യു.പിയിൽ മഴ പെയ്യാൻ തവളക്കല്യാണം
ലഖ്‌നൗ • ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മഴപെയ്യാൻ തവളകളെ വിവാഹംകഴിപ്പിച്ച് നാട്ടുകാരുടെ ആഘോഷം. മഴ കുറഞ്ഞതോടെ മഴദൈവത്തെ പ്രീതിപ്പെടുത്താനാണ് വലിയ ആഘോഷമായി തവളവിവാഹം നടത്തിയത്. ഗോരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ആചാരങ്ങളെല്ലാം പാലിച്ചു നടത്തിയ വിവാഹത്തിൽ നൂറുകണക്കിനാളുകൾ എത്തി. തവളകൾക്ക് മാല ചാർത്തി പുഷ്പവൃഷ്ടി നടത്തി.
''തവളകളെ വിവാഹം കഴിപ്പിച്ചാൽ മഴപെയ്യുമെന്നത് ചില നാടുകളിലെ വിശ്വാസമാണ്. വരൾച്ചയാണ് നാട്ടിൽ. ഇപ്പോൾ മഴ പെയ്യേണ്ട സമയമാണ്. പക്ഷേ മഴയില്ല. മഴ പെയ്യാൻ പൂജകൾ നടത്തി. ഇപ്പോൾ ഞങ്ങൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു. അത് ആചാരത്തിന്റെ ഭാഗമാണ്''-മഹാസംഘ് നേതാവ് രമാകാന്ത് വെർമ പറഞ്ഞു.
മുൻ വർഷങ്ങളിലും തവളക്കല്യാണങ്ങൾ നടന്നിരുന്നു. നേരത്തെ മഹാരാജ് ഗഞ്ചിൽ മഴ കിട്ടാൻ ജനങ്ങൾ എം.എൽ.എ ജയമംഗൾ കനോജിയയെ ചളിയിൽ കുളിപ്പിച്ചിരുന്നു. മഴദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."