ലോകം മറ്റൊരു യുദ്ധഭീതിയിൽ
റഷ്യ- ഉക്രൈൻ യുദ്ധത്തിന് പിന്നാലെ ലോകത്തെ മറ്റൊരു യുദ്ധഭീതികൂടി പിടികൂടിയിരിക്കുകയാണ്. അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതാണ് ഇത്തരമൊരു ഭീതി സംജാതമാക്കിയത്. ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് പൊലോസി തായ്‌വാൻ സന്ദർശിച്ചത്.
പെലോസി തായ്‌വാൻ വിട്ടയുടനെ ചൈന തായ്‌വാനെ വളഞ്ഞുവയ്ക്കുകയും ചെയ്തു. റഷ്യ-ഉക്രൈൻ യുദ്ധം നടന്നുകൊണ്ടിരിക്കെ മറ്റൊരു പ്രബലശക്തിയായ ചൈനയും അമേരിക്കയും തായ്‌വാനിൽ യുദ്ധഭീഷണി മുഴക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. മേഖലയിൽ യുദ്ധഭീതി സൃഷ്ടിച്ച് തായ്‌വാനു ചുറ്റും സമുദ്രത്തിൽ സൈന്യത്തെ വിന്യസിച്ച് ചൈന സൈനികാഭ്യാസം തുടങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം നിരവധി ബാലിസ്റ്റിക് മിസൈലുകളാണ് തായ്‌വാനു നേരെ ചൈന തൊടുത്തുവിട്ടത്. അവ മുഴുവനും പതിച്ചത് തായ്‌വാനു ചുറ്റും സമുദ്രത്തിലായതിനാൽ വലിയ അപകടങ്ങൾ ഉണ്ടായില്ല.
ജപ്പാനിലും കുറെ മിസൈലുകൾ പതിക്കുകയുണ്ടായി. ജപ്പാന്റെയും ചൈനയുടെയും ഇടയിലുള്ള ദ്വീപ് സമൂഹമാണ് തായ്‌വാൻ. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതുവരെ ജപ്പാന്റെ അധീനതയിലായിരുന്നു തായ്‌വാൻ. തായ്‌വാനു നേരെ ചൈന നടത്തുന്ന ഏതൊരാക്രമണവും ഇതിനാൽ ജപ്പാനെയും ബാധിക്കും. അവരുടെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈലുകൾ പതിച്ചതെന്ന് ജപ്പാൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.
പെലോസിതായ്‌വാൻ വിട്ടതിനു പിന്നാലെ 27 ചൈനീസ് പോർവിമാനങ്ങൾ തായ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ചിരുന്നു. പെലോസി തായ്‌വാൻ സന്ദർശിക്കുന്നതിനു മുമ്പുതന്നെ ചൈന അമേരിക്കയെ, തീകൊണ്ട് തല ചൊറിയരുതെന്ന് ഭീഷണിപ്പെടുത്തിയതാണ്. എന്നാൽ, അമേരിക്ക തായ്‌വാനു ചുറ്റും വിമാന വാഹിനിയടക്കം നാല് യുദ്ധക്കപ്പലുകൾ അണിനിരത്തിയാണ് ചൈനീസ് ഭീഷണിക്ക് മറുപടി നൽകിയത്. പെലോസിയുടെ സന്ദർശനത്തിന്റെ പേരിൽ വിരട്ടാൻ നോക്കേണ്ടെന്ന് ചൈനയ്ക്കു യു.എസ് മറുപടിയും നൽകി. പിറകെ എന്തിനും തയാറായി ചൈനയും പോർവിമാനങ്ങൾ അണിനിരത്തുകയായിരുന്നു.
1997നു ശേഷം തായ്‌വാൻ സന്ദർശിക്കുന്ന യു.എസിലെ പ്രമുഖ നേതാവാണ് നാൻസി പെലോസി. വൻ സ്വീകരണമാണ് അവർക്ക് ലഭിച്ചത്. പെലോസി തായ്‌വാനിൽ കാലുകുത്തിയാൽ യു.എസ് കനത്ത വില നൽകേണ്ടി വരുമെന്ന ചൈനയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ പെലോസി തായ്‌വാനിൽനിന്നു മടങ്ങിയതിനു ശേഷമാണ് ചൈന യുദ്ധപ്രകോപനവുമായി യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. തായ്‌വാൻ തങ്ങളുടെ ഭൂപ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയുടെ അധീനതയിലാണ് തായ്‌വാനെങ്കിലും പല രാഷ്ട്രങ്ങളും ഈ അവകാശവാദം അംഗീകരിക്കുന്നില്ല. 193 യു.എൻ അംഗരാഷ്ട്രങ്ങളിൽ 13 രാഷ്ട്രങ്ങൾ തായ്‌വാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുപോരുന്നുണ്ട്. അമേരിക്കയുടെ ഇടപെടൽ തായ്‌വാനുമേലുള്ള ചൈനയുടെ അധീശത്വം ഇല്ലാതാക്കിയേക്കുമോയെന്ന ഭയമാണ് ചൈനയെ യുദ്ധമുഖത്ത് എത്തിച്ചിരിക്കുന്നത്.
ജപ്പാന്റെ ചൈനയ്ക്കെതിരായ കുറ്റപ്പെടുത്തലും നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ റഷ്യ അപലപിച്ചതും റഷ്യ - ഉക്രൈൻ യുദ്ധത്തിൽ ചൈന റഷ്യക്കൊപ്പം നിൽക്കുന്നു എന്നതും ഇപ്പോഴത്തെ സംഘർഷത്തിൽ പാകിസ്താൻ ചൈനയ്ക്കു പിന്തുണ നൽകുന്നതും ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. റഷ്യയും ചൈനയും ഒരു ഭാഗത്ത് അണിനിരക്കുമ്പോൾ ലോകത്തെ പ്രബല ശക്തി യു.എസ് ആണോ ചൈനയാണോ എന്നറിയാനുള്ള അളവുകോലായി അതു മാറുകയാണ്.
1949ലെ ഒക്ടോബർ വിപ്ലവത്തെ തുടർന്നു മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വരികയും പരാജയപ്പെട്ട ചിയാങ് കൈഷകിന്റെ കൂമിന്താങ് വിഭാഗം തായ് വാൻ ദ്വീപ് സമൂഹത്തിൽ കുടിയേറി അവിടെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടം സ്ഥാപിക്കുകയുമായിരുന്നു. മാത്രമല്ല, എല്ലാ ചൈനീസ് പ്രദേശങ്ങളും തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. ചൈനയാകട്ടെ, അവരുടെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമാണ് തായ്‌വാനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ അവകാശവാദം ചൈന ഇപ്പോഴും തുടരുന്നു.
തായ്‌വാൻ 1950 മുതൽ അമേരിക്കയുമായി ബന്ധപ്പെടുന്നുണ്ട്. അവരുടെ സഹായം സ്വീകരിച്ചുപോരുന്നുമുണ്ട്. യു.എസിനും ചൈനയ്ക്കും തായ്‌വാനിൽ അധീശത്വം സ്ഥാപിക്കണമെന്നത് ഇരു രാഷ്ട്രങ്ങളുടെയും ചിരകാല മോഹമാണ്. ഈ താൽപര്യ സംരക്ഷണത്തിനു വേണ്ടിയാണ് ലോകത്തെ രണ്ട് പ്രബലശക്തികൾ തായ്‌വാൻ സമുദ്രത്തിൽ യുദ്ധസന്നാഹത്തോടെ മുഖത്തോടു മുഖം നോക്കിനിൽക്കുന്നതിൽ എത്തിച്ചിരിക്കുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദം പരസ്പര ബഹുമാനത്താൽ ബന്ധിതമാകേണ്ടതാണ്. അതിൽനിന്നകലുമ്പോൾ സ്വാഭാവികമായും അവിടെ അവിശ്വാസവും അതേ തുടർന്നു നിസാര പ്രശ്നങ്ങളുടെ പേരിൽ പോലും സംഘർഷവും ഉടലെടുക്കും. അത് ഒടുവിൽ യുദ്ധത്തിൽ കലാശിക്കുകയും ചെയ്യും. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ മറ്റൊരു രാജ്യം ഇടപെടുന്നു എന്ന ആരോപണങ്ങളെ നയതന്ത്ര പരാജയമായിട്ടേ കാണാനാകൂ. തായ്‌വാൻ, ചൈന, യു.എസ് ബന്ധങ്ങളിൽ വർഷങ്ങളിലൂടെ സംഭവിച്ച അസ്വാരസ്യമിപ്പോൾ രണ്ട് രാജ്യങ്ങളിലെയും സൈനികശക്തിയെ ബലപരീക്ഷണ രംഗത്താണ് എത്തിച്ചിരിക്കുന്നത്. അത്തരമൊരവസ്ഥ ഇപ്പോൾ യുദ്ധസന്നാഹമൊരുക്കുന്നതിൽ ഇരു രാജ്യങ്ങളെയും വ്യാപൃതരാക്കിയിട്ടുണ്ട്. രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യു.എൻ ചാർട്ടർ പ്രകാരമുള്ള പോളിസിയിലൂടെയും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടുള്ള പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. ചൈനയിൽ 2012 മുതൽ അധികാരത്തിൽ തുടരുന്ന ഷി ജിൻപിങ്ങിന് തന്റെ രാഷ്ട്രത്തെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കണമെന്ന അടങ്ങാത്ത മോഹമുണ്ട്. സാമ്രാജ്യത്വ വികസന മോഹവും അദേഹത്തിനുണ്ടെന്ന് അദേഹത്തിന്റെ പല പ്രവർത്തനങ്ങളിൽനിന്നും വ്യക്തമാണ്. പലപ്പോഴും ഇന്ത്യയുടെ അതിർത്തി ലംഘിച്ച് ലഡാക്കിൽ സംഘർഷമുണ്ടാക്കുക, പാലങ്ങളും റോഡുകളും നിർമിക്കുക തുടങ്ങിയ ധാർഷ്ട്യ പ്രകടനങ്ങളും ഈ അധികാര പ്രമത്തതയുടെ ഭാഗമായേ കാണാനാകൂ.
ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രതക്ക് മുന്നിൽ ഇതുവരെ ചൈനയുടെ കടന്നുകയറ്റ മോഹം സഫലമായിട്ടില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുൻ പ്രസിഡന്റ് ട്രംപിൽനിന്നു വ്യത്യസ്തമായി ശാന്തപ്രകൃതമുളള വ്യക്തിയായാണ് പുറമേയ്ക്ക് അറിയപ്പെടുന്നത്. ചൈനയുടെ മേൽ അദ്ദേഹത്തിനു മൃദുസമീപനമാണുള്ളതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. എന്നാൽ, അമേരിക്കയുടെ യുദ്ധവിമാനങ്ങൾ വിമാനവാഹിനി കപ്പലുകളിൽ തായ്‌വാൻ സമുദ്രത്തിൽ അണിനിരന്നത് ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ്. ചൈനയുടെ പ്രകോപങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈൽ വർഷത്തെക്കുറിച്ചും തായ്‌വാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ തായ്‌വാന്റെ നിലപാടിനെ ആശ്രയിച്ചായിരിക്കും ലോകത്തെ ഗ്രസിച്ചിരിക്കുന്ന യുദ്ധഭീതിയുടെ പര്യവസാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."