സിവിക് ചന്ദ്രന് ജാമ്യം: കടുത്ത വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ: കുറ്റാരോപിതര്‍ക്ക് രക്ഷപ്പെടാനുള്ള കുറുക്കുവഴി കോടതി തുറന്നുകൊടുക്കുന്നുവെന്ന്
തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസിലെ കോടതി ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. പരാതിക്കാരിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയെ ലജ്ജിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. അബദ്ധ ജടിലവും ആധുനിക കാലത്തെ പിറകോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയ പ്രയോഗവും സ്ത്രീവിരുദ്ധവുമാണ് കോടതി പരാമര്‍ശങ്ങള്‍. പരാതിക്കാരി ധരിച്ച വസ്ത്രം പ്രതിയില്‍ ലൈംഗികപ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന പരാമര്‍ശം വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും ദുഷിച്ച മാനസിക നിലവാരമുള്ള സമാനമനസുള്ള കുറ്റാരോപിതര്‍ക്ക് ന്യായം കണ്ടെത്തി രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍ തുറന്നിടുന്നതുമാണെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.
'സാമൂഹ്യ ചിന്താഗതിയെ അങ്ങേയറ്റം പുറകോട്ടടിപ്പിക്കുന്ന ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കോടതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും അന്തസ്സിന് ചേരാത്തതും തിരുത്തപ്പെടേണ്ടതുമാണ്. സ്ത്രീ മുന്നേറ്റത്തിന്റെ വര്‍ത്തമാന കാലത്ത് ലൈംഗികാതിക്രമണ പരാതി നല്‍കിയ സ്ത്രീക്കൊപ്പം നില്‍ക്കേണ്ട ന്യായപീഠങ്ങള്‍ വസ്തുതകളെ സദാചാര കണ്ണുകളാല്‍ വിലയിരുത്തുന്ന രീതി ശരിയല്ല,'ഭൂതകാലത്തിന്റെ ഇരുളിലിരുന്ന് എഴുതുന്ന ഇത്തരം വിധിക്കെതിരെയും ആശ്വാസ്യമല്ലാത്ത പദപ്രയോഗത്തിനെതിരെയും ശക്തമായി പ്രതിഷേധിക്കുകയാണെന്നും യുവജന സംഘടന കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."