വിദേശത്ത് മെഡിക്കല്‍ പഠനം; സ്വപ്‌നം ഇനി വിദൂരമല്ല; ഈ നാല് സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
വിദേശത്ത് മെഡിക്കല്‍ പഠനം; സ്വപ്‌നം ഇനി വിദൂരമല്ല; ഈ നാല് സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിന് അപേക്ഷിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന വിഷയമാണ് എം.ബി.ബി.എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 4,61,017 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശ പഠനത്തിനുള്ള ലോണുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇവയില്‍ 42,364 പേരും മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവരാണ്. ഇന്ത്യയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും നീറ്റ് പോലുള്ള പരീക്ഷകളുമാണ് പലരെയും വിദേശത്തേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. പഠന നിലവാരത്തിന്റെയും കോഴ്‌സുകളുടെയും കാര്യത്തിലാണെങ്കില്‍ വിദേശത്ത് മെഡിക്കല്‍ ചെയ്യുന്നതാണ് പലര്‍ക്കും താല്‍പര്യം. മാത്രമല്ല പഠനത്തിന് ശേഷം ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിയെടുക്കാമെന്നതും പലരെയും കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
വിദേശ പഠനം സ്വപ്‌നം കാണുന്നവരുടെ മുന്നിലുള്ള പ്രധാന പ്രതിസന്ധി സാമ്പത്തികമാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ക്കാണെങ്കിലും ഉയര്‍ന്ന ഫീസ് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. മറ്റെല്ലാ കോഴ്‌സുകളെയും പോലെ തന്നെ സ്‌കോളര്‍ഷിപ്പുകളാണ് ഇവിടെയും നിങ്ങള്‍ക്ക് തുണ. എം.ബി.ബി.എസ് അടക്കമുള്ള കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാവുന്ന മികച്ച സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ പല രാജ്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ പോര്‍ട്ടലായ എഡെക്‌സ് പുറത്തുവിട്ട ലിസ്റ്റാണ് ചുവടെ,
അല്‍ഗോമ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ അവാര്‍ഡ്
മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഇഷ്ടപ്പെട്ട നാടാണ് കാനഡ. മറ്റ് കോഴ്‌സുകളെപ്പോലെ തന്നെ എം.ബി.ബി.എസ് കോഴ്‌സുകള്‍ക്കും പേരുകേട്ട യൂണിവേഴ്‌സിറ്റികള്‍ അവിടെയുണ്ട്. കാനഡയിലെ അല്‍ഗോമ യൂണിവേഴ്‌സിറ്റി വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് ഇത്. അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യതയുള്ളത്.
എന്‍.സി.ഐ മാസ്‌റ്റേഴ്‌സ് എഡ്ജ് സ്‌കോളര്‍ഷിപ്പ്
അയര്‍ലാന്റിലെ നാഷണല്‍ കോളജിന് കീഴില്‍ അവതരിപ്പിച്ച സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് വിദേശ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതയുണ്ട്. മാസ്‌റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് യോഗ്യത നേടിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. യോഗ്യതയുള്ളവര്‍ക്ക് കോഴ്‌സ് ഫീയിനത്തില്‍ 25 ശതമാനത്തിന്റെ കിഴിവാണ് സ്ഥാപനം ഓഫര്‍ ചെയ്യുന്നത്. കൂട്ടത്തില്‍ കോളജ് നിഷ്‌കര്‍ശിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ജെ.ജി.സി-എസ് സ്‌കോളര്‍ഷിപ്പ് ഫൗണ്ടേഷന്‍
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പേരുകേട്ട ഏഷ്യന്‍ രാജ്യമാണ് ജപ്പാന്‍. കഴിഞ്ഞ കുറച്ച് നാളുകളായി ജപ്പാനിലേക്കുള്ള കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. രാജ്യത്തെ കുടിയേറ്റ നിയമങ്ങളില്‍ കാര്യമായ ഇളവ് നല്‍കിയതാണ് ജപ്പാനിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വ്യാപകമാവാന്‍ കാരണം. ജപ്പാനിലെ കോളജുകളില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടിയ മെഡിക്കല്‍ കോഴ്‌സുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പാണിത്. ജപ്പാനിലെ ജെ.ജി.സി കോര്‍പ്പറേഷനാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.
സാറ്റോ യോ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫൗണ്ടേഷന്‍
വിദേശ വിദ്യാര്‍ഥികള്‍ക്കായി ജപ്പാന്‍ നല്‍കുന്ന മറ്റൊരു സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണിത്. മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാധ്യത നല്‍കുന്ന പ്രോഗ്രാമാണിത്. അക്കാദമിക മികവിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."