മുസ്‌ലിം മതസ്ഥാപനങ്ങളുടെ കണക്കെടുപ്പ് നിർത്തിവച്ചു
കൽപ്പറ്റ • പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ സർക്കുലറിനെ തുടർന്നുള്ള മുസ്‌ലിം മതസ്ഥാപനങ്ങളുടെ കണക്കെടുക്കൽ നിർത്തിവച്ചു. സുപ്രഭാതം വാർത്തയെ തുടർന്ന് സംഭവം വിവാദമായതോടെയാണ് വയനാട് ശിശു സംരക്ഷണ ഓഫിസർ നിലവിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
സർക്കുലറിനെതിരേ വയനാട്ടിൽ സമസ്തയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ശിശുസംരക്ഷണ ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിലാണ് കണക്കെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കാനും വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കത്ത് നൽകാനും ശിശുസംരക്ഷണ ഓഫിസർ തീരുമാനിച്ചത്. വയനാട്ടിൽ പ്രവർത്തിക്കുന്ന മുസ് ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരം ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അസി. ഡയറക്ടറോട് ജില്ലാ ശിശുസംരക്ഷണ ഓഫിസർ ഈമാസം പത്തിന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് ഡയറക്ടർ 19ന് വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന് കാണിച്ച് പഞ്ചായത്തുകൾക്ക് കത്ത് നൽകിയത്.
അതേസമയം, ആറുമാസം മുമ്പ് ലഭിച്ച ഒരു പരാതിയിലെ പ്രാഥമിക അന്വേഷണ നടപടി എന്ന നിലയിലാണ് സ്ഥാപനങ്ങളുടെ കണക്കെടുക്കാനുള്ള നിർദേശം ശിശു സംരക്ഷണ ഓഫിസർക്ക് നൽകിയതെന്ന് ബാലാവകാശ കമ്മിഷൻ പറഞ്ഞു. നിർദേശത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ പി.ആർ.ഒ സുപ്രഭാതത്തോട് പറഞ്ഞു.
ഒരു മതവിഭാഗത്തെ ലക്ഷ്യംവച്ചിറക്കിയ ഈ അസാധാരണ സർക്കുലർ വ്യാപക പ്രതിഷേധങ്ങൾക്കാണ് ഇടവരുത്തിയത്. വരുംദിവസങ്ങളിലും തുടർ നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ നീക്കമെങ്കിൽ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് സംഘടനകൾ നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."