പ്രാവർത്തികമാകണം ശിബിര ചിന്തകൾ
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ കോൺഗ്രസിനെ എങ്ങനെ പാകപ്പെടുത്തണമെന്നാലോചിക്കാനും അതുമായി ബന്ധപ്പെട്ടുള്ള വിഷയാവതരണത്തിനുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സേവനം ഇന്ത്യൻ നാഷനൽ കോൺഗ്രസ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ക്ഷണം സ്വീകരിച്ച പ്രശാന്ത് കിഷോർ, കോൺഗ്രസിൽ അടിമുടി മാറ്റം വരുത്തേണ്ട നിർദേശങ്ങളായിരുന്നു നൽകിയത്. തന്റെ നിർദേശങ്ങളിൽ പ്രധാനമായും പ്രശാന്ത് കിഷോർ ഊന്നിപ്പറഞ്ഞത്, താഴേത്തട്ടിൽ കോൺഗ്രസിന് വലിയ ശക്തിയുണ്ട്. ഭൂരിപക്ഷം ജനതയുടെ മനസിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു വികാരമായി ഇന്നും നിലനിൽക്കുന്നതിനാലാണത് എന്നാണ്. എന്നാൽ അണികളുടെ വികാരവും വിചാരവും മനസിലാക്കാൻ കഴിയാത്തവരാണ് നേതൃനിരയിൽ. അതിനാൽ കോൺഗ്രസ് നേതൃനിരയിൽ കാതലായ മാറ്റവും പ്രവർത്തന രീതി അടിമുടി മാറുകയും വേണമെന്ന നിർദേശമായിരുന്നു അദ്ദേഹം നൽകിയത്.
പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം ഉപസമിതികൾ രൂപീകരിക്കുകയുണ്ടായി. ഉപസമിതികൾ തയാറാക്കിയ കരട് പ്രമേയങ്ങൾ ചർച്ച ചെയ്യാനായിരുന്നു കഴിഞ്ഞ മെയ് മാസത്തിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്നു ദിവസം നീണ്ടുനിന്ന 'നവ് സങ്കൽപ് ചിന്തൻ ശിബിരം'. പല സുപ്രധാന തീരുമാനങ്ങളും ശിബിരത്തിൽ എടുക്കുകയുണ്ടായി. ആറ് ഉപസമിതികൾ തയാറാക്കിയ കരട് പ്രമേയങ്ങൾ 422 പ്രതിനിധികൾ ചർച്ച ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഉപദേശിക്കാനുള്ള എട്ടംഗ രാഷ്ട്രീയ സമിതിക്കും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കർമസമിതിക്കും ഒക്ടോബറിൽ തുടങ്ങുന്ന ഭാരത് ജോഡോ യാത്രയ്ക്കും ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകി. ഇങ്ങനെയുള്ള പ്രധാന സംരംഭങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ടാണ് നവ് സങ്കൽപ് ചിന്തൻ ശിബിർ ഉദയ്പൂരിൽ അവസാനിച്ചത്.
ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ശനിയും ഞായറുമായി കോഴിക്കോട്ടും ചിന്തൻ ശിബിരം നടന്നത്. വീഴ്ചയിൽനിന്നു പാഠം പഠിച്ച് നഷ്ടപ്പെട്ട രാഷ്ട്രീയ പ്രൗഢി തിരിച്ചുപിടിക്കുക എന്നതുതന്നെയാണ് രാജ്യത്ത് കോൺഗ്രസ് സംഘടിപ്പിച്ചു വരുന്ന ചിന്തൻ ശിബിരങ്ങളുടെ ലക്ഷ്യം. വർത്തമാനകാല രാഷ്ട്രീയത്തിലെ വെല്ലുവിളികളെ സമർഥമായി നേരിടാൻ പാർട്ടിയെ ഉടച്ചുവാർക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു ഉത്തരവാദിത്വമാണ്.
പല നിർണായക തീരുമാനങ്ങളും ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ എടുത്തിരുന്നു. സി.പി.എമ്മും ബി.ജെ.പിയും നടപ്പാക്കിയ, നേതാക്കൾക്ക് പ്രായപരിധി നിശ്ചയിച്ചു മുന്നോട്ടുപോകുക എന്നതുപോലുള്ള തീരുമാനങ്ങൾ കോൺഗ്രസിലും എടുക്കുക എന്നത് എളുപ്പത്തിൽ നടക്കാൻ സാധ്യതയില്ല. സി.പി.എം കേഡർ പാർട്ടിയാണ്. അതിനോടു തുലനം ചെയ്യാവുന്ന പാർട്ടി ചട്ടക്കൂടാണ് ബി.ജെ.പിക്കുമുള്ളത്. എന്നാൽ, 75 വയസ് കഴിഞ്ഞവർ പാർട്ടി നേതൃത്വത്തിൽ തുടരുന്നതും മൂന്നു പ്രാവശ്യം എം.പിയും എം.എൽ.എയും ആയവർ നിർബന്ധമായും മാറിനിൽക്കാത്തിടത്തോളം ചിന്തൻ ശിബിരം മുന്നോട്ടുവയ്ക്കുന്ന പുരോഗമനാശയങ്ങൾ നടപ്പിലാകുകയില്ല. പെട്ടെന്ന് ഇത്തരമൊരു മാറ്റം സാധ്യമാകണമെന്നില്ല. കോൺഗ്രസിനെ സംബന്ധിച്ച് അതൊരു കേഡർ പാർട്ടി അല്ലാത്ത അസ്ഥയിൽ 75 കഴിഞ്ഞിട്ടും നേതൃനിരയിലും എം.പിയായും എം.എൽ.എയായും തുടരുന്നവർ സ്വയം എടുക്കേണ്ട തീരുമാനമാണിത്. അങ്ങനെയൊരു തുടക്കം കോൺഗ്രസിൽ ഉണ്ടാകുകയാണെങ്കിൽ ബാക്കിയുള്ള മാറ്റങ്ങൾ പാർട്ടിയിൽ എളുപ്പത്തിൽ പ്രാവർത്തികമാക്കാനും കഴിയും. രാഷ്ട്രീയം, സാമൂഹിക നീതി, സാമ്പത്തികം, സംഘടന, കൃഷി, യുവജന ശാക്തീകരണം എന്നീ വിഷയങ്ങളിലൂന്നി ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ ചർച്ച നടക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി പാർട്ടി ന്യൂനപക്ഷത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നു എന്നതാണ്. മൃദുഹിന്ദുത്വ നിലപാട് പാർട്ടി എടുക്കുന്നു എന്ന ആരോപണവും ദേശീയ നേതൃത്വത്തിന് എതിരായി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പി പോലുള്ള സംസ്ഥാനങ്ങളിലൊന്നും ദേശീയ നേതാവായ ഗുലാം നബി ആസാദിനെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുപ്പിച്ചിരുന്നില്ല എന്ന ആരോപണം ദേശീയ നേതൃത്വത്തിനെതിരേയുണ്ട്. എന്നാൽ കറകളഞ്ഞ മതേതരത്വ നിലപാടിൽ ഊന്നിനിന്നുകൊണ്ടാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്. ഇന്ദിര ഗാന്ധി പുലർത്തിപ്പോന്ന മതനിരപേക്ഷ നിലപാട് ദേശീയ നേതൃത്വം തുടർന്നാൽ മാത്രമേ കോൺഗ്രസിനൊരു തിരിച്ചുവരവ് 2024ൽ സാധ്യമാകൂ എന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന നേതാക്കൾക്ക് കഴിയേണ്ടതുണ്ട്.കോഴിക്കോട്ട് നടന്ന ശിബിരം കേരള നേതാക്കൾക്ക് അതിനുള്ള ഊർജമാകട്ടെ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളിലും യു.ഡി.എഫ് മിന്നുന്ന വിജയം കരസ്ഥമാക്കിയത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കളങ്കമില്ലാത്ത മതനിരപേക്ഷ നിലപാടുകൊണ്ടു കൂടിയായിരുന്നു.
ബൂത്ത് തലം മുതൽ കെ.പി.സി.സി വരെയുള്ള എല്ലാ കമ്മിറ്റികളുടെയും കാലാവധി നിശ്ചയിക്കൽ, കമ്മിറ്റികളുടെ പ്രവർത്തനം മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്താൻ സ്ഥിരം സംവിധാനം, എല്ലാ ജില്ലകളിലും പൊളിറ്റിക്കൽ സ്‌കൂൾ- ഉദ്ഘാടന പ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിക്കുകയും ചെയ്തു. ഒരാൾക്ക് ഒരു പദവി, എല്ലാ പഞ്ചായത്തുകളിലും പാർട്ടിയുടെ സാന്ത്വന പരിചരണ വിഭാഗം, കെ.എസ്.യുവിൽ വിദ്യാർഥിനികൾക്കായി പ്രിയദർശിനി സെൽ, സംഘടനാ നവീകരണ പദ്ധതികൾ, സഹകരണ -സാംസ്‌കാരിക മേഖല, സാമ്പത്തിക സമാഹരണം, പോഷക സംഘടനകളുടെ ശാക്തീകരണം, പ്രവാസ രംഗം, തദ്ദേശ മേഖല, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കരട് പ്രമേയങ്ങളാണ് രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന നവ സങ്കൽപ് ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യപ്പെട്ടത്. ഇവ തിരുത്തലുകളോടെ ശിബിര തീരുമാനങ്ങളായി പുറത്തുവന്നിട്ടുമുണ്ട്. ശിബിരം കഴിയുന്നതോടെ ഹാളിലെ കസേര മടക്കിവയ്ക്കുന്നത് പോലെ തീരുമാനങ്ങളും മടക്കിവയ്ക്കരുത്. ഒരു പ്രദേശത്തെ 20 കോൺഗ്രസ് വീടുകൾ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി എന്ന അതിപ്രധാന തീരുമാനം നേരത്തെ എടുത്തതാണെങ്കിലും പ്രവർത്തനം എവിടെയുമെത്തിയില്ല. പാർട്ടി പുനഃസംഘടന നീളുന്നത് ശിബിര തീരുമാനങ്ങളെ നടപ്പിൽ വരുത്തുന്നതിൽ പിറകോട്ടടിപ്പിക്കും. പ്രഖ്യാപിച്ച കോൺഗ്രസ്, കെ.എസ്.യു പുനഃസംഘടന ഉടനുണ്ടാകണം. ശിബിര തീരുമാനങ്ങൾ നടപ്പിലാക്കാൻ താഴേതട്ടിൽ കമ്മിറ്റികൾ ഇല്ലെങ്കിൽ ശിബിരത്തിൽ എടുത്ത തീരുമാനങ്ങളെല്ലാം വ്യർഥമാകുകയേയുള്ളു. ഇച്ഛാശക്തിയോടെ തീരുമാനങ്ങളെല്ലാം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ കെ.പി.സി.സി കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ പ്രൗഢവും ഉജ്ജ്വലവുമായ തിരിച്ചുവരവിനായിരിക്കും സാക്ഷ്യം വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."