ബിഹാറിലെ പുതുവെളിച്ചം
ബിഹാറിൽ ജെ.ഡി.യു ഒരിക്കൽക്കൂടി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ആർ.ജെ.ഡിയുമായി ചേർന്ന് പുതിയ സഖ്യം രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെ പുതിയ സർക്കാർ അധികാരത്തിൽ വരും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവും. മഹാരാഷ്ട്രയിൽ കൂറുമാറ്റിയെടുത്ത ഭരണത്തിന്റെ ആവേശമടങ്ങും മുമ്പ് ബിഹാർ കൈവിട്ടത് ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡിക്ക് ഭരിക്കാൻ അവസരം ലഭിക്കുന്നത് ജനാധിപത്യത്തിലെ നീതിയുമാകും. എന്നാൽ, നിതീഷിന്റെ വഴിപിരിയൽ രാഷ്ട്രീയത്തിൽ കൂടുതൽ പ്രതീക്ഷവയ്ക്കാൻ സമയമായോയെന്നുകൂടി ആലോചിക്കണം. മാധ്യമങ്ങളിൽ പല കഥകളുണ്ടെങ്കിലും എന്താണ് നിതീഷ് കുമാറിന്റെ യഥാർഥ പ്രശ്‌നം. അത് ആശയപരമാണോ അതോ വ്യക്തിപരമാണോ.
നിയമസഭാ സ്പീക്കറും ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹയുമായി വിധാൻസഭാ വാർഷികാഘോഷത്തിലെ ക്ഷണത്തെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലാണ് ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാവാൻ കാരണം. ഇതിനിടെ, അടുത്ത സഹായിയായിരുന്ന ആർ.സി.പി സിങ് തനിക്കെതിരേ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയത് ബി.ജെ.പിയുടെ നിർദേശപ്രകാരമാണെന്നാണു നിതീഷ് കരുതുന്നത്. ചർച്ച പോലും നടത്താനാവാത്ത വിധം നിതീഷ് തങ്ങളിൽനിന്ന് അകലുകയാണെന്ന് ബി.ജെ.പി നേരത്തെ കണക്കുകൂട്ടിയിരുന്നു. സഖ്യം വീഴുന്നത് നോക്കിനിൽക്കേണ്ടിവന്നത് അതിനാലാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40ൽ 39 സീറ്റുകളും എൻ.ഡി.എ സഖ്യം സ്വന്തമാക്കിയിരുന്നു. മത്സരിച്ച 17 സീറ്റുകളിലും ബി.ജെ.പി ജയിച്ചപ്പോൾ ജെ.ഡി.യു 17ൽ 16 സീറ്റുകൾ നേടി. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഇത്രയും സീറ്റുകൾ നൽകിയത് തങ്ങളാണെന്ന് ജെ.ഡി.യു കരുതി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷിനെ വീണ്ടും എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്നും തുല്യ സീറ്റുകളിൽ മത്സരിക്കണമെന്നുമുള്ള ആവശ്യത്തിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യം വഷളായി. ജെ.ഡി.യു മത്സരിച്ച മിക്കവാറും സീറ്റുകളിൽ എൽ.ജെ.പിയെ നിർത്തി ബി.ജെ.പി കളിച്ചുവെന്ന് ആരോപണമുയർന്നു. ഇതിന്റെ ഫലമായി ജെ.ഡി.യു 71ൽ നിന്ന് 43 സീറ്റിലേക്ക് ചുരുങ്ങി. ബി.ജെ.പി 74 സീറ്റ് നേടി. നിതീഷ് കുമാറിനു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും തുടർന്നങ്ങോട്ട് ബന്ധം നല്ലതായിരുന്നില്ല.
വർഗീയ ആശയങ്ങളോട് എതിരുനിന്നിരുന്ന ബിഹാർ രാഷ്ട്രീയത്തിലേക്ക് ബി.ജെ.പിയെ കൈപിടിച്ചുനടത്തിയ ചരിത്രമാണ് നിതീഷിന്റെത്. എൻ.ഡി.എയിൽ തുടരുന്നതിന് മതേതര ആശയങ്ങളെ ബലികഴിച്ച ചരിത്രവും കൂടിയുണ്ട്. ഇത് രണ്ടാം തവണയാണ് നിതീഷ് എൻ.ഡി.എ സഖ്യം വിടുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് 2013ൽ നിതീഷ് കുമാർ ബിഹാറിൽ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ പോകുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണെന്ന് വ്യക്തമായതോടെയായിരുന്നു അത്. എൻ.ഡി.എയ്ക്കു ശുദ്ധവും മതേതരവുമായ പ്രതിച്ഛായയുള്ള നേതാവുണ്ടാകണമെന്നായിരുന്നു നിതീഷിന്റെ ന്യായം.വാജ്‌പേയിയുടെ കാലത്തെ പാരമ്പര്യം പുതിയ ബി.ജെ.പി കൈയൊഴിച്ചുവെന്ന് നിതീഷ് ആവർത്തിച്ചു. തുടർന്ന് ആർ.ജെ.ഡിയും കോൺഗ്രസുമായും മറ്റു ചില ചെറിയ പാർട്ടികളുമായും ചേർന്ന് "മഹാസഖ്യം' രൂപീകരിച്ച് 2015 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടു. സഖ്യം 178 സീറ്റ് നേടിയതോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി. മോദി പ്രധാനമന്ത്രിയായിരിക്കെ 2017 ജൂലൈയിൽ ആർ.ജെ.ഡിയുമായി വേർപിരിഞ്ഞ നിതീഷ് വീണ്ടും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു.
ജോർജ് ഫെർണാണ്ടസ് 1997ൽ തുടക്കമിട്ട ബി.ജെ.പി--- -----------_സോഷ്യലിസ്റ്റ് ബാന്ധവം ഗുജറാത്തിലെ 2002 വംശഹത്യക്കുശേഷവും കൊണ്ടുനടന്ന ഏക സോഷ്യലിസ്റ്റ് നേതാവു കൂടിയായിരുന്നു നിതീഷ് കുമാർ. 2002 ഗുജറാത്ത് വംശഹത്യ ബി.ജെ.പിയുടെ മുന്നണി ബന്ധങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. മതേതതര സംഘടനകൾ ഗുജറാത്ത് വംശഹത്യക്ക് ശേഷമാണ് ബി.ജെ.പിയിൽനിന്ന് അകന്നത്. പക്ഷേ അന്നും നിതീഷ് എൻ.ഡി.എയിൽ തുടരാനാണ് തീരുമാനിച്ചത്.
2017ലെ സഖ്യത്തിനുശേഷം മോദിയുടെ ജനവിരുദ്ധ നയങ്ങളോ വർഗീയ നിലപാടുകളോ രാജ്യത്തുണ്ടായ ധ്രുവീകരണമോ നിതീഷിനെ അലട്ടിയിരുന്നില്ല. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്ത്യൻ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടത് ബി.ജെ.പി ആഗ്രഹിക്കുന്ന പാതയിലാണ്. അതിനൊപ്പം നിതീഷുമുണ്ടായിരുന്നു.
പൗരത്വ നിയമഭേദഗതി, കശ്മിരിലെ 370ാം വകുപ്പ് എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങളിൽ ബിഹാറിലെ തന്റെ മുസ്‌ലിം വോട്ടു പിന്തുണ ചോർന്നുപോകാതെ നയതന്ത്രത്തിന്റെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഇത്രയും കാലം നിതീഷ്. 2014ന് ശേഷമുള്ള ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാൻ മോദി സർക്കാർ നടത്തിയ നീക്കങ്ങളിൽ നിതീഷും ഭാഗമാണ്. പുതിയ സഖ്യം വരുന്നതിലെ ഏക ആശ്വാസം നിതീഷിനും ലാലുവിനും കോൺഗ്രസിനുമിടയിൽ മുസ്‌ലിം വോട്ടുബാങ്കിന് ആശയക്കുഴപ്പം നീങ്ങിക്കിട്ടുന്നുവെന്നതാണ്. ഈ സഖ്യം വിജയിച്ചില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് എൻ.ഡി.എയിലേക്ക് തിരിച്ചുപോവുകയോ ഒക്കെ ചെയ്യാം. എന്തായാലും ബി.ജെ.പി വിട്ടതിന്റെ കാരണങ്ങളെക്കുറിച്ച് നിതീഷിന്റെ അവകാശവാദങ്ങൾ പാതി മാത്രമേ ഇപ്പോഴും വിശ്വാസയോഗ്യമായിട്ടുള്ളൂ.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറന്തള്ളാൻ ആർ.ജെ.ഡി കാണിച്ച വിട്ടുവീഴ്ച അഭിനന്ദനീയമാണ്. സർക്കാരിനെ അട്ടിമറിച്ച് സഖ്യത്തിന്റെ ഭാഗമാകണോ അതോ കുറച്ചുകാലം കാത്തിരുന്ന് തെരഞ്ഞെടുപ്പ് നേരിട്ട് ഒറ്റക്ക് അധികാരത്തിലെത്തണോ എന്നതായിരുന്നു ആർ.ജെ.ഡിയുടെ മുന്നിലുള്ള ചോദ്യം. 2017ലെ വഞ്ചനയുടെ കൈപ്പുനീര് ബാക്കിയുണ്ടെങ്കിലും ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്നതിന് പ്രഥമ പരിഗണന നൽകുകയെന്ന തീരുമാനത്തിൽ ആർ.ജെ.ഡി ഉറച്ചുനിന്നു. എക്കാലത്തും ബിഹാറിൽ ലാലുപ്രസാദ് യാദവിന്റെ പാർട്ടിയിൽ മാത്രമാണ് മതേതര സമൂഹത്തിന് പ്രതീക്ഷ ബാക്കിയുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."