ദളിത് വിദ്യാര്‍ഥിയുടെ മരണം; പ്രതിഷേധമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ അധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ രാജിവെച്ചു. അട്‌റു മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ പനചന്ദ് മേഗ്വാള്‍ ആണ് രാജിവെച്ചത്.
രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. സംഭവത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് എംഎല്‍എ അറിയിച്ചു.
'സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ എനിക്ക് കഴിയുന്നില്ല,അതിനാല്‍ ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നു.'- പനചന്ദ് മേഘ്‌വാള്‍ മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തില്‍ പറഞ്ഞു.
മേല്‍ജാതിക്കാരായ അധ്യാപകര്‍ക്കുള്ള വെള്ളം കുടിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് മൂന്നാം ക്ലാസുകാരന്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനിപ്പിച്ചെന്നും മേഗ്വാള്‍ പറഞ്ഞു.
രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സുരാനാ ഗ്രാമത്തിലാണ് ജാതിക്കൊല നടന്നത്. സരസ്വതി വിദ്യാമന്ദിറില്‍ പഠിക്കുന്ന ഇന്ദ്ര മേഘ്‌വാള്‍ എന്ന ഒമ്പത് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മേല്‍ജാതിക്കാരായ അധ്യാപകര്‍ക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാര്‍ത്ഥി എടുത്ത് കുടിച്ചതിന്റെ പേരിലായിരുന്നു ക്രൂര മര്‍ദ്ദനം. കഴിഞ്ഞ മാസം ഇരുപതിന് നടന്ന സംഭവത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയുകയായിരുന്ന കുട്ടി ശനിയാഴ്ച്ചയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."