'പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം' തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്
കൊല്‍ക്കത്ത: അഴിമതിക്കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പാര്‍ത്ഥ ചാറ്റര്‍ജിയെ നീക്കണം. പാര്‍ത്ഥ ചാറ്റര്‍ജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം നാണക്കേടും അപമാനവും വരുത്തിവെച്ചതായി കുനാല്‍ ഘോഷ് പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റാണെങ്കില്‍ തനിക്കെതിരെ എന്തു നടപടിയെടുക്കാനും പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അധ്യാപകഅധ്യാപകേതര നിയമനത്തിനായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കേസിലാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പാര്‍ത്ഥയുടെയും ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ അര്‍പ്പിതയുടേയും ഫ്ളാറ്റുകളില്‍ നിന്നായി 50 കോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടികളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്.
അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ 29 കോടിയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. ഫ്ളാറ്റിലെ ഷെല്‍ഫില്‍ ചാക്കുകളിലാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. 10 പെട്ടികളിലാക്കിയാണ് ഈ പണം ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. നേരത്തെ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്ളാറ്റില്‍ നിന്നും 21 കോടി കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി.
ബംഗാളിലെ മമത സര്‍ക്കാരില്‍ പാര്‍ത്ഥ ചാറ്റര്‍ജി വ്യാവസായം, പാര്‍ലമെന്ററികാര്യം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, പബ്ലിക് എന്റര്‍പ്രൈസസ്, വ്യവസായ നവീകരണം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബാംഗ്ലയുടെ എഡിറ്റര്‍ കൂടിയാണ് പാര്‍ത്ഥ ചാറ്റര്‍ജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."