മതേതരത്വമാണ് ഇന്ത്യയുടെ മതം
നാസർ ഫൈസി കൂടത്തായി
ഇന്ത്യൻ മതേതരത്വം മതമില്ലായ്മ എന്ന യൂറോപ്യൻ സങ്കൽപമല്ല. രാജ്യത്തിന് പ്രത്യേക മതമില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ഏതു മതവുമാവാം എന്നതാണ് ഇന്ത്യൻ മതേതരത്വത്തിൻ്റെ പൊരുൾ. ഇൗ സങ്കൽപത്തിനാകട്ടെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തഹ്ഫതുൽ മുജാഹിദീനിൽ പല സ്ഥലങ്ങളിലായി ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) പറയുന്നു: 'അല്ലാഹു സാമൂതിരിക്ക് നിഅ്മത്ത് കൊടുത്തു'. ഇതേ സംബന്ധിച്ച് ശ്രീജിത്ത് എന്ന ചരിത്രകാരൻ പറയുന്നു: യഹോവ നസ്രാണികളോടേ കനിയൂ എന്ന് കരുതിപ്പോന്ന കാലത്താണ് അല്ലാഹു ഹിന്ദുവിന് അനുഗ്രഹം നൽകുമെന്ന് മുസ് ലിം പണ്ഡിതന്മാർ എഴുതിവച്ചത്. അത്രമേൽ മതനിരപേക്ഷമാണ് അഞ്ച് നൂറ്റാണ്ട് മുമ്പേ കേരളം'.
സാമൂതിരിയുടെ ഭരണത്തിൽ നായന്മാർ മാത്രമേ പട്ടാളത്തിലുണ്ടായിരുന്നുള്ളൂ. പോർച്ചുഗീസുകാരോട് എതിരിടാൻ സാമൂതിരിയുടെ ഉപദേഷ്ടാവ് ശൈഖ് സൈനുദ്ദീൻ പട്ടാളത്തിലേക്ക് മാപ്പിളമാരെയും തിയ്യരെയും ചേർക്കണമെന്ന് ഉപദേശിച്ചു. ഇക്കാര്യം പൂർണമായും സാമൂതിരി സ്വീകരിച്ചു. ഡോ. എം.ജി.എസ് നാരായണൻ എഴുതുന്നു: 'നാലഞ്ചു നൂറ്റാണ്ടുകൾക്കു മുൻപ് ഇത്തരത്തിലൊരു ദാർശനികൻ നമുക്കുണ്ടായിരുന്നു. അദ്ദേഹം സാമൂതിരിയുടെ ഉപദേശകൻ കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ നേതൃത്വത്തിൽ കേരളത്തിൽ സമുദായ സൗഹാർദത്തിന് പുതിയ ഭാഷയിൽ നാം പറയുന്ന സെക്കുലറിസത്തിന് മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞു'(തുഹ്ഫതുൽ മുജാഹിദീൻ വഴിയും വായനയും-പേജ്: 21).
ഡോ. എം. ഗംഗാധരൻ എഴുതുന്നു: 'ഒരു നാടിൻ്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വിദേശത്തുനിന്ന് ലഭിക്കാവുന്ന വമ്പൻമാരുടെ സഹായത്തേക്കാൾ വിശ്വസിക്കാവുന്നതും ഉറപ്പിക്കാവുന്നതും നാട്ടിലുള്ളവരുടെ യോജിപ്പിൽ നിന്നുണ്ടാകുന്ന വീര്യത്തെയാണ് എന്ന സൂചന കാവ്യത്തിലുള്ളത്(ഫത്ഹുൽ മുബീനിലുള്ളത്) കാണാതിരുന്നുകൂടാ. ഇതു വാസ്തവത്തിൽ യഥാർഥ മതേതര വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതും ഇന്നും പ്രസക്തിയുള്ളതുമായ പാഠമാണെന്നതിൽ സംശയമില്ല'(മാപ്പിള പഠനങ്ങൾ, പേ: 37).
ഡോ. കെ.കെ.എൻ കുറുപ്പ് എഴുതുന്നു: 'കുഞ്ഞാലി മരക്കാർ സാമൂതിരിയുടെ പട നയിക്കും എന്ന് കേട്ടപ്പോഴാണ് തുഞ്ചത്ത് എഴുത്തച്ഛൻ രാമായണം എഴുതാൻ ഇരുന്നത്'.
മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്ത് കളിയാട്ടമുക്ക്, കളിയാട്ടം എന്ന പേരിൽ ഹരിജനങ്ങൾ വർഷംതോറും നടത്തുന്ന ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച എന്ന തീയതി മമ്പുറം തങ്ങൾ കുറിച്ചു കൊടുത്തതാണ്. എന്നാൽ അധികാരരാഷ്ട്രീയത്തിൽ ഹിന്ദുത്വം പിടിമുറിക്കിയതോടെ രാഷ്ട്രവും മതവും വേർപ്പെടുത്തപ്പെടേണ്ടതായി വരുന്നു. ഗാന്ധിജിയുടെ വാക്ക് പ്രസക്തമാകുന്നത് ഇവിടെയാണ്. മതമില്ലാത്ത രാഷ്ട്രം അധാർമികമാണെന്ന് പറഞ്ഞിരുന്ന ഗാന്ധി അവസാനം പറഞ്ഞു:
'ഒരു ദിവസം ഞാൻ ഈ നാടിൻ്റെ ഭരണാധികാരിയായാൽ അന്ന് മതത്തെ രാഷ്ട്രത്തിൽനിന്ന് സമ്പൂർണമായി വേർതിരിക്കും'.
1947 ഒാഗസ്റ്റ് 14ന് അർധരാത്രി ഇന്ത്യ സ്വതന്ത്രമാകുമ്പോൾ നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുമുണ്ട്. അവയിൽ പലതും സ്വേഛാധിപത്യത്തിലേക്കും മതാടിസ്ഥാനത്തിലേക്കും വഴിമാറിയപ്പോൾ നമ്മുടെ നാട് കാത്തു സൂക്ഷിച്ചതാണ് മതേതരത്വം. പൊട്ടും പൊളിയും മുടന്തും മതേതരത്വത്തിനും ജനാധിപത്യത്തിനും സംഭവിച്ചുവെങ്കിലും ലോകത്തിന് മുമ്പിൽ അഭിമാനിക്കാവുന്ന ഇന്ത്യയുടെ നട്ടെല്ലാണത്. മതനിരപേക്ഷതയെ ഉയർത്തിക്കാട്ടുന്ന ഇന്ത്യയുടെ മതമാണ്(ഒപ്പീനിയനാണ്) മതേതരത്വം.
പാരസ്പര്യത്തിൻ്റെ പരിസരത്താണ് മതേതരത്വത്തിൻ്റെ അകക്കാമ്പ് കുടികൊള്ളുന്നത്. ദേശീയത മതമാക്കുകയും അതി ദേശീയത അപരമത വിദ്വേഷമാക്കുകയും ചെയ്യുന്ന ഹിന്ദുത്വം മതേതരത്വത്തെ ശത്രുപക്ഷത്ത് നിർത്തുന്നു. മതേതരത്വത്തിൻ്റെ സമാനതകളായി ജനാധിപത്യവും ദേശീയതയും രാഷ്ട്രത്തിൻ്റെ അടിസ്ഥാനത്തെ നിർണയിച്ചുവന്നു. ഭൂരിപക്ഷ ഹിതമല്ല ജനാധിപത്യം. ഭൂരിപക്ഷ ഹിതം നടപ്പാക്കലാണെന്ന് വന്നാൽ അടുത്ത ചുവട് ഫാസിസമാണ്. ഡോ. അംബേദ്കർ പറഞ്ഞത്: വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടാതിരിക്കാനുമുള്ള അവകാശമാണ് ജനാധിപത്യമെന്നാണ്. ഭൂരിപക്ഷത്തിൻ്റെ തീരുമാനം ന്യൂനപക്ഷത്തിൽ അടിച്ചേൽപ്പിക്കലല്ല, ഭൂരിപക്ഷേതരരുടെ അഭിപ്രായം നടപ്പാക്കാൻ എത്ര ശേഷിയുണ്ട് എന്നതാണ് ഭരണകൂടത്തിൻ്റെ - ഭൂരിപക്ഷത്തിൻ്റെ കരുത്ത്.
നമ്മുടേതല്ലാത്ത അഭിപ്രായത്തെ - അവകാശത്തെ നമ്മുടേത് പോലെ പരിഗണിക്കാൻ ജനാധിപത്യത്തിൻ്റെ മൂല്യം നമ്മോടാവശ്യപ്പെടുന്നുണ്ട്. ജനാധിപത്യം ഒരു മോറൽ പ്രിൻസിപ്പൽ കൂടിയാണ്. ഡോ. അംബേദ്കർ പാർലമെൻ്റിൽ പറഞ്ഞു: രാഷ്ട്രീയ ഭൂരിപക്ഷം കാലക്രമേണ വർഗീയ ഭൂരിപക്ഷമായി മാറും. രാഷ്ട്രീയ ഭൂരിപക്ഷം ചലനാത്മകമാണ്. വർഗീയ ഭൂരിപക്ഷം സ്ഥിരമാണ്. അതിനാൽ ജനാധിപത്യവും സ്വാതന്ത്ര്യവും അർഥപൂർണമാവാൻ സമത്വം, സംവരണം ആവശ്യമാണ്. ഇന്ത്യയിൽ ഹിന്ദുത്വം അധികാരത്തിൽ വന്നാൽ പിന്നീടത് തിരുത്തുക സാഹസികമാണ്'.
മൗണ്ട് ബാറ്റൻ പ്രഭു ഗാന്ധിയെ കാണാൻ വന്നു. ചില ഗ്രാമീണരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാൽ അദ്ദേഹത്തോട് ഗാന്ധി കാത്തിരിക്കാൻ പറഞ്ഞു. ഒന്നര മണിക്കൂർ കഴിഞ്ഞ് കാണുമ്പോൾ പ്രഭു പറഞ്ഞു: ബാപ്പു ഞാനീ രാജ്യത്തിൻ്റെ ഗവർണർ ജനറലാണെന്ന കാര്യം നിങ്ങൾ ഓർക്കണം. എന്നാൽ ഗാന്ധിയുടെ മറുപടി ഇതായിരുന്നു: ആയിരിക്കാം പക്ഷേ രാജ്യം അവരുടേതാണല്ലോ!
ഭാരതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭാരതീയർ എന്നാൽ ഇന്നത്തെ 70 വർഷത്തെ പഴക്കമുള്ള ഇന്ത്യയല്ല. മനുഷ്യവംശം പലതായി വന്നുപോയി.
അതിനെ ഉൾക്കൊള്ളണം. പലതായി വന്നുപോയതിനെ അവസാനത്തെ 75 കൊല്ലത്തെ ഇന്ത്യയിൽ തളക്കരുത്. ഹിന്ദുത്വം അജൻഡ നിർണയിക്കുന്നിടത്ത് മതേതരത്വവും സ്വാതന്ത്ര്യവും വഴിമാറുന്നുണ്ട്. ഭരണഘടനയിലെ മൗലികാവകാശത്തേക്കാൾ മാർഗ നിർദേശക തത്വത്തിൽപ്പെട്ട ഏക സിവിൽ കോഡിനെ പൗരൻ്റെ സമത്വത്തിന് വഴിവയ്ക്കുമെന്ന വാദം പരിവാർ ഭരണം മുന്നോട്ടുവയ്ക്കുന്നു. എന്നിട്ടതിനുവേണ്ടി ഒരു കരടുപോലും സമർപ്പിക്കാതിരിക്കുകയും ഇതിൽനിന്ന് സൗകര്യം പോലെ തങ്ങൾക്കിഷ്ടപ്പെട്ടവരെ ഒഴിവാക്കി അന്യം നിൽക്കുന്നവരെ മാത്രം ഇരകളാക്കുകയും ചെയ്യുന്നു.
ഒരു സ്വാതന്ത്ര്യ ദിനത്തെക്കൂടി ഇന്ത്യ വരവേൽക്കുകയാണ്. മതേതരത്വത്തിൻ്റെ സംരക്ഷണത്തിന്, അതു വഴി രാഷ്ട്രത്തിൻ്റെ രക്ഷയ്ക്ക് ഇവിടത്തെ മതേതര വിശ്വാസികൾ കൈകോർക്കേണ്ടതുണ്ട്. സുന്നി യുവജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമീപ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളിലും സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നരം 4 മണിക്ക് ആയിരങ്ങൾ അണിനിരന്ന് 'രാഷ്ട്രരക്ഷാ സംഗമം' സൃഷ്ടിക്കുകയാണ്.
ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് മതേതരത്വ ഇന്ത്യക്കായി നാം ഒരുമിക്കേണ്ടിയിരിക്കുന്നു.
Content Highlights:Today's Article aug 14 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."