന്ന സന്താൽ, മുണ്ട, ഓറോൺ, ഹോ, ഭൂമിജ് വിഭാഗങ്ങൾ തുടങ്ങിയവയാണ് ഗോത്രങ്ങളിൽ പ്രധാനപ്പെട്ടത്. എല്ലാ വിഭാഗങ്ങൾക്കും അവരുടേതായ ആചാര നിയമങ്ങളുണ്ട്. ഇതിനെല്ലാം നിലവിൽ നിയമപരമായ അംഗീകാരവുമുണ്ട്.
മുണ്ട വിഭാഗങ്ങൾക്ക്, വിധവയായാൽ ഭർത്താവിന്റെ ഭൂമിയിൽനിന്ന് ചെറിയ ഭാഗം ലഭിക്കും. ആൺമക്കൾ ഉണ്ടെങ്കിൽ മാത്രമാണ് ഈ അവകാശം. മക്കളില്ലാതിരിക്കുകയോ പെൺമക്കൾ മാത്രമായിരിക്കുകയോ ചെയ്താൽ ഒട്ടും സ്വത്തവകാശമില്ല. എന്നാൽ കുറച്ച് ഭൂമി നൽകും. ഈ ഭൂമി പാട്ടത്തിന് നൽകാമെന്നല്ലാതെ അത് മരിച്ച ഭർത്താവിന്റെ ബന്ധുക്കളുടെ അനുമതിയില്ലാതെ വിൽക്കാനോ മറ്റോ അവകാശമുണ്ടാകില്ല. മറ്റൊരു വിവാഹം കഴിക്കുകയോ സ്വന്തം പിതാവിന്റെയോ സഹോദരന്റെയോ കൂടെ താമസിക്കാൻ തീരുമാനിക്കുകയോ ചെയ്താൽ ഭൂമിയിലുള്ള അവകാശം ഇല്ലാതാവും. പുനർവിവാഹം കഴിക്കുകയാണെങ്കിൽ സ്വന്തം ആഭരണങ്ങളും വസ്ത്രങ്ങളുമല്ലാതെ മറ്റൊന്നും എടുക്കാൻ അവകാശമില്ല.
ഏതെങ്കിലും മക്കൾ ഗോത്രത്തിന് പുറത്തുനിന്നാണ് വിവാഹം ചെയ്തതെങ്കിൽ അവർക്ക് സ്വത്തിന്റെ അവകാശം തന്നെയും ഇല്ലാതാകും.
ഭർത്താവ് ഭാര്യാവീട്ടിൽ താമസമാക്കുകയും ഭാര്യാപിതാവിനെ ജീവിതകാലം മുഴുവൻ കൃഷിയിൽ സഹായിക്കുകയും ചെയ്താൽ ഭാര്യാപിതാവിന്റെ സ്വത്തിൽ ഒരു വിഹിതം മരുമകന് അവകാശം ലഭിക്കും. ബാക്കി ഭാര്യാപിതാവിന്റെ മറ്റു ബന്ധുക്കൾക്ക് പോകും. ഭാര്യ ജീവിച്ചിരിപ്പുള്ള കാലം മാത്രമായിരിക്കും ഇങ്ങനെ കിട്ടിയ സ്വത്തിൽ മരുമകന് അവകാശം. ഭാര്യയുടെ മരണശേഷം സ്വത്തുക്കൾ ഭാര്യാപിതാവിന്റെ പുരുഷരായ ബന്ധുക്കൾക്കാണ് പോകുക.
ഇങ്ങനെ സ്വത്ത് ലഭിക്കാൻ അടുത്ത ബന്ധുവായിരിക്കണമെന്നില്ല. പുരുഷ ബന്ധുക്കളായി ആരും ജീവിച്ചിരിക്കുന്നില്ലെങ്കിൽ ആ സ്വത്തുക്കൾ സർക്കാർ സ്വത്തായി മാറും.
ഒറോൺ ഗോത്ര വിഭാഗങ്ങൾക്ക് ഇത്തരത്തിൽ മരുമക്കൾക്ക് സ്വത്ത് നൽകുന്ന രീതിയോ വിധവകൾക്ക് സ്വത്തു നൽകുന്ന രീതിയോ ഇല്ല. വിധവയായാൽ പോലും സമ്പൂർണമായും സ്ത്രീ സ്വത്തവകാശം ഇല്ലാത്ത സംവിധാനമാണ് അവർക്കുള്ളത്.
ശാന്താൽ ഗോത്രങ്ങളിൽ മക്കളില്ലാതെ ഒരാൾ മരിച്ചാൽ, സ്വത്ത് അവന്റെ പിതാവിന് കൈമാറുന്നു. മരിച്ചയാളുടെ പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ, സ്വത്ത് സഹോദരന്മാർക്ക് കൈമാറും. സഹോദരങ്ങൾ ഇല്ലെങ്കിൽ അവരുടെ പുത്രന്മാർ അവകാശമാക്കും.
അങ്ങനെയുള്ള പുത്രന്മാർ ഇല്ലെങ്കിൽ, പിതൃസഹോദരന്മാർക്കും അവരുടെ പുത്രന്മാർക്കും അനന്തരാവകാശം ലഭിക്കും. അപ്പോഴും വിധവയ്‌ക്കോ കുടുംബത്തിലെ സ്ത്രീകൾക്കോ അവകാശമില്ല. പ്രായപൂർത്തിയാകാത്ത ആൺമക്കളുള്ള ഒരു വിധവ തന്റെ സ്വത്ത് മുഴുവൻ മുത്തച്ഛന്റെയും അമ്മാവന്റെയും കൈവശം സൂക്ഷിക്കുന്നു. അവർക്കാണ് സ്വത്തിന്റെ മേൽനോട്ടം. പുത്രന്മാർ വിവാഹിതരാകുന്നതിന് മുമ്പ് വിധവ, പുനർവിവാഹം ചെയ്താൽ മുത്തച്ഛനും അമ്മാവന്മാരും എല്ലാ സ്വത്തും കൈവശപ്പെടുത്തും. വിധവയ്ക്ക് ഒന്നും ലഭിക്കാൻ അവകാശമില്ല.
മകൾക്ക് ഒരു വസ്തുവിലും അവകാശമില്ല. പിതാവ് പെൺമക്കളെ മാത്രം ഉപേക്ഷിക്കുകയാണെങ്കിൽ, അവരുടെ പിതാമഹനും അമ്മാവനുമാണ് അവരുടെ ചുമതല. താബെൻ ജോം എന്ന ആചാരത്തിൽ, അവിവാഹിതരായ പെൺമക്കൾക്ക് വീടു വയ്ക്കാൻ അൽപം ഭൂമി നൽകുന്നു. വിവാഹം കഴിഞ്ഞാൽ പെൺകുട്ടി പിതാവിന്റെ ഗ്രാമവും സ്വത്തുക്കളും പൂർണമായും വിട്ടുപോവണമെന്നാണ് നിയമം. പുരുഷന് ഗ്രാമസഭയുടെ അനുമതി വാങ്ങി രണ്ടാമത് വിവാഹം കഴിക്കാം.
ആദ്യ ഭാര്യക്ക് സമ്മതമാണെങ്കിൽ ഗ്രാമസഭ അനുമതി നിഷേധിക്കില്ല. കുട്ടികളില്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയുടെ സമ്മതം തടസമാകില്ല. സ്ത്രീകൾ ഒന്നിലധികം വിവാഹം കഴിക്കുന്ന രീതിയും അപൂർവമായി ചില വിഭാഗങ്ങളിലുണ്ട്. പുരുഷൻ മറ്റൊരു സ്ത്രീയുമായി ഇടപഴകുകയാണെങ്കിൽ അത് വിവാഹമായി കണക്കാക്കും. ഇത് പിന്നീട് ഗ്രാമസഭയെ അറിയിക്കുന്നതോടെ സാധുവായ വിവാഹമാകും.
രണ്ടാം വിവാഹങ്ങളെ വില്ലേജ് കൗൺസിൽ എതിർക്കാറില്ല. സാധാരണഗതിയിൽ, ഒരു പുരുഷൻ രണ്ടാം തവണ വിവാഹം കഴിക്കുമ്പോൾ, ആദ്യ ഭാര്യയെ അവഗണിക്കുകയും അവർ തനിച്ച് ജീവിതം നയിക്കാറുമാണ് പതിവ്. ഏറെക്കുറെ സമാന വ്യക്തിനിയമങ്ങൾ തന്നെയാണ് ഛത്തീസ്ഗഡിലെയും ആദിവാസി വിഭാഗങ്ങൾക്കിടയിലുള്ളത്. ഇവരുടെ കൂട്ടായ്മയായ സർവ ആദിവാസി സമാജ്, ഏക സിവിൽകോഡിനെതിരേ സമരം തുടങ്ങിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ആദിവാസി സ്ത്രീകൾക്കും പാരമ്പര്യ സ്വത്തിൽ അവകാശമില്ല. എന്നാൽ വിവാഹജീവിതത്തിൽ അവർക്ക് സ്വാതന്ത്ര്യമുണ്ട്. എത്ര ഭർത്താവിനെ വേണമെങ്കിലും ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യാം.
ഏക സിവിൽകോഡിനെ എതിർക്കുന്ന മറ്റൊരു വിഭാഗം സിഖ് സമുദായമാണ്. 2012ലെ ആനന്ദ് വിവാഹനിയമത്തെ ഏക സിവിൽകോഡ് ഇല്ലാതാക്കുമെന്നതാണ് സിഖ് സമുദായത്തിന്റെ പ്രധാന ആശങ്ക. സിഖുകാർക്കിടയിൽ ആനന്ദ് കരാജെന്ന പേരിലറിയപ്പെടുന്ന വിവാഹച്ചടങ്ങുകൾ നടക്കുന്നത് ആനന്ദ് വിവാഹ നിയമപ്രകാരമാണ്. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് ജനന, വിവാഹ, മരണ രജിസ്‌ട്രേഷൻ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ, ഈ നിയമത്തിൽ വിവാഹമോചനത്തിനുള്ള വ്യവസ്ഥകളില്ല.
അതിനാൽ ഹിന്ദു വിവാഹമോചന നിയമപ്രകാരമാണ് സിഖുകാർ വിവാഹമോചനം നടത്താറ്. 1909ൽ ബ്രിട്ടീഷ് കാലത്താണ് ആനന്ദ് വിവാഹ നിയമം നിലവിൽവന്നത്.
എന്നാൽ സ്വതന്ത്ര്യത്തിനുശേഷം ഹിന്ദു വിവാഹ നിയമപ്രകാരമായിരുന്നു സിഖുകാർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. 2012ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ആനന്ദ് വിവാഹ (ഭേദഗതി) ബിൽ പാസാക്കി. ഇതോടെയാണ് ഈ വിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയായത്. നിരവധി വ്യവഹാരങ്ങൾക്കും സർക്കാരുകളുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് ഹിന്ദു വിവാഹ നിയമത്തിൽനിന്ന് സിഖ് വിഭാഗങ്ങളെ വേർപ്പെടുത്തിയത്.
കൃപാൺ അടക്കമുള്ള ആചാരപ്രകാരമുള്ള ആയുധങ്ങൾ ധരിക്കുക, വാളും കുന്തവും മഴുവുമടക്കം സായുധരായി പ്രത്യക്ഷപ്പെടാനുള്ള നിഹാംഗുകളുടെ മതപാരമ്പര്യം തുടങ്ങിയവയ്ക്ക് ഏക സിവിൽകോഡ് വെല്ലുവിളിയാകുമെന്ന ആശങ്കയും സിഖ് സമൂഹം ഉന്നയിച്ചിട്ടുണ്ട്.
എന്താണ് ഏക സിവിൽകോഡ്. സിവിൽ നിയമങ്ങൾ ഒന്നിപ്പിക്കുമ്പോൾ എന്തെല്ലാം ഇല്ലാതാവും, എന്തെല്ലാം ബാക്കിയാവും. എന്തായിരിക്കും അതിലെ വ്യവസ്ഥകൾ. ആർക്കും വ്യക്തതയില്ല. ഏക സിവിൽകോഡിനെക്കുറിച്ച് പറയുന്നതല്ലാതെ ബില്ലിന്റെ കരട് പൊതുജനങ്ങൾക്ക് സർക്കാർ ലഭ്യമാക്കിയിട്ടില്ല. അഭിപ്രായം ചോദിച്ച നിയമകമ്മിഷനും ബില്ലിന്റെ കരട് ലഭ്യമാക്കിയിട്ടില്ല. ഏതെല്ലാം വ്യവസ്ഥകളെ എതിർക്കണമെന്നും ഏതെല്ലാം അനുകൂലിക്കണമെന്നും ബില്ലിന്റെ കരടില്ലാതെ എങ്ങനെ പറയാനാവും. ശൂന്യതയിൽ നിന്നാണ് വീണ്ടും ഏക സിവിൽകോഡ് പൊങ്ങിവന്നിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യമല്ലാതെ ഈ ചർച്ചകൾക്ക് പിന്നിൽ മറ്റൊന്നിമില്ലതാനും.
(അവസാനിച്ചു)
Content Highlights:Today's Article About UCC series
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."