ബി.ജെ.പിക്ക് കോടികളുടെ ബോണ്ട് നൽകിയ കമ്പനിക്ക് അടുത്ത മാസം ലഭിച്ചത് വമ്പൻ പദ്ധതി; കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്ത കമ്പനി നൽകിയത് 55 കോടി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ ബി.ജെ.പി നടത്തിയ കൂടുതൽ വഴിവിട്ട ബന്ധങ്ങൾ പുറത്ത്. ഇലക്ടറൽ ബോണ്ട് വാങ്ങിയതിന് പിന്നാലെ മേഘ എൻജിനീയറിങ് കമ്പനിക്ക് തൊട്ടടുത്ത മാസം നൽകിയത് വമ്പൻ പദ്ധതിക്കുള്ള അനുമതി. ഇത്തരത്തിൽ പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതിയോടനുബന്ധിച്ച് മേഘ എൻജിനീയറിങ് വാങ്ങിക്കൂട്ടിയത് കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകൾ. ജമ്മു കശ്മീരിലെ സോജില പാസ് ഉൾപ്പെടെയുള്ളവയുടെ കോൺട്രാക്ടുകളും ഇതിലുൾപ്പെടുന്നു. ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ കമ്പനിയാണ് മേഘ എഞ്ചിനീയറിങ്.
2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കമ്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിക്ക് അനുമതി ലഭിച്ചു. മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കമ്പനി വാങ്ങിയത്. ബിജെപിക്ക് മാത്രം ഇത്തരത്തിൽ 585 കോടിയുടെ സംഭാവനയാണ് മേഘ എൻജിനീയറിങ് കമ്പനി നൽകിയത്. എല്ലാം വിവിധ പദ്ധതികളോട് അനുബന്ധിച്ചാണ്.
ഇതിനുപുറമെ, ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്ന സിൽക്യാര തുരങ്കം നിർമിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എൻജിനിയറിങ് കമ്പനി ലിമിറ്റഡ് (എൻ.ഇ.സി) ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി 55 കോടി സംഭാവന നൽകിയതായും തെളിവുകൾ പുറത്തുവന്നു. 2018 ഒക്‌ടോബർ 26ന് 20 അംഗ ഇൻകം ടാക്‌സ് സംഘം നവയുഗ ഓഫിസ് റെയ്ഡ് ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ഇൻകം ടാക്‌സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ 2019 ഏപ്രിലിനും 2022 ഒക്‌ടോബറിനും ഇടയിലായി ഒരു കോടി വിലവരുന്ന 55 ഇലക്ടറൽ ബോണ്ടുകൾ എൻ.ഇ.സി വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."