ബിൽഖീസ്: വെളിച്ചത്തിലേക്ക് ഇനിയെത്ര ദൂരം
ഡൽഹി നോട്സ്
കെ.എ സലിം
2008 ജനുവരിയിൽ 11 പ്രതികളെ പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ മാധ്യമങ്ങൾക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ബിൽഖീസ് ബാനുവിനെ ഓർമയുണ്ട്. മാധ്യമപ്രവർത്തകർ തിങ്ങിനിറഞ്ഞ പ്രസ് ക്ലബ് ഹാളിൽ വല്ലാത്തൊരു സമ്മർദം മുറ്റിനിന്നിരുന്നു. ഭർത്താവ് യഅ്ഖൂബ് റസൂലിനും ഏതാനും മനുഷ്യാവകാശപ്രവർത്തകർക്കുമൊപ്പം നിഖാബ് ധരിച്ച് ബിൽഖീസ് ഹാളിലേക്ക് പ്രവേശിച്ചതോടെ തിക്കും തിരക്കുമായി. സീറ്റിലിരുന്നതോടെ മുഖാവരണം ബിൽഖീസ് മുകളിലേക്കുയർത്തിവച്ചു. വാർത്തകളിൽ മാത്രമറിഞ്ഞ ബിൽഖീസിനെ ആദ്യമായായിരുന്നു കാണുന്നത്. അവരുടെ ഒരു ചിത്രം പോലും അതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കരുവാളിച്ച മുഖം, തളർന്ന കണ്ണുകൾ. ഒന്നും മിണ്ടാനാവാതെ ബിൽഖീസ് കുറെ സമയം കണ്ണീരൊഴുക്കി കണ്ണുകൾ താഴ്ത്തിനിന്നു. ഇടയ്ക്കിടെ നിശ്വാസങ്ങൾ പുറത്തേക്കിഴഞ്ഞു. അത്രയും കാലം വായിച്ചു മാത്രമറിഞ്ഞ കഥ അന്ന് ബിൽഖീസിൽ നിന്ന് തന്നെ ആദ്യമായി കേട്ടു.
2002 ഫെബ്രുവരി 28ന് ഗോധ്ര തീവണ്ടിദുരന്തം നടക്കുമ്പോൾ ഗോധ്രയിൽ നിന്ന് ഏറെ അകലെയല്ലാത്ത റാന്ദിക്പൂരിലെ തന്റെ മാതാപിതാക്കളെ കാണാൻ വന്നതായിരുന്നു ബിൽഖീസ്. 19കാരിയായ അവൾ അഞ്ചുമാസം ഗർഭിണിയായിരുന്നു. പിറ്റേന്ന് കാലത്ത് അവളുടെ അമ്മായി കുട്ടികളുമായി വീട്ടിൽ ഓടിക്കയറിവന്നു. വീടുകൾ ആക്രമിക്കാൻ തുടങ്ങിയെന്നും വേഗം ഇവിടെ നിന്ന് പോകണമെന്നും അവർ ഒന്നുമെടുക്കാൻ സമയമുണ്ടായിരുന്നില്ല. ചെരിപ്പിടാൻ പോലും സമയം കിട്ടിയില്ല. വൈകിപ്പോയിരുന്നു. കോളനിയിലെ 50ലധികം വരുന്ന മുസ്‌ലിം കുടുംബങ്ങൾ അപ്പോഴേക്കും പലായനം ചെയ്തിട്ടുണ്ട്. കുടുംബത്തിലെ 17 പേർക്കൊപ്പം ഒരു ട്രക്കിൽ കയറി. രണ്ടു പുരുഷൻമാർ, ബിൽഖീസിന്റെ മാതാവ്, ഗർഭിണിയായ അർധസഹോദരി, രണ്ടുദിവസം മുമ്പ് കുഞ്ഞിന് ജന്മം നൽകിയ അർധസഹോദരി തുടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഗ്രാമ കൗൺസിൽ തലവന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അയാൾ അഭയം നൽകിയില്ല.
അടുത്ത രണ്ടുദിവസങ്ങൾ അഭയം തേടി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രയായിരുന്നു. നന്മയുള്ള ചിലർ അവർക്ക് അഭയം നൽകി. എന്നാൽ കൂടുതൽ ദിവസം അവിടെ തങ്ങുന്നത് സുരക്ഷിതമായിരുന്നില്ല. മാർച്ച് മൂന്നിന് പുലർച്ചെ അവർ അടുത്ത ഗ്രാമത്തിലേക്ക് നടന്നുനീങ്ങി. വഴി സുരക്ഷിതമാണെന്നാണ് കരുതിയത്. എന്നാൽ രണ്ടു ജീപ്പുകളിലായി പിന്തുടർന്നെത്തിയ സംഘം അവരെ വളഞ്ഞു. ബിൽഖീസിന്റെ തന്നെ ഗ്രാമത്തിലുള്ളവരായിരുന്നു അവർ. അവരിൽ 12 പേരെ ബിൽഖീസിന് നേരിട്ടറിയാം. കൂട്ടത്തിലെ പുരുഷൻമാരെ അവർ വേഗത്തിൽ കൊന്നു. അവരെന്നെ പിടികൂടുമ്പോൾ എന്റെ മടിയിൽ ഞാൻ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു മൂന്നു വയസ്സുകാരി മകൾ സ്വാലിഹയെ. ഒന്നും ചെയ്യരുതെന്ന് ഞാനവരോട് കരഞ്ഞുപറഞ്ഞു. സാലിഹയെ എന്നിൽ നിന്നവർ പറിച്ചെടുത്തു മുകളിലേക്കെറിഞ്ഞു. അവൾ താഴെ വീണ് തല ചിതറിത്തകർന്ന് മരിച്ചു.
ബിൽഖീസിനെ ഓരോരുത്തരായി ബലാത്സംഗം ചെയ്യുമ്പോൾ കൂട്ടത്തിലൊരാൾ അവളുടെ കഴുത്തിൽ ചവിട്ടിപ്പിടിച്ചിരുന്നു. കുടുംബത്തിലെ ഓരോരുത്തരെയായി ബലാത്സംഗം ചെയ്തു കൊല്ലുന്നതും അവൾക്ക് കാണാമായിരുന്നു. ബലാത്സംഗത്തിനിടെ ബോധരഹിതയായ ബിൽഖീസിനെ മരണമുറപ്പിക്കാൻ തലക്ക് കല്ലും വടിയുംകൊണ്ടടിച്ച ശേഷമാണ് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് അവർ പോയത്. ബോധം വരുമ്പോൾ നഗ്നയായി കിടക്കുകയായിരുന്നു അവൾ. ചോരപുരണ്ട ഷിമ്മീസ് അടുത്തുണ്ടായിരുന്നു. അത് ധരിച്ച് അടുത്തുള്ള കുന്നിനു മുകളിലേക്ക് വലിഞ്ഞു കയറി ഗുഹയിൽ അഭയം തേടി. തൊട്ടടുത്ത ദിവസം ദാഹിച്ചു വലഞ്ഞ തനിക്ക് പുറത്തുവരികയല്ലാതെ വഴിയില്ലായിരുന്നുവെന്ന് ബിൽഖീസ് പറഞ്ഞു. തൊട്ടടുത്തുള്ള ആദിവാസി ഗ്രാമത്തിലേക്ക് ഒരുവിധം ഇഴഞ്ഞെത്തി. അവളെ കണ്ട ഗ്രാമീണർ ആദ്യം വടിയുമായി പാഞ്ഞെത്തി. എന്നാൽ അടുത്തു കണ്ടപ്പോൾ അവൾക്ക് വസ്ത്രവും വെള്ളവും അഭയവും നൽകി.
അതുവഴി വന്നൊരു പൊലിസ് ജീപ്പിൽ അവളെ ലിംഖേദ സ്റ്റേഷനിലെത്തിച്ചു. പൊലിസ് സ്‌റ്റേഷനിൽ അവൾ സംഭവിച്ചതെല്ലാം പറഞ്ഞു. തുടർന്ന് മൊഴിയിൽ വിരലടയാളം പതിപ്പിക്കാൻ പൊലിസ് പറഞ്ഞു. എന്നാൽ അതിൽ അവരൊന്നും എഴുതിയിരുന്നില്ല. പൊലിസുകാരൻ എല്ലാം രേഖപ്പെടുത്തുന്നുണ്ടെന്നായിരുന്നു അവൾ കരുതിയത്. മൊഴിയെവിടെയെന്ന് ചോദിച്ചപ്പോൾ അവരൊന്നും പറഞ്ഞില്ല. തന്നെ ബലാത്സംഗം ചെയ്തവരുടെയും കുഞ്ഞിനെയും കുടുംബത്തെയും കൊന്നവരുടെയുമെല്ലാം പേരുകൾ ഞാൻ പറഞ്ഞിരുന്നു. അവർ ഒരു പേരുപോലും രേഖപ്പെടുത്തിയില്ല. പിറ്റെ ദിവസം പൊലിസ് അവളെ ഗോധ്രയിലെ അഭയാർഥി ക്യാംപിൽ കൊണ്ടുപോയി തള്ളി. 15 ദിവസത്തിന് ശേഷമാണ് ഭർത്താവ് യഅ്ഖൂബിന് അവളെ കാണാനെത്താനായത്. അഭയാർഥി ക്യാംപിലായിരുന്നു പിന്നീട് മാസങ്ങളോളം ബിൽഖീസിന്റെയും കുടുംബത്തിന്റെയും ജീവിതം. അതിനിടെ അവൾ പെൺകുഞ്ഞിന് ജന്മം നൽകി.
2003 മാർച്ച് 25ന് തെളിവില്ലെന്ന് പറഞ്ഞ് പൊലിസ് ബിൽഖീസിന്റെ കേസ് തള്ളി. തൊട്ടുപിന്നാലെ കീഴ്‌ക്കോടതിയും ഇതേ കാരണം പറഞ്ഞ് കേസ് നിരസിച്ചു. താമസിക്കാൻ വീടുണ്ടായിരുന്നില്ല. സ്ഥിര ജോലിയില്ല. ബന്ധുക്കളൊന്നും ബാക്കിയില്ല. കാര്യമായ വിദ്യാഭ്യാസത്തിന്റെ പിൻബലമില്ല. ആരും തളർന്നു പോകുന്നിടത്ത് നിന്ന് തളരാതെ 17 വർഷം നീതിയും ജീവിതവും തേടി അലയുകയായിരുന്നു ബിൽഖീസ്. പ്രതികളുടെ ഭീഷണികൾക്കും മധ്യേ, പ്രലോഭനങ്ങൾക്ക് വഴങ്ങാതെ റാന്ദിക് പൂരിലെ വീട്ടിൽനിന്ന് മറ്റൊരിടത്തേക്ക്, അവിടെ നിന്ന് അഹമ്മദാബാദിലെ വാടക വീട്ടിലേക്ക്. വീണ്ടും മറ്റൊരു ബന്ധു വീട്ടിലേക്ക്... അങ്ങനെ അലച്ചിലായിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് തളർന്നെങ്കിലും തളരാതെയിരുന്നു ബിൽഖീസ്.
2003 ഡിസംബറിൽ ബിൽഖീസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പിന്നാലെ കേസുമായി സുപ്രിംകോടതിയിലെത്തി. സുപ്രിംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു ആദ്യപടി. 2004 ജനുവരി മുതൽ ബിൽഖീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് എയിംസിലെ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ സി.ബി.ഐ പരിശോധന നടത്തി. പലയിടങ്ങളിൽ കുഴിച്ചു. പല മൃതദേഹങ്ങളും പരിശോധിച്ചു. സംഭവം നടന്ന അന്ന് തൊട്ടടുത്ത ഗ്രാമത്തിൽ നിന്ന് ചിലർ 60 കിലോ ഉപ്പുവാങ്ങിയിരുന്നതായി സി.ബി.ഐയ്ക്ക് പ്രദേശവാസികളിലൊരാൾ മൊഴി നൽകി. വൈകാതെ സി.ബി.ഐ ദാഹോദിലെ പാനിവേല ഗ്രാമത്തിലെ പുഴക്കരയിൽ ഉപ്പുമൂടിയ കുഴിമാടങ്ങൾ കണ്ടെത്തി. കുഴിമാടങ്ങളിലൊന്ന് തുറക്കുമ്പോൾ അതിൽ ബിൽഖീസ് യഅ്ഖൂബ് റസൂലിന്റെ മൂന്നുവയസ്സുകാരി മകൾ സാലിഹയുമുണ്ടായിരുന്നു. അവൾ മാത്രമല്ല, ബിൽഖീസിന്റെ കുടുംബത്തിലെ കൊല്ലപ്പെട്ട 14 പേരും അതിലുണ്ടായിരുന്നു.
വേഗത്തിൽ ദ്രവിക്കാൻ ഉപ്പിട്ട് മൂടിയതായിലായിരുന്നു മൃതദേഹങ്ങൾ. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഉപ്പും പുഴവെള്ളത്തിന്റെ നനവും കാരണം രണ്ടുവർഷങ്ങൾക്കു ശേഷവും മൃതദേഹത്തിന്റെ പലഭാഗങ്ങളും ദ്രവിക്കാതെ കിടന്നു. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. പിന്നാലെ വീണ്ടും അറസ്റ്റുണ്ടായി. 2004 ഒാഗസ്റ്റിൽ കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സുപ്രിംകോടതി മാറ്റി. 2008 ജനുവരിയിൽ 13 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 11 പേർക്ക് ജീവപര്യന്തം വിധിച്ചു. 2008 ജനുവരിയിൽ പ്രതികൾ അപ്പീൽ നൽകി. 2011 ജൂലൈയിൽ പ്രതികളിൽ മൂന്നുപേർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2017 മെയ് അഞ്ചിന് പ്രതികളുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സുപ്രിംകോടതിയും ശരിവച്ചു.
കേസ് തേച്ചുമാച്ചുകളയാൻ ശ്രമിച്ച പൊലിസുകാർക്കെതിരേയും കേസുമായി ബിൽഖീസെത്തി. കേസിൽ കൃത്രിമം കാട്ടിയതിന് പൊലിസുകാർ അറസ്റ്റിലായി. പൊലിസുകാർക്കെതിരേ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അത് നടപ്പാകാതെ വന്നപ്പോൾ സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു. കൃത്രിമങ്ങളുടെ പരമ്പരയായിരുന്നു കേസിൽ. ബിൽഖീസ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഡോക്ടർ സ്ഥിരീകരിച്ചിട്ടും പൊലിസ് ബലാത്സംഗത്തിന് കേസെടുത്തില്ല. കൊല്ലപ്പെട്ടവരിൽ പലരെയും കാണാതായി എന്ന് റിപ്പോർട്ടെഴുതി വച്ചു. പാനിവേലയിലെ കുഴിമാടത്തിൽ കണ്ടെടുത്ത അസ്ഥികൂടങ്ങൾക്ക് പലതിനും തലയുണ്ടായിരുന്നില്ല. എങ്കിലും സി.ബി.ഐ ഫോറൻസിക് പരിശോധനയിലൂടെയും ഡി.എൻ.എ പരിശോധനയിലൂടെയും കൊല്ലപ്പെട്ടവരെ സ്ഥിരീകരിച്ചു. ബന്ധുക്കളായ ഏഴുവയസ്സുകാരൻ സദ്ദാമും അഞ്ചുവയസ്സുകാരൻ ഹുസൈനുമായിരുന്നു അന്ന് അക്രമികളിൽ നിന്ന് ബിൽഖീസിനൊപ്പം രക്ഷപ്പെട്ട രണ്ടുപേർ. നിർണായകമായ മൊഴികൾ നൽകിയും കേസിൽ സഹായിച്ചും സദ്ദാം ബിൽഖീസിനൊപ്പമുണ്ടായിരുന്നു.
ദീർഘമായൊരു പോരാട്ടത്തിന് പിന്നാലെ, കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുകയും ശിക്ഷ സുപ്രിംകോടതി ശരിവയ്ക്കുകയും തനിക്ക് നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്ത ശേഷം 2019ൽ അതേ പ്രസ് ക്ലബിൽ അതേ കസേരയിൽ ഭർത്താവിനൊപ്പമിരുന്ന് ബിൽഖീൽ മാധ്യമങ്ങളെക്കണ്ടു. മുഖത്തെ കരുവാളിപ്പെല്ലാം മാഞ്ഞു പോയിരുന്നു. കണ്ണുകളിലെ വിഷാദം അന്നുണ്ടായിരുന്നില്ല. മാധ്യമങ്ങൾക്ക് മുന്നിൽ അന്നാദ്യമായി ബിൽഖീസ് കണ്ണുകൾ താഴ്ത്തിയില്ല. പ്രതികാരമല്ല, നീതിയാണ് താൻ തേടിയത്. ചോദ്യങ്ങളുമായി നേരിട്ട മാധ്യമപ്രവർത്തകരോട് അന്ന് ബിൽഖീസ് പറഞ്ഞു. ബിൽഖീസിന്റെ കുടുംബത്തെ ക്രൂരമായി ഇല്ലാതാക്കിയ ഈ 11 പേരെയാണ് സ്വാതന്ത്ര്യദിനത്തിൽ സർക്കാർ ജയിൽ മോചിതരാക്കിയിരിക്കുന്നത്. ഈ വാർത്തയറിഞ്ഞ ദിവസം താൻ സാലിഹക്ക് വേണ്ടി വീണ്ടും പ്രാർഥിച്ചുവെന്ന് ബിൽഖീസ് പറഞ്ഞു. കൂടുതലൊന്നും പറയാനില്ല. കണ്ണീരൊഴുക്കിയാണ് ബിൽഖീസ് വാർത്ത കേട്ടതെന്ന് യഅ്ഖൂബ് പറഞ്ഞു. അന്നവളൊന്നും സംസാരിച്ചില്ല. അഞ്ചു മക്കളുമായി ജീവിക്കുകയാണ് തങ്ങൾ. അവരുടെ സുരക്ഷയിൽ ആശങ്കയുണ്ട്. നിയമപോരാട്ടം തുടരണോ വേണ്ടയോ എന്നത് തീരുമാനിച്ചില്ലെന്നാണ് യഅ്ഖൂബിന്റെ വാക്കുകൾ. ബിൽഖീസ് ഇനിയൊരിക്കൽക്കൂടി പോരാട്ടത്തിനിറങ്ങിയാലും ഇല്ലെങ്കിലും നീതിപുലരുകയും പുതുവെളിച്ചം പരക്കുകയും ചെയ്തുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."