ഇറച്ചിക്കാള
കഥ
വി.പി ചെല്ലൂര്‍
നരച്ച മഞ്ഞ വിരിയിട്ട കട്ടിലില്‍ നനഞ്ഞൊട്ടിയ കടലാസുപോലെ അവള്‍ ചുരുണ്ടുകൂടി കിടന്നു. തണുപ്പിനെ ചെറുക്കാന്‍ അമ്മയുടെ പഴയ സാരിയെ രണ്ടായി മടക്കി കാലും തലയുമടക്കം മൂടിപ്പുതച്ചിട്ടുണ്ട്. എന്നിട്ടും അതിന്റെ നേര്‍ത്ത വിടവിലൂടെ അരിച്ചെത്തുന്ന തണുപ്പ് അവളെ വിറപ്പിച്ചു. കുലുങ്ങിച്ചിരിച്ചെത്തുന്ന മഴത്തുള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് മൂടിയ പുരപ്പുറത്ത് നൃത്തംവയ്ക്കുന്നത് വ്യക്തമായി കേള്‍ക്കാം. ജാലകത്തിന്റെ ചാക്കുവിരി മാറ്റി മുറിയില്‍ കടന്ന തണുത്ത കാറ്റ് സാരിക്കിടയിലൂടെ കടന്ന് അവളുടെ ചെവിയിലുമ്മ വച്ചു. ഓണത്തിനിനി ഏതാനും നാളുകളേയുള്ളു. ഈയിടെ ചിങ്ങത്തിലാണ് മഴ ശക്തമാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും ഓണക്കാലമായപ്പോള്‍ വെള്ളം പൊങ്ങി ആകെ ദുരിതമായിരുന്നു.
ഇത്തവണയും മഴ കലിപൂണ്ട മട്ടുണ്ട്. വരുന്നതു വരട്ടെ. അതല്ലാതെ എന്തു ചെയ്യാനൊക്കും.
ഈ മഴയും പെയ്തുതോരും. അടുത്ത വേനലാവുമ്പോഴേക്കും നല്ലൊരു ഫാന്‍ വാങ്ങണം. ചാച്ചന് കിടക്കാന്‍ ഒരു കട്ടിലു വാങ്ങിയത് കാതില്‍കിടന്ന മിന്ന് വിറ്റിട്ടാണ്. പഴയ ചാക്കുകള്‍ അട്ടിയട്ടിയായി വിരിച്ച് അതിന് മുകളില്‍ അമ്മയുടെ പഴയ സാരിയും വിരിച്ചപ്പോള്‍ കിടക്കാനുള്ള മെത്തയുമായി. ഇനി വില്‍ക്കാന്‍ ഒന്നുമില്ല. ഫാക്ടറിയില്‍ ചെറിയൊരു പണിയുള്ളതുകൊണ്ട് മൂന്നു നേരത്തെ ആഹാരത്തിന് മുട്ടില്ല.
കര്‍ക്കിടകം പിറന്നപ്പോള്‍ കണിയാന്‍ അമ്മയോട് പറഞ്ഞത് ഈ വരുന്ന മകരത്തില്‍ പടിഞ്ഞാറ് ദിക്കില്‍ നിന്നൊരു ആലോചന വരും. കണ്ണുംപൂട്ടി ഉറപ്പിച്ചേക്കാനാണ്. അന്നുതൊട്ട് പടിഞ്ഞാട്ടും നോക്കിയിരിപ്പാണ് അമ്മ. കൂടെ പഠിച്ചവര്‍ക്കൊക്കെ കുടുംബവും കുട്ടികളുമായി. താന്‍ മാത്രം ഇപ്പോഴുമിങ്ങനെ... അതിന്റെ പേടിയും വേവലാതിയുമാണ് രണ്ടുപേര്‍ക്കും. ശരീരം കൊതിച്ചെത്തുന്നവരാണ് അധികവും. താനെന്തു പിഴച്ചു. തൊലി കറുത്തുപോയത് തന്റെ തെറ്റാണോ. എത്ര കറുത്ത തൊലിക്കുള്ളിലും ഒരു മനസുണ്ടാവില്ലേ. കണിയാന്‍ പറഞ്ഞത് സത്യമാണെങ്കില്‍ ഇനിയും നാലു മാസം.
ചാച്ചന്റെ നിര്‍ത്താതെയുള്ള ചുമ കേട്ടപ്പോള്‍ സ്വപ്‌നങ്ങളെ ഉപേക്ഷിച്ച് ജീവിതത്തിന്റെ ഇരുണ്ട ഇടവഴിയിലേക്ക് അവളുടെ മനസ് പെട്ടെന്ന് മടങ്ങി. നാളെയും ആശുപത്രിയില്‍ പോകേണ്ടിവരും. കഴിഞ്ഞ ദിവസം ചാച്ചനെയുംകൊണ്ട് പോവാന്‍ ലീലാമ്മച്ചേടത്തിയുടെ കൈയില്‍ നിന്ന് അമ്മ വാങ്ങിയ പണം തിരിച്ചുകൊടുത്തിട്ടില്ല. ഇനിയും ആരുടെ മുന്നില്‍ കൈനീട്ടുമോ, എന്തോ.
'നിനക്കാരെയെങ്കിലും പ്രണയിച്ചൂടായിരുന്നോടീ നീനേ..?'- കല്യാണവീട്ടില്‍ കണ്ടപ്പോള്‍ സുജാത ചോദിച്ചതാണ്.
'അതോ നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ..'- അവള്‍ വിടാനുള്ള ഭാവമില്ല.
എന്താണ് അവള്‍ക്കു മറുപടി കൊടുക്കേണ്ടത്. കറുത്ത് പേശിയുറച്ച പെണ്ണിനെ ആര് പ്രണയിക്കുമെന്നോ? എത്രയോ പ്രണയങ്ങള്‍ ആരുമറിയാതെ തന്നെത്തേടി വന്നിട്ടുണ്ട്. ഒരു നേരത്തിന്, അല്ലെങ്കില്‍ ഒരു ദിവസത്തേക്കു മതി.
കറുപ്പിനെ വര്‍ണിക്കുന്ന കവികള്‍, തന്റെ ഇഷ്ടനിറം കറുപ്പാണെന്ന് വീരവാദം പറയുന്നവര്‍. എണ്ണക്കറുപ്പിനും ഏഴഴകു നല്‍കി മനോഹരമാക്കുന്നവര്‍. അവരാരും തങ്ങളുടെ ശരീരത്തിന്റെ നിറം കറുപ്പാവുന്നത് ഇഷ്ടപ്പെടുന്നില്ല എന്നതാണു സത്യം.
'കറുത്ത നിറത്തിന് വല്ലാത്ത കാന്തിയാണ്. നിന്നെ കാണാന്‍ നല്ല ചേലാണ്.'
പത്താംതരം തോറ്റ് ട്യൂട്ടോറിയല്‍ കോളജില്‍ പോകാന്‍ തുടങ്ങിയ കാലത്ത്
മുകുന്ദന്റെ വാക്കുകള്‍ കേട്ട് കോരിത്തരിച്ചു നിന്നിട്ടുണ്ട്. പക്ഷേ, കൊച്ചുവാര്‍ത്തമാനത്തിന് ഒരാളെന്നല്ലാതെ അത്രയും ചേലുള്ളൊരു പെണ്ണിനെ സ്വന്തമാക്കാന്‍ അവനും താല്‍പര്യമില്ലായിരുന്നു.
കെട്ടാചരക്ക്.... അതാണ് തനിക്ക് പെണ്ണുങ്ങള്‍ക്കിടയിലെ സ്വകാര്യ ഓമനപ്പേര്. ഒളിഞ്ഞും തെളിഞ്ഞും പലരുമത് തന്റെ നേരെ പ്രയോഗിച്ചുകേട്ടിട്ടുണ്ട്. കൈനിറച്ച് പൊന്നും പണവും കൊടുക്കാനുണ്ടെങ്കില്‍ എത്ര കറുത്ത പെണ്ണിനെ കെട്ടാനും ആളുവരും. ചാച്ചനെ നല്ലൊരു ഡോക്ടറെ കാണിച്ചു ചികിത്സിക്കാന്‍ പോലും മാര്‍ഗമില്ലാത്ത തന്നെപ്പോലൊരുവളെ കെട്ടാന്‍ ആരു വരാനാണ്.
കറുപ്പ് അയോഗ്യതയുടെ നിറമാണ്. കറുത്തവരുടെ സ്വാതന്ത്ര്യത്തിനും പരിമിതികളുണ്ട്. എത്ര ഇല്ലെന്ന് പറഞ്ഞാലും ജാതീയതയും തൊലിവെളുപ്പും ഈ ഭൂമിയില്‍ മുഴച്ചുതന്നെ നില്‍പ്പുണ്ട്. ഓരോന്നോര്‍ത്ത് കിടന്ന് അവളുടെ നിശ്വാസങ്ങള്‍ രാത്രിയില്‍ അലിഞ്ഞു ചേര്‍ന്നു.
പോക്കുവെയിലിന്റെ നാളം മേല്‍ക്കൂരയുടെ വിടവുകള്‍ കടന്നെത്തി. കിടന്ന കിടപ്പില്‍ തന്നെ അവള്‍ ഓലമറയില്‍ തൂക്കിയ ക്ലോക്കിലേക്ക് നോക്കി. ആറുമണി കഴിഞ്ഞിരിക്കുന്നു.
ക്ലോക്കിനെ വിശ്വസിക്കാമോ എന്ന മട്ടിലവള്‍ ചാടിയെഴുന്നേറ്റ് പുറത്തേക്കൊന്ന് എത്തിനോക്കി സമയമുറപ്പിച്ചു. ഗ്ലാസ് പൊട്ടിയ പഴയ ക്ലോക്ക് സുഗുണന്‍ മേസ്തിരി തന്നതാണ്. അതിപ്പോ ഇടക്കൊക്കെയൊന്ന് വിശ്രമിക്കാറുണ്ട്. അതുകൊണ്ട് ആ ക്ലോക്കിലെ സമയം അത്രക്ക് വിശ്വസിക്കാന്‍വയ്യ. അമ്മ ചാച്ചനെയും കൊണ്ട് ആശുപത്രിയില്‍ പോവാനുള്ള തയാറെടുപ്പിലാണ്.
അവള്‍ വേഗം പുറത്തേക്ക് നടന്നു. പിടിപ്പത് പണിയുണ്ട്. അതെല്ലാം കഴിഞ്ഞ് കൃത്യം എട്ട് മണിക്ക് തന്നെ ഫാക്ടറിയിലെത്തണം. ഇന്ന് ജോലിക്ക് പോവാതിരിക്കാന്‍ കഴിയില്ല. ആഴ്ചക്കൂലി കിട്ടുന്ന ദിവസമാണ്. അതു കിട്ടിയിട്ട് വേണം ലീലാമ്മ ചേട്ടത്തിയുടെ കടം വീട്ടാന്‍. പലചരക്കു കടക്കാരന്‍ ഗോവിന്ദന്‍ പണിമാറ്റിയുള്ള പെണ്ണുങ്ങളുടെ വരവും നോക്കി വഴിക്കണ്ണുമായി നില്‍ക്കുന്നുണ്ടാവും. അതും കൊടുത്തുകഴിഞ്ഞാല്‍ തീര്‍ന്നു, ഒരാഴ്ച അധ്വാനിച്ചത്.
ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. മകരം പിറന്നതോടെ സന്ധ്യയാവുമ്പോഴേക്കും മഞ്ഞു പൊടിയാന്‍ തുടങ്ങും. വല്ലാതെ കുളിരുന്നുണ്ട്. ഗോവിന്ദേട്ടന്റെ കടയില്‍ നിന്ന് വാങ്ങിയ അന്നത്തേക്കുള്ള പലചരക്കും കുമാരന്‍ വൈദ്യന്റെ കൈയില്‍ നിന്ന് വാങ്ങിയ അമ്മക്കുള്ള കുഴമ്പും കുഴഞ്ഞുമറിയാതെ പിടിച്ചുകൊണ്ട് അവള്‍ പാടവരമ്പില്‍ നിന്ന് പഞ്ചായത്ത് റോഡിലേക്ക് കയറി.
ചില ദുഃഖങ്ങള്‍ കടല്‍ പോലെയാണ്. എപ്പോഴും മനസ്സില്‍ തിരതല്ലിക്കൊണ്ടിരിക്കും. അതിനെ തുഴഞ്ഞെറിഞ്ഞു മുന്നോട്ടു പോയാലോ. അത്രമേല്‍ ശാന്തതയാവും പിന്നെ. അപാരമായ ശാന്തത.
തനിച്ചുള്ള ജീവിതം ഒരര്‍ഥത്തില്‍ സുഖകരമാണ്. പരാതിയുടെയും പരിഭവങ്ങളുടെയും മാറാലകള്‍ എങ്ങും തൂങ്ങിക്കിടക്കില്ല. എന്നാലോ വിരസതയുടെ കൊതുകുതിരികള്‍ ജീവിതത്തിലെപ്പോഴും എരിഞ്ഞു കത്തിക്കൊണ്ടിരിക്കും താനും.
വീട്ടില്‍ ചെന്ന് കയറുമ്പോഴേ അമ്മയുടെ മുഖത്തെ പ്രസരിപ്പു കണ്ടു. ചാച്ചനും പാതി അസുഖം കുറഞ്ഞപോലെ. അമ്മ നിര്‍ത്താതെ സംസാരിക്കുന്നു. സന്തോഷത്തോടെ ചായ പകരുന്നു. അത്താഴത്തിനിരിക്കുമ്പോഴാണ് അവരുടെ സന്തോഷത്തിന്റെ കാരണം പുറത്തു ചാടിയത്. 'ഒരു ആലോചന വന്നിട്ടുണ്ട്. പ്ലാമൂട്ടിലെ ശങ്കരന്റെ അനിയന്‍ മാധവന്‍.
അവന് നിന്നെ ബോധിച്ചൂത്രേ. നമ്മുടെ കഷ്ടപ്പാട് കണ്ട് ബഗോതി കൊണ്ടത്തന്നതാ ഈ ആലോചന. നടന്നു കിട്ടിയാല്‍ നമ്മുടെ എല്ലാ കഷ്ടപ്പാടും തീരും.'- ചേമ്പിന്‍താള് വാട്ടി സവാള വഴറ്റിയ കൂട്ടാന്‍ ചോറിനുമീതെ ഒഴിച്ചുകൊണ്ട് അമ്മ പറഞ്ഞു.
ഒരു ഞെട്ടലോടെ മീനു തലയുയര്‍ത്തി അമ്മയെ നോക്കി.
മാധവന്‍... കുട്ട കമഴ്ത്തിവച്ചതു കണക്കേ വീര്‍ത്തുന്തിയ കുടവയറാണ് ആദ്യം ഓര്‍മ വന്നത്. മൂന്ന് മക്കളും നാല് പേരമക്കളുമുള്ള മനുഷ്യന്‍. തന്റെ ചാച്ചനോളം പ്രായം വരുന്ന ആ മനുഷ്യനെയാണോ അമ്മയും ചാച്ചനുംകൂടി തനിക്കുവേണ്ടി കണ്ടെത്തിയത്. അയാളുടെ പൂത്ത കാശിന് മുന്നില്‍ അമ്മയുടെ മകള്‍ക്ക് ഒരു വിലയുമില്ലേ... ചോദിച്ചില്ല. ചോദിക്കാന്‍ ശബ്ദം പൊങ്ങിയതുമില്ല.
ചാച്ചന്റെ സ്വപ്‌നമായിരുന്നു. മരിക്കും മുമ്പ് സ്വന്തമായൊരു വീട്. അതു നടക്കും. കിടക്കാന്‍ വൃത്തിയുള്ള നല്ല മുറി. അമ്മക്ക് അല്ലലില്ലാതെ ചാച്ചന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കാം. രണ്ടു പേര്‍ക്കും ലാഭം തന്നെ.
തനിക്കോ.
പേറ്റുനോവറിയാതെ മൂന്ന് മക്കളുടെ അമ്മയാവാം. അമ്മൂമ്മയാവാം. പിന്നെ ഒരു മനുഷ്യജീവിതത്തിന്റെ മുക്കാല്‍ ഭാഗവും പിന്നിട്ട അയാളുടെ സ്വത്തുവകകളില്‍ നല്ലൊരോഹരി അവകാശവും നേടാം. എല്ലാറ്റിനുമുപരി ഭാര്യയെന്ന സ്ഥാനം. അത് 'കെട്ടാച്ചരക്കെ'ന്ന പേരിനെ എന്നെന്നേക്കുമായി മായ്ച്ചുകളയും. എല്ലാംകൊണ്ടും ലാഭം തന്നെ! ഇരുട്ട് കാവല്‍ നിന്ന കൂരക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകളോടെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. വിളക്ക് തപ്പിയെടുത്ത് തിരിതാഴ്ത്തി തെളിച്ചുവച്ചു. പിന്നെ മൂലയിലിരുന്ന തകരപ്പെട്ടി തുറന്ന് കണ്ണാടിയെടുത്ത് മുഖത്തിനുനേരെ പിടിച്ച് വിളക്ക് അടുപ്പിച്ചു. കണ്ണാടിയില്‍ അവളുടെ രൂപത്തിന് ഒരു അറവുമാടിന്റെ ഛായയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."