ആഫ്രിക്കന്‍ പന്നിപ്പനി, കാട്ടുപന്നികളും വൈറസ് വാഹകരാകാം; ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊല്ലേണ്ടിവരും
കല്‍പറ്റ: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നികളെ കൂട്ടത്തോടെ കൊല്ലേണ്ടിവരുമെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ്.
മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളിലാണ് പന്നികള്‍ക്കു രോഗം. പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ സാംപിള്‍ പരിശോധനയിലാണ് രോഗത്തിനു സ്ഥിരീകരിച്ചത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ, മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന്റെ കാരണം അറിയാന്‍ ഫാം ഉടമകളില്‍ ഒരാള്‍ ജഡം കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്്ക്കു കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കി. അപ്പോഴാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന സംശയമുണ്ടായത്. ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ മൃഗസംരക്ഷണ ഡയറക്ടറെ അറിയിച്ചു.
ഇതേത്തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ.മിനി ജോസിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ എത്തിയ സംഘമാണ് സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു ഭോപ്പാലിനു അയച്ചത്.
വൈറസ് പരത്തുന്നതാണ് ആഫ്രിക്കന്‍ പന്നിപ്പനി. രോഗം സ്ഥിരീകരിച്ച ഫാമിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഇന്‍ഫെക്ഷന്‍ ഏരിയയാണ്. ഇന്‍ഫെക്ഷന്‍ ഏരിയയിലെ മുഴുവന്‍ വളര്‍ത്തുപന്നികളെയും കൊല്ലേണ്ടിവരും. ആഫ്രിക്കന്‍ പന്നിപ്പനിക്കു ഫലപ്രദമായ മരുന്ന് വികസിപ്പിച്ചിട്ടില്ല.
മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നതല്ല രോഗം. അതേസമയം നാട്ടിലിറങ്ങുന്ന കാട്ടുപന്നികള്‍ വൈറസ് വാഹകരാകുന്നതിനു സാധ്യത ഏറെയാണ്. രോഗ സ്ഥിരീകരണത്തിന്റെ പശ്ചാത്തത്തില്‍ അതിര്‍ത്തി ചെക് പോസ്റ്റിലൂടെയുള്ള പന്നിക്കടത്ത് വിലക്കിയിട്ടുണ്ട്. പന്നിമാംസ വ്യാപാരികളില്‍ ബോധവത്കരണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."